കൊച്ചി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരം ഇതുവരെ നേടിയത് രണ്ടു ‘ശ്രീമതി’കളാണ്. കെ.എം. ബീനാമോളും അഞ്ജു ബി. ജോർജും. ചരിത്രത്തിലാദ്യമായി കേരളത്തിൽ നിന്നൊരു ‘ശ്രീമാൻ’ ഖേൽരത്നയുടെ തിളക്കത്തിലെത്തുമ്പോൾ ആ പേരിലും ശ്രീയുണ്ട്... കേരളത്തിന്റെ അഭിമാനമായ ഹോക്കി താരം ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്. ലോകകപ്പും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയും ലക്ഷ്യമിട്ട് ബെംഗളൂരുവിലെ ഇന്ത്യൻ ക്യാമ്പിൽ കഠിന പരിശീലനം നടത്തുന്നതിനിടെയാണ് ബുധനാഴ്ച ഖേൽരത്ന വാർത്ത ശ്രീജേഷിനെ തേടിയെത്തിയത്. ‘‘രാജ്യം തരുന്ന പരമോന്നത കായിക ബഹുമതിയിൽ അങ്ങേയറ്റം അഭിമാനം, സന്തോഷം.’’ -ശ്രീജേഷ് പ്രതികരിച്ചു.

‘‘2002-ൽ ബീന ചേച്ചി ഖേൽരത്ന സ്വീകരിക്കാൻ ഡൽഹിയിൽ വന്നത് ഓർമയിലുണ്ട്. അന്നു ഞാൻ ജൂനിയർ ഇന്ത്യൻ ടീമിന്റെ ക്യാമ്പിൽ പങ്കെടുക്കുകയായിരുന്നു.’’ ടോക്യോ ഒളിമ്പിക്സിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ താരങ്ങൾക്ക്‌ അർജുന അവാർഡ് ശുപാർശ ലഭിച്ചതിലും ശ്രീജേഷിനു അതിയായ സന്തോഷമുണ്ട്. ‘‘എന്റെ വ്യക്തിപരമായ നേട്ടമല്ല ഇത്. ഹോക്കിയിലൂടെ രാജ്യം നേടിയ വലിയ നേട്ടങ്ങൾക്കുള്ള അംഗീകാരമാണ്. ഒരുമിച്ചു പൊരുതിയ ഒരു ടീമാണ് ഒളിമ്പിക്സിൽ വെങ്കലം നേടിയത്. അതിൽ ഞാനും ഒരു ഭാഗമായിരുന്നെന്നു മാത്രം.’’ -ശ്രീജേഷ് പറഞ്ഞു.

ധാക്കയിൽ നടക്കുന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയും ഭുവനേശ്വറിൽ നടക്കുന്ന ലോകകപ്പുമാണ് ശ്രീയുടെ അടുത്ത ലക്ഷ്യം. ‘‘ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ മികച്ച ടീമുകളോടാണ് കളിക്കേണ്ടത്. ലോകകപ്പിലും മികച്ച പ്രകടനം ലക്ഷ്യമിടുന്നു.’’ -ശ്രീജേഷ് പറഞ്ഞു.

‘വീടിനടുത്തുള്ള റോഡിന്‌ ഇപ്പോൾ ഒളിമ്പ്യൻ ശ്രീജേഷ് റോഡ് എന്നാണ് പേര്. അതിനോടു ഖേൽരത്ന കൂടി ചേർക്കുമോ?’ എന്ന് ചോദിച്ചപ്പോൾ പൊട്ടിച്ചിരിയോടെ മറുപടിയെത്തി. ‘‘ഒളിമ്പ്യൻ എന്ന പേരിലുള്ള റോഡ് വലിയ അഭിമാനമാണ്. ആ ബോർഡിലേക്കു ഖേൽരത്ന എന്നുകൂടി എഴുതിയാൽ നീളം കൂടി വായിക്കാൻ നാട്ടുകാർ ബുദ്ധിമുട്ടും. തത്‌കാലം ഒളിമ്പ്യൻ റോഡ് തന്നെ മതി.’’