ബ്രസൽസ്: സ്വന്തം പേര് സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ബ്രസീലിയൻ ഫുട്‌ബോൾ സൂപ്പർതാരം നെയ്മർക്ക് കോടതിയിൽ വിജയം. നെയ്മർ എന്ന പേരിന്റെ പകർപ്പവകാശം സ്വന്തമാക്കാനുള്ള കാർലോസ് മൊറെയ്‌ര എന്ന ബിസിനസുകാരന്റെ നീക്കമാണ് യൂറോപ്യൻ യൂണിയന്റെ ജനറൽ കോടതി റദ്ദാക്കിയത്. നെയ്മർ എന്ന പേര് രജിസ്റ്റർ ചെയ്യാൻ മൊറെയ്‌ര 2012-ൽ അപേക്ഷ നൽകിയിരുന്നു. ഇതിനെതിരേയാണ് താരം കോടതിയിലെത്തിയത്. മൊറെയ്‌ര ദുരുദ്ദേശ്യത്തോടെയാണ് പേര് സ്വന്തമാക്കാൻ ശ്രമം നടത്തിയതെന്ന് കോടതി വിലയിരുത്തി.
നെയ്മർ എന്ന പേരിൽ വസ്ത്രങ്ങൾ, ചെരുപ്പുകൾ, തൊപ്പികൾ എന്നിവ വിപണിയിലിറക്കാനാണ് മൊറെയ്‌ര ലക്ഷ്യമിട്ടത്. തനിക്ക് ഫുട്‌ബോളിനെ കുറിച്ച് കാര്യമായി ഒന്നും അറിയില്ലെന്നും നെയ്മർ എന്ന കൗതുകമുള്ള പേരിനുവേണ്ടി ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം വാദിച്ചു. താൻ രജിസ്‌ട്രേഷന് അപേക്ഷിക്കുമ്പോൾ നെയ്മർ എന്ന കളിക്കാരനെ കുറിച്ച് അറിയില്ലായിരുന്നുവെന്ന മൊറെയ്‌രയുടെ വാദം കോടതി തള്ളി. 2011-ൽ നെയ്മർ സൗത്ത് അമേരിക്ക ഫുട്‌ബോളർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
യൂറോപ്പിലെ മുൻനിര ക്ലബ്ബുകൾ അദ്ദേഹത്തെ നോട്ടമിടുന്നുമുണ്ടായിരുന്നു. എന്നിട്ടും മൊറെയ്‌ര കണ്ണടച്ചിരിട്ടാക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. നെയ്മർ എന്ന പേരിന് അപേക്ഷ നൽകിയ ദിവസം തന്നെ, ഇകേർ കസീയസ് (സ്പാനിഷ് ഗോൾകീപ്പർ) എന്ന പേരിനായി മൊറെയ്‌ര അപേക്ഷ നൽകിയിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അപ്പോൾ പിന്നെ ലോക ഫുട്‌ബോൾ അറിയില്ല എന്ന് പറയുന്നതിന് ന്യായീകരണമില്ല.