ന്യൂയോര്‍ക്ക്: അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടര്‍ തന്നെയും ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്ന് നാല് ഒളിമ്പിക് സ്വര്‍ണമെഡലുകള്‍ക്ക് ഉടമയായ സിമോണ ബൈല്‍സ്.

കഴിഞ്ഞവര്‍ഷം റിയോയില്‍ നടന്ന ഒളിമ്പിക്‌സില്‍ നാല് സ്വര്‍ണവും ഒരു വെള്ളിയും നേടിയ അമേരിക്കന്‍ ജിംനാസ്റ്റാണ് ബൈല്‍സ്. ദീര്‍ഘകാലം അമേരിക്കന്‍ ജിംനാസ്റ്റിക്‌സ് ടീം ഡോക്ടറായിരുന്ന ലാറി നാസറിനെതിരെയാണ് ആരോപണം.

ചികിത്സയുടെപേരില്‍ നാസര്‍ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് 140-ലേറെ പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. വിവിധ കേസുകളിലായി 60 വര്‍ഷം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണിപ്പോള്‍ ലാറി.

കഴിഞ്ഞദിവസം ട്വിറ്ററിലാണ് സിമോണ ബൈല്‍സ് ചൂഷണവിവരം വെളിപ്പെടുത്തിയത്. ലൈംഗികാതിക്രമങ്ങള്‍ക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി പ്രചരിക്കുന്ന 'മീ റ്റൂ' ഹാഷ് ടാഗിലാണ് ബൈല്‍സിന്റെ കുറിപ്പ്. പല കാരണങ്ങള്‍ കൊണ്ടും നേരത്തേ ഇക്കാര്യം തുറന്നുപറയാനായില്ലെന്നും അത് എന്റെ തെറ്റായിരുന്നില്ലെന്നും 20-കാരിയായ ബൈല്‍സ് എഴുതി.