പാരിസ്: ടോപ് സീഡ് നൊവാക് ദ്യോക്കോവിച്ച്, നാലാം സീഡ് റാഫേല്‍ നഡാല്‍, വനിതാ ടോപ് സീഡ് സെറീന വില്യംസ് എന്നിവര്‍ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ മൂന്നാം റൗണ്ടില്‍ കടന്നു. ലിയാന്‍ഡര്‍ പേസും സ്വിസ് താരം മാര്‍ട്ടീന ഹിംഗിസുമടങ്ങുന്ന സഖ്യം മിക്സഡ് ഡബിള്‍സില്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 

ജര്‍മനി-കൊളംബിയ ജോഡിയായ അന്ന ലെന ഗ്രോണ്‍ഫെല്‍ഡ്-റോബര്‍ട്ട് ഫാറയെ 6-4, 6-4ന് തോല്പിച്ചാണ് ഇന്തോ-സ്വിസ് ജോഡി പ്രീക്വാര്‍ട്ടറില്‍ ഇടംകണ്ടത്.

കന്നിക്കിരീടം തേടുന്ന സെര്‍ബിയക്കാരന്‍ ദ്യോക്കോവിച്ച് ബെല്‍ജിയത്തിന്റെ സ്റ്റീവ് ഡാര്‍സിസിനെ രണ്ടാം റൗണ്ടില്‍ തോല്പിച്ചു (7-5, 6-3, 6-4). 11 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കുടമയായ ദ്യോക്കോയ്ക്ക് ഫ്രഞ്ച് ഓപ്പണ്‍ ഇനിയും അന്യമാണ്. റൊളാങ് ഗാരോയിലെ കഴിഞ്ഞ നാലു ഫൈനലുകളില്‍ മൂന്നിലും മാറ്റുരച്ചിട്ടും കപ്പുയര്‍ത്താന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ഇക്കുറി കിരീടം നേടിയാല്‍ നാലു ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടുന്ന ചരിത്രത്തിലെ എട്ടാമത്തെ താരമായിമാറും.

ഡാര്‍സിസിനെതിരായ വിജയം ഫ്രഞ്ച് ഓപ്പണില്‍ ദ്യോക്കോയുടെ 50-ാമത്തെ സിംഗിള്‍സ് വിജയംകൂടിയാണ്. ബ്രിട്ടന്റെ ഐജാസ് ബെഡേനാണ് മൂന്നാംറൗണ്ടില്‍ അദ്ദേഹത്തിന്റെ എതിരാളി.

ഒമ്പതുവട്ടം ഇവിടെ ചാമ്പ്യനായിട്ടുള്ള സ്പാനിഷ് വെറ്ററന്‍ താരം നഡാല്‍ അര്‍ജന്റീനയുടെ ഫസുണ്ടോ ബാഗ്‌നിസിനെ നേരിട്ടുള്ള സെറ്റുകളില്‍ രണ്ടാംറൗണ്ടില്‍ തോല്പിച്ചു (6-3, 6-0, 6-3). നിലവിലെ ചാമ്പ്യനായ അമേരിക്കക്കാരി സെറീന ബ്രസീലിന്റെ ടെലിയാന പെരേരയെ രണ്ടാംറൗണ്ടില്‍ തകര്‍ത്തുവിട്ടു (6-2, 6-1).

ഏഴാം സീഡ് തോമസ് ബെര്‍ഡിഷ്, ഡൊമിനിക് തിയം, ഡേവിജ് ഗോഫിന്‍, റോബര്‍ട്ടോ ബോട്ടിസ്റ്റ, പാബ്ലോ ക്യൂവാസ്, ഏണസ്റ്റ് ഗുല്‍ബിസ്, മാര്‍സെല്‍ ഗ്രാനോളേഴ്സ് എന്നിവരും പുരുഷ വിഭാഗത്തില്‍ മൂന്നാം വട്ടത്തിലെത്തി. വനിതകളില്‍ എട്ടാം സീഡ് ടിമിയ ബാക്സിന്‍സ്‌കി, കാര്‍ല സുവാരസ് നവാരോ, അന്ന ഇവാനോവിച്ച്, ഡൊമിനിക്ക സിബുല്‍ക്കോവ, ഡാരിയ കസ്റ്റാക്കിന, കിക്കി ബെര്‍ട്ടന്‍സ് എന്നിവര്‍ മൂന്നാം റൗണ്ടില്‍ സ്ഥാനമുറപ്പിച്ചിട്ടുണ്ട്. അതേസമയം കാനഡക്കാരി യൂജീന്‍ ബൂച്ചാര്‍ഡും ആന്‍ഡ്രിയ പെറ്റ്കോവിച്ചും രണ്ടാംറൗണ്ടില്‍ തോറ്റു.