മഡ്രിഡ്: കടുത്ത പോരാട്ടത്തിൽ ഗറ്റാഫെയെ മറികടന്ന് റയൽ മഡ്രിഡ് സ്പാനിഷ് ലാലിഗ ഫുട്‌ബോൾ കിരീടപ്രതീക്ഷ സജീവമാക്കി. നായകൻ സെർജി റാമോസിന്റെ പെനാൽട്ടി (79) ഗോളിലായിരുന്നു ജയം. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സലോണയെക്കാൾ നാല് പോയന്റ് ലീഡ് നേടാനുമായി.
ഡാനി കർവ്ജാലിനെ ഗറ്റാഫെ താരം മത്തിയാസ് ഒലിവേര വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടിയാണ് റാമോസ് വലയിലാക്കിയത്. തുടർച്ചയായി 21 പെനാൽട്ടികൾ ഇതോടെ റാമോസ് ലക്ഷ്യത്തിലെത്തിച്ചു. റയലിനെതിരേ മികച്ച ചെറുത്തുനിൽപ്പാണ് ഗറ്റാഫെ നടത്തിയത്. 10 പേരാണ് ഇരുടീമുകളിലുമായി മഞ്ഞക്കാർഡ് കണ്ടത്.
33 കളിയിൽനിന്ന് റയലിന് 74 പോയന്റായി. 70 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്. ഇനി അഞ്ച് മത്സരമാണ് ബാക്കിയുള്ളത്. ഇരുടീമുകൾക്കും ഇനി വലിയ എതിരാളികളില്ല. 59 പോയന്റുമായി അത്‌ലറ്റിക്കോ മഡ്രിഡാണ് മൂന്നാം സ്ഥാനത്ത്.
ഹസാർഡിനെക്കൂടാതെ ഇറങ്ങിയ റയലിന് തുണയായത് റാമോസിന്റെ തകർപ്പൻ പ്രകടനമാണ്. മധ്യനിര മങ്ങിയത് ടീമിന് തിരിച്ചടിയായി. എന്നാൽ കളിയിൽ ആധിപത്യം നേടാൻ റയലിനായി. മറുവശത്ത് ഗറ്റാഫെ പ്രതിരോധത്തിലൂന്നിയാണ് കളിച്ചത്.
Content Highlights: Real Madrid troll Barcelona about four-point lead