ഹാനോയ്: വിയറ്റ്‌നാമിൽ ഫുട്‌ബോൾ മത്സരം പുനരാരംഭിച്ചത് ആഘോഷമാക്കി കാണികൾ. സാമൂഹികാകലം പാലിക്കേണ്ടതുൾപ്പെടെയുള്ള ചട്ടങ്ങൾ കാറ്റിൽ പറത്തി മുപ്പതിനായിരത്തോളം കാണികൾ ഒരുമിച്ചിരുന്നു കളി കണ്ടു. അതും ഭൂരിഭാഗവും മുഖാവരണംപോലും ധരിക്കാതെ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിയറ്റ്‌നാം ലീഗിൽ കളി പുനരാരംഭിച്ചത്. കോവിഡ്-19 ഭീതികാരണം മാർച്ച് മുതൽ കളികൾ നടന്നിരുന്നില്ല. നാംദിൻ എഫ്.സി.യും വെയ്റ്റൽ ക്ലബ്ബും തമ്മിലുള്ള കളിക്കാണ് കാണികൾ ഇരച്ചു കയറിയത്. നാം ദിൻ ടീമിന്റെ ഹോം മത്സരമായിരുന്നു ഇത്.

മെഡിക്കൽ സുരക്ഷ ചട്ടപ്രകാരം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചത്. അണുനാശിനിയും താപനില പരിശോധിക്കാനുള്ള ഉപകരണവും സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്നു. മുഖാവരണം നിർബന്ധവുമാക്കിയിരുന്നു. എന്നാൽ ചട്ടങ്ങളെല്ലാം കടലാസിൽ മാത്രമായി. ‘‘കോവിഡിനെ ഭയമുണ്ടെങ്കിൽ കളി കാണാൻ വരുമോ’’ -എന്നാണ് വെയ്റ്റൽ ക്ലബ്ബ് ആരാധകൻ ഇതേക്കുറിച്ച് പ്രതികരിച്ചത്.