പാലാ: ''എനിക്ക് പോലീസായാല്‍ മതി''

ട്രാക്കില്‍ എതിരാളികളെ പിന്നിലാക്കി ഫിനിഷ് ചെയ്ത കണ്ണന്‍ എന്ന ആദിവാസിപ്പയ്യന്‍ ആദ്യസ്വര്‍ണം നേടിയ സന്തോഷത്തിലായിരുന്നു. 400 മീറ്റര്‍ സബ് ജൂനിയര്‍ വിഭാഗത്തിലാണ് കണ്ണന്റെ നേട്ടം.

വയനാട് പടിഞ്ഞാറേത്തറ കേയാട്ടുകുന്നേല്‍ ബാലന്റെയും ശാന്തയുടെയും മകനാണ് കെ.ബി. കണ്ണന്‍. പക്ഷേ, മത്സരിക്കുന്നത് തിരുവനന്തപുരം ജില്ലയ്ക്കുവേണ്ടിയാണ്. വയനാട്ടില്‍ പുതുശ്ശേരിക്കടവ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. നാലാം ക്ലാസില്‍ തിരുവനന്തപുരം വെള്ളായണി അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ സ്‌കൂളിലെത്തി. ഇപ്പോള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി.

അച്ഛനും അമ്മയും കൂലിപ്പണിക്കാരാണ്. കഴിഞ്ഞവര്‍ഷം സംസ്ഥാനമീറ്റില്‍ 600 മീറ്ററില്‍ മൂന്നാംസ്ഥാനം നേടിയിരുന്നു. ഇത്തവണയും 600 മീറ്ററില്‍ മത്സരിക്കുന്നുണ്ട്. വെള്ളായണി അയ്യങ്കാളി സ്‌പോര്‍ട്‌സ് ഹോസ്റ്റലിലാണ് താമസിച്ചുപഠിക്കുന്നത്.