ന്യൂഡൽഹി: രണ്ടുതവണ ഒളിമ്പിക് മെഡൽ ജേതാവായ ഇന്ത്യൻ ഗുസ്തിതാരം സുശീൽകുമാർ കൊലപാതകക്കേസിൽ ഒളിവിൽ. ബുധനാഴ്ച രാത്രി ഡൽഹിയിലെ ഛത്രസാൽ സ്റ്റേഡിയത്തിൽ നടന്ന അടിപിടിക്കിടെ, മുൻ ദേശീയ ജൂനിയർ ചാമ്പ്യനായ സാഗർ കുമാർ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ സുശീൽകുമാറിന് ബന്ധമുണ്ടെന്ന് ആരോപണമുയർന്നതോടെ അദ്ദേഹം ഒളിവിൽപ്പോവുകയായിരുന്നു. സുശീലിനുവേണ്ടി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിങ് ഗ്രൗണ്ടിൽ സുശീൽകുമാർ, സാഗർകുമാർ എന്നിവർക്കൊപ്പം അജയ്, പ്രിൻസ്, സോനു, അമിത് എന്നിവരാണ് സംഘർഷത്തിലേർപ്പെട്ടത്. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

ഇവിടെനിന്ന് വാഹനങ്ങളും ഒരു തോക്കും പോലീസ് പിടിച്ചെടുത്തു.

ഡൽഹിയിലെ നജഫ്ഗഢ് സ്വദേശിയായ സുശീൽകുമാർ, 2008 ബെയ്ജിങ് ഒളിമ്പിക്സിൽ വെങ്കലവും 2021 ലണ്ടൻ ഗെയിംസിൽ വെള്ളിയും നേടിയിരുന്നു. ഒളിമ്പിക്സിൽ വ്യക്തിഗത ഇനത്തിൽ രണ്ടു മെഡൽ നേടിയ ഏക ഇന്ത്യക്കാരനാണ്‌.