: ക്രിക്കറ്റിലെ പ്രധാനശക്തികളായ ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും ടെസ്റ്റിലും പരിമിത ഓവർ ക്രിക്കറ്റിലും വെവ്വേറെ ക്യാപ്റ്റന്മാരെ നിയോഗിച്ചിട്ട് കാലമേറെയായി. ഇന്ത്യയിൽ വിരാട് കോലി ടെസ്റ്റിലും എം.എസ്. ധോനി ഏകദിന, ട്വന്റി 20 ടീമുകളുടെയും നായകനായി കുറച്ചുകാലം ഉണ്ടായിരുന്നെങ്കിലും പിന്നീട് മൂന്നുഫോർമാറ്റിലെയും നായകപദവി വിരാട് കോലിയെ തേടിയെത്തി. കളിക്കാരനെന്നനിലയിൽ ചോദ്യംചെയ്യപ്പെടാനാകാത്തവിധം ഉയരത്തിലായിരുന്നു അന്ന് കോലി.

കഴിഞ്ഞ 54 ഇന്നിങ്‌സുകളിലായി കോലിക്ക് സെഞ്ചുറിയില്ല. ടെസ്റ്റിലും പരിമിത ഓവറിലും വെവ്വേറെ ക്യാപ്റ്റന്മാർ എന്ന ആവശ്യം ഇക്കാലത്ത് വീണ്ടും ഉയർന്നു. ലോകത്തെ മുൻനിരബാറ്റ്‌സ്‌മാൻ എന്ന പദവിക്ക് ഇളക്കംതട്ടിയിട്ടില്ലെങ്കിലും ബാറ്റിങ്ങിൽ കൂടുതൽ ശ്രദ്ധിക്കണമെന്ന് കോലിക്കും തോന്നിയിട്ടുണ്ടാകണം.

നായകപദവി ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചത് ലോകകപ്പിന് തൊട്ടുമുമ്പാണെന്നത് ശ്രദ്ധേയം. ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഉപദേശകനായി മുൻ നായകൻ എം.എസ്. ധോനിയെ ഈയിടെ കൊണ്ടുവന്നിരുന്നു.

പരിമിത ഓവറിൽ ഏറെക്കാലമായി വൈസ് ക്യാപ്റ്റനായ രോഹിത് ശർമ, കോലിയുടെ പിൻഗാമിയായി ട്വന്റി 20 നായകനാകുമെന്ന് കരുതുന്നു. ഐ.പി.എലിൽ മുംബൈ ഇന്ത്യൻസിനെ അഞ്ചുവട്ടം കിരീടത്തിലേക്ക് നയിച്ച രോഹിതിനെ ട്വന്റി 20 നായകനാക്കണമെന്ന ആവശ്യം നേരത്തേയുണ്ട്. വിരാട് നായകനായിരിക്കെ, അദ്ദേഹത്തിന്റെ അഭാവത്തിൽ രോഹിത് 19 മത്സരങ്ങളിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്.

: