ഹാമിൽട്ടൺ: കളി ഇന്ത്യയുടെ കൈപ്പിടിയിലായി എന്നുതോന്നിച്ച സന്ദർഭങ്ങളിലെല്ലാം ന്യൂസീലൻഡ് തിരിച്ചടിച്ചു. ന്യൂസീലൻഡ് ജയിച്ചു എന്ന് ഉറപ്പിച്ച ഘട്ടത്തിൽ ഇന്ത്യ തിരിച്ചുവന്നു. നിശ്ചിത 20 ഓവർ കഴിഞ്ഞപ്പോൾ ഇരുടീമുകളുടെയും അധ്വാനത്തിന് തുല്യഫലം, മത്സരം ടൈ. എന്നാൽ, സൂപ്പർ ഓവറിൽ രോഹിത് ശർമയുടെ ആത്മവിശ്വാസത്തിനുമുന്നിൽ ന്യൂസീലൻഡിന്റെ പോരാട്ടവീര്യം മുട്ടുകുത്തി.

നിശ്ചിതസമയത്തും സൂപ്പർ ഓവറിലും ആവേശത്തിന്റെ അലയൊലിതീർത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. ട്വന്റി 20 ക്രിക്കറ്റ് ചരിത്രത്തിൽ എന്നും ഓർമിക്കപ്പെടുന്ന മത്സരത്തിൽ സൂപ്പർ ഓവറിൽ അവസാന രണ്ടു പന്തുകളും സിക്സിന് പറത്തിയ രോഹിത് ശർമയാണ് ഇന്ത്യയെ വിജയപീഠത്തിലേക്ക് നയിച്ചത്. ഇതോടെ ന്യൂസീലൻഡിൽ ഇന്ത്യ ആദ്യ ട്വന്റി 20 പരമ്പരയും സ്വന്തമാക്കി (3-0).

സ്കോർ: 20 ഓവറിൽ ഇന്ത്യ അഞ്ചിന് 179, ന്യൂസീലൻഡ് 20 ഓവറിൽ ആറിന് 179. സൂപ്പർ ഓവറിൽ ന്യൂസീലൻഡ് 17 റൺസ്. ഇന്ത്യ 20 റൺസ്.

നിശ്ചിത ഓവറിൽ 40 പന്തിൽ 65 റൺസെടുത്ത് രോഹിത് ഇന്ത്യയുടെ രക്ഷകനായി. വിരാട് കോലിയും (27 പന്തിൽ 38) തിളങ്ങി. ക്യാപ്റ്റൻ കെയ്ൻ വില്യംസണിന്റെ (48 പന്തിൽ 95) ഒറ്റയാൾ പോരാട്ടമാണ് കിവീസിനെ ജയത്തിന്റെ വക്കോളമെത്തിച്ചത്. സൂപ്പർ ഓവറിൽ മൂന്നു പന്തിൽ 11 റൺസെടുത്ത വില്യംസണിന്റെ പോരാട്ടം പാഴായത് കളിയിലെ സങ്കടമായപ്പോൾ രോഹിത് കളിയിലെ താരമായി.

ടോസ് നേടിയ ന്യൂസീലൻഡ് ഫീൽഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയുടെ തുടക്കം സ്ഫോടനാത്മകമായിരുന്നു. ആദ്യ ഓവറിൽ രോഹിത് ശർമയുടെ ഒരു ബൗണ്ടറി മാത്രമായിരുന്നു അക്കൗണ്ടിലെങ്കിലും ആറ് ഒാവർ കഴിഞ്ഞപ്പോൾ ഇന്ത്യ 69. ആറാം ഓവറിൽ രോഹിത് ശർമയുടെ മൂന്നു സിക്സും രണ്ടു ഫോറും അടക്കം ഇന്ത്യ 27 റൺസടിച്ചു. 23 പന്തിൽ 50 തികച്ച രോഹിത് ട്വന്റി 20 പവർ പ്ലേയിൽ അർധശതകം തികച്ച ആദ്യ ഇന്ത്യൻ താരമായി. 19 പന്തിൽ 27 റൺസെടുത്ത് ഒാപ്പണർ കെ.എൽ. രാഹുൽ മടങ്ങിയപ്പോൾ ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ ശിവം ദുബെയെ വൺഡൗണായി ഇറക്കി. സ്കോർ ബോർഡിൽ ആവശ്യത്തിന് റൺസ് എത്തിയതിന്റെ ആത്മവിശ്വാസമായിരുന്നു അത്. എന്നാൽ, ഇവിടെ സ്‌കോറിങ് അത്ര എളുപ്പമല്ലെന്ന് ഉടൻ മനസ്സിലായി. അടുത്തടുത്ത പന്തുകളിൽ രോഹിതും ദുബെയും മടങ്ങിയതോടെ സ്കോറിങ് വേഗം കുറഞ്ഞു. 40 പന്തിൽ ആറു ഫോറും മൂന്നു സിക്സും അടങ്ങിയതാണ് രോഹിതിന്റെ 65 റൺസ്.

അവസാനഘട്ടത്തിൽ മനീഷ് പാണ്ഡെ (6 പന്തിൽ 14), രവീന്ദ്ര ജഡേജ (5 പന്തിൽ 10) എന്നിവരാണ് സ്കോർ 179-ൽ എത്തിച്ചത്.

ലെഗ് സ്പിന്നർ ഇഷ് സോഥി നാല് ഓവറിൽ വഴങ്ങിയത് 23 റൺസ് മാത്രം.

മറുപടി ബാറ്റിങ്ങിൽ, മാർട്ടിൻ ഗപ്ടിലും (21 പന്തിൽ 31) കോളിൻ മൺറോയും (16 പന്തിൽ 14) ചേർന്ന് 5.4 ഓവറിൽ 47 റൺസെടുത്തതോടെ ന്യൂസീലൻഡ് വിജയവഴിയിലായിരുന്നു. പകരക്കാരനായി ഫീൽഡിങ്ങിനിറങ്ങിയ മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ ക്യാച്ചിലാണ് ഗപ്ടിൽ മടങ്ങിയത്.

48 പന്തിൽ എട്ടു ബൗണ്ടറിയും ആറു സിക്‌സും അടങ്ങിയ ഉജ്ജ്വല ഇന്നിങ്‌സുമായി കെയ്ൻ വില്യംസൺ പിന്നാലെവന്നു. ഇന്ത്യൻ ബൗളർമാരിൽ കൂടുതൽ പ്രഹരമേറ്റത് സാധാരണ ഏറ്റവും കുറഞ്ഞ ഇക്കണോമിയിൽ പന്തെറിയുന്ന ജസ്‌പ്രീത് ബുംറയ്ക്കായിരുന്നു. ബുംറയെ വില്യംസൺ തുടർച്ചയായി മൂന്നു ഫോറടിച്ചു. നാല് ഓവറിൽ ബുംറ 45 റൺ വഴങ്ങി.

അതിനാടകീയം അവസാന ഓവർ

സൂപ്പർ ഓവറിനെക്കാൾ ആവേശം ന്യൂസീലൻഡ് ബാറ്റിങ്ങിലെ അവസാന ഓവറിലായിരുന്നു. 180 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിന് അവസാന ഓവറിൽ വേണ്ടത് ഒൻപത് റൺസ്.

മുഹമ്മദ് ഷമിയുടെ ആദ്യപന്തിൽ റോസ് ടെയ്‌ലറുടെ സിക്സർ. രണ്ടാം പന്തിൽ സിംഗിൾ. മൂന്നാം പന്തിൽ കെയ്ൻ വില്യംസൺ (95) കീപ്പർക്ക് ക്യാച്ചുനൽകി.

നാലാം പന്തിൽ ടിം സീഫെർട്ടിന് റൺ എടുക്കാനായില്ല. അഞ്ചാം പന്തിൽ സീഫെർട്ടിന്റെ ബാറ്റിൽ തട്ടിയില്ലെങ്കിലും ഒാടി. സ്റ്റമ്പ് ലക്ഷ്യമാക്കി കീപ്പർ രാഹുൽ എറിഞ്ഞെങ്കിലും കൊണ്ടില്ല. കിവീസിന് സിംഗിൾ കിട്ടി. ആറാം പന്തിൽ, ജയിക്കാൻ ഒരു റൺ മാത്രം വേണ്ടിയിരിക്കെ റോസ് ടെയ്‌ലർ ക്ലീൻ ബൗൾഡ്!

അവസാന അഞ്ചുപന്തിൽ മൂന്നു റൺസ് എടുക്കാനാകാതെ ന്യൂസീലൻഡ് കളി കൈവിട്ടു.

Content Highlights: new zealand india t20