ന്യൂയോര്‍ക്ക്: ഫിഫ ലോക ഫുട്‌ബോളര്‍ പട്ടം നേടിയ ബ്രസീലിയന്‍ താരം കക്കാ (35) കളിക്കളത്തോട് വിടപറഞ്ഞു. റയല്‍ മഡ്രിഡിന്റെയും എ.സി. മിലാന്റെയും ജേഴ്‌സികളില്‍ തിളങ്ങിയ കക്കാ ഞായാറാഴ്ച രാത്രിയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

ബ്രസീല്‍ ദേശീയ ടീമിനൊപ്പം 2002-ല്‍ ലോകകപ്പും 2005, 2009 വര്‍ഷങ്ങളില്‍ കോണ്‍ഫെഡറേഷന്‍സ് കപ്പും സ്വന്തമാക്കിയിട്ടുണ്ട്. 2007-ല്‍ ബാലണ്‍ദ്യോര്‍ അവാര്‍ഡും ഫിഫ ലോകഫുട്‌ബോളര്‍ പട്ടവും കരസ്ഥമാക്കി. എ.സി. മിലാനൊപ്പം യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ്, സീരി എ കിരീടങ്ങളിലും റയല്‍ മഡ്രിഡിനൊപ്പം ലാലിഗ കിരീടവും നേടിയിട്ടുണ്ട്.

മുന്‍ ക്ലബ്ബായ എ.സി. മിലാന്റെ അണിയറശില്പികളിലൊരാളായി തിരികെയത്തുമെന്ന് കക്കാ സൂചനനല്‍കി. സ്‌പോര്‍ട്ടിങ് ഡയറക്ടര്‍, മാനേജര്‍, അതുമല്ലെങ്കില്‍ മറ്റെന്തെങ്കിലും റോള്‍ വഹിക്കാനും തയ്യാറാണെന്ന് ബ്രസീലിലെ ടി.വി. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

മേജര്‍ ലീഗ് ക്ലബ്ബായ ഒര്‍ലാണ്ടോ സിറ്റിക്കുവേണ്ടിയാണ് ഏറ്റവുമൊടുവില്‍ കളിച്ചത്. കരാര്‍ പുതുക്കില്ലെന്ന് അദ്ദേഹം നേരത്തേ അറിയിച്ചിരുന്നു.