കാൺപുർ: പുറത്താക്കാൻ ഇന്ത്യൻ ബൗളർമാർ ശ്രമിച്ചുകൊണ്ടേയിരുന്നു, പിടിച്ചുനിൽക്കാൻ ന്യൂസീലൻഡ് ബാറ്റ്‌സ്മാൻമാരും. ബാറ്റിങ്ങും ബൗളിങ്ങും തമ്മിലുള്ള ഉജ്ജ്വല പോരാട്ടത്തിനൊടുവിൽ കിവീസ് ബാറ്റ്‌സ്മാന്മാരുടെ ക്ഷമ വിജയിച്ചു. ഇന്ത്യക്കെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസീലൻഡിന് അവിശ്വസനീയ സമനില. സ്കോർ: ഇന്ത്യ 345, ഏഴിന് 234 ഡിക്ല. ന്യൂസീലൻഡ് 296, ഒമ്പതിന് 165.

സ്പിന്നർമാർക്ക് നല്ല ടേണും അപ്രതീക്ഷിത ലോ ബൗൺസും ലഭിക്കുന്ന പിച്ചിൽ ഒമ്പതാം വിക്കറ്റിൽ 52 പന്തുകൾ നേരിട്ട രചിൻ രവീന്ദ്ര-അജാസ് പട്ടേൽ‌ സഖ്യമാണ് ഇന്ത്യയുടെ വിജയം തടഞ്ഞത്. 12 മിനിറ്റ് കൂടി കളിക്കാമായിരുന്നെങ്കിലും വെളിച്ചം കുറവാണെന്ന് അമ്പയർ പറഞ്ഞതോടെ നാടകീയമായി കളി സമനിലയിൽ പിരഞ്ഞു.

രചിൻ രവീന്ദ്രയും (91 പന്തിൽ 18*), അജാസും (23 പന്തിൽ 2*) ചേർന്നാണ് ജയം തടഞ്ഞതെങ്കിലും നൈറ്റ് വാച്ച്മാനായി എത്തി 110 പന്തുകൾ നേരിട്ട വില്യം സോമർവിൽ (36 റൺസ്), 146 പന്ത് നേരിട്ട ഓപ്പണർ ടോം ലാഥം (52), 112 പന്ത് നേരിട്ട ക്യാപ്റ്റൻ കെയ്ൻ വില്യംസൺ (36), റോയ് ടെയ്‌ലർ (24 പന്തിൽ 2) ടോം ബൻഡൽ (38 പന്തിൽ 2), കൈൽ ജാമിസൺ (30 പന്തിൽ 5) എന്നിവർ‌ക്കെല്ലാം ഈ സമനിലയിൽ വലിയ പങ്കുണ്ട്.

തിങ്കളാഴ്ച ആദ്യ സെഷനിലെ 31 ഒാവർ മുഴുവൻ വിക്കറ്റ് നഷ്ടമില്ലാതെ കാത്ത ടോം ലാതം-സോമർവിൽ സഖ്യമാണ് അതിന് തുടക്കമിട്ടത്.

ഇന്ത്യയ്ക്കുവേണ്ടി രവീന്ദ്ര ജഡേജ 40 റൺസിന് നാലു വിക്കറ്റും ആർ. അശ്വിൻ 35 റൺസിന് മൂന്നു വിക്കറ്റും നേടി. അക്‌സർ പട്ടേൽ, ഉമേഷ് യാദവ് എന്നിവർ ഓരോ വിക്കറ്റ് നേടി.

ഒരു വിക്കറ്റിന് നാലുറൺസ് എന്ന നിലയിൽ തിങ്കളാഴ്ച ബാറ്റിങ് തുടങ്ങിയ ന്യൂസീലൻഡ് അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. ആദ്യ സെഷനിൽ വിക്കറ്റ് കിട്ടാതായതോടെ ഇന്ത്യൻ ബൗളർമാർ അസ്വസ്ഥരായി. എന്നാൽ, ഉച്ചഭക്ഷണത്തിനുശേഷം എറിഞ്ഞ ആദ്യ പന്തിൽ സോമർവിലിനെ ഉമേഷ് യാദവ് പുറത്താക്കി. അതോടെ ഇന്ത്യ ഉണർന്നു. പിന്നീടെല്ലാം വേഗത്തിലായിരുന്നു. ചായയ്ക്ക് പിരിയുമ്പോൾ നാലിന് 125 എന്ന നിലയിലായി കിവീസ്. അവസാന സെഷനിലെ 31.5 ഓവറിൽ ഇന്ത്യയ്ക്ക് ആറു വിക്കറ്റ് വേണ്ടിയിരിക്കേ, രണ്ടാം ഓവറിൽ ഹെൻറി നിക്കോൾസിനെ (1) അക്‌സർ പട്ടേൽ ക്ലീൻ ബൗൾഡാക്കി. തുടർന്ന് 25 ഓവറിനിടെ കെയ്ൻ വില്യംസൺ, ടോം ബ്ലൻഡൽ, ജാമിസൺ, ടിം സൗത്തി (4) എന്നിവരെയും മടക്കിയതോടെ ഇന്ത്യ ജയം മണത്തു. പക്ഷേ, 52 പന്തുകൾ എറിഞ്ഞിട്ടും അവസാന വിക്കറ്റ് പൊളിക്കാനായില്ല.

ആദ്യ ടെസ്റ്റിനിറങ്ങി, ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സിൽ അർധസെഞ്ചുറിയും നേടിയ ഇന്ത്യയുടെ ശ്രേയസ് അയ്യർ ടെസ്റ്റിലെ താരമായി. രണ്ടാം ടെസ്റ്റ് ഡിസംബർ മൂന്നുമുതൽ മുംബൈയിൽ.