ജക്കാർത്ത: ഇൻഡൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലിൽ. ശനിയാഴ്ച സെമിയിൽ ചൈനയുടെ ചെൻ യൂ ഫെയിയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-19, 21-10) തോൽപ്പിച്ചാണ് ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയാണ് 24-കാരിക്ക് എതിരാളി.

ആദ്യ ഗെയിമിൽ സിന്ധുവിന്റെ വൻതിരിച്ചുവരവിനാണ് സാക്ഷ്യംവഹിച്ചത്. ഗെയിമിന്റെ തുടക്കത്തിൽതന്നെ മൂന്നാം റാങ്കുകാരി സിന്ധുവിനെതിരേ ലീഡെടുത്തു. ക്രമേണ സിന്ധു താളം കണ്ടെത്തി. യൂ ഫെയിയുടെ പോയന്റ് പത്തിൽ നിൽക്കെ സിന്ധു ഒപ്പംപിടിച്ചു. എന്നാൽ, ചൈനീസ് താരം വീണ്ടും ലിഡെടുത്തു (18-14). സിന്ധു വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. തുടരെ അഞ്ചുപോയന്റെടുത്ത് ഇന്ത്യൻ താരം ലീഡ് പിടിച്ചു (19-18). യൂ ഫെയി ഒപ്പംപിടിച്ചെങ്കിലും രണ്ടുപോയന്റ് തുടരെ നേടി സിന്ധു ആദ്യഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമിൽ സിന്ധുവിന്റെ പ്രകടനത്തിനുമുന്നിൽ യൂ ഫെയിക്ക് പിടിച്ചുനിൽക്കാനായില്ല. അനായാസം സിന്ധു ഗെയിമും മത്സരവും സ്വന്തമാക്കി. 46 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടുനിന്നത്.

ഈ വർഷത്തെ സിന്ധുവിന്റെ ആദ്യ ഫൈനലാണിത്. 2019-ൽ പങ്കെടുത്ത ആറ് ടൂർണമെന്റുകളിൽ രണ്ടുതവണ സെമിയിലെത്തി. കഴിഞ്ഞ ഡിസംബറിൽനടന്ന വേൾഡ് ടൂർ ഫൈനൽസിലാണ് സിന്ധുവിന്റെ അവസാന കിരീടനേട്ടം.

കരിയറിൽ സിന്ധുവിന്റെ 31-ാം ഫൈനലാണ്. ഇൻഡൊനീഷ്യയിൽ ആദ്യത്തേതും.

ലോക ഒന്നാംനമ്പർ താരം തായ്‌വാന്റെ തായ് സു യിങ്ങിനെ തോൽപ്പിച്ചാണ് യമാഗുച്ചി (21-9, 21-15) ഫൈനലിലെത്തിയത്. നിലവിൽ ലോകറാങ്കിങ്ങിൽ നാലാം സ്ഥാനത്താണ് യമാഗുച്ചി.