വെല്ലിങ്ടൺ: ഐ.സി.സി. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ വിജയയാത്രയ്ക്ക് ന്യൂസീലൻഡിന്റെ ചെക്ക്. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ കിവീസ് ഇന്ത്യയെ 10 വിക്കറ്റിന് തോൽപ്പിച്ചു. ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏഴു മത്സരങ്ങൾ തുടർച്ചയായി ജയിച്ചശേഷമാണ് കോലിയുടെ സംഘം തോൽവിവഴങ്ങുന്നത്. സ്കോർ: ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 165, രണ്ടാം ഇന്നിങ്‌സ് 191. ന്യൂസീലൻഡ് 348, വിക്കറ്റ് നഷ്ടമില്ലാതെ 9. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസീലൻഡിന്റെ നൂറാം വിജയമാണിത്. 441 മത്സരങ്ങളിൽനിന്നാണ് 100 വിജയം തികച്ചത്.

നാലിന് 144 എന്നനിലയിൽ തിങ്കളാഴ്ച ബാറ്റിങ് തുടർന്ന ഇന്ത്യയ്ക്ക് പ്രതീക്ഷ നിലനിർത്താൻ വലിയൊരു ബാറ്റിങ് പ്രകടനം വേണമായിരുന്നു. ന്യൂസീലൻഡ് പേസർമാരായ ടിം സൗത്തിയും ട്രെന്റ് ബോൾട്ടും അതിനുള്ള അവസരം നൽകിയില്ല. 47 റൺസ് ചേർക്കുന്നതിനിടെ, ശേഷിച്ച ആറുവിക്കറ്റുകൾ നഷ്ടമായി. ആദ്യ ഇന്നിങ്‌സിൽ നാലും രണ്ടാം ഇന്നിങ്‌സിൽ അഞ്ചും വിക്കറ്റെടുത്ത ടിം സൗത്തി ടെസ്റ്റിലെ താരമായി. ട്രെന്റ് ബോൾട്ട് രണ്ടാം ഇന്നിങ്‌സിൽ നാലുവിക്കറ്റെടുത്തു.

രണ്ടാം ടെസ്റ്റ് ഫെബ്രുവരി 29 മുതൽ ക്രൈസ്റ്റ് ചർച്ചിൽ.

തോൽവി സമഗ്രം

കളിയുടെ എല്ലാ മേഖലയിലും ഇന്ത്യയെ പിന്നിലാക്കിയാണ് ന്യൂസീലൻഡ് ജയം പിടിച്ചെടുത്തത്. ടെസ്റ്റ് പരമ്പരയിൽ നേരത്തേ കളിച്ച ഏഴു മത്സരങ്ങളിൽ ജയിച്ച് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയന്റ് പട്ടികയിൽ മുന്നിലാണെന്ന കണക്കും ലോക ഒന്നാംനമ്പറാണെന്ന പെരുമയും ഇവിടെ രക്ഷയ്ക്കെത്തിയില്ല. ടോസ് നഷ്ടപ്പെട്ടതുമുതൽ ഇന്ത്യയുടെ പതനം തുടങ്ങി. പരിചയസമ്പന്നരായ ശിഖർ ധവാൻ, രോഹിത് ശർമ എന്നിവർ പരിക്കിലായതിനാൽ മായങ്ക് അഗർവാൾ-പൃഥ്വി ഷാ എന്നിവരെ ഓപ്പണറാക്കിയതുമുതൽ ഇന്ത്യയ്ക്ക് പിഴച്ചു. ന്യൂസീലൻഡിന്റെ മികച്ച ബൗളർമാരെ നേരിടുന്നത് ഇന്ത്യൻ മണ്ണിൽ കളിക്കുന്നതുപോലെ എളുപ്പമായിരുന്നില്ല.

ബൗളർമാരുടെയും പിടി അയഞ്ഞപ്പോൾ ന്യൂസീലൻഡ് ഒന്നാം ഇന്നിങ്‌സിൽ അപ്രതീക്ഷിത ടോട്ടലിലെത്തി. അവസാന മൂന്ന് വിക്കറ്റുകളിൽ ന്യൂസീലൻഡ് 123 റൺസ് കൂട്ടിച്ചേർത്തത് ഇന്ത്യൻ ബൗളിങ്ങിന്റെ ദൗർബല്യം തുറന്നുകാട്ടി.

എല്ലാം പെട്ടെന്ന്

തലേന്നത്തെ സ്കോറിനോട് നാലു റൺസ് മാത്രം ചേർത്തപ്പോൾ അജിൻക്യ രഹാനെയുടെ (29) വിക്കറ്റാണ് തിങ്കളാഴ്ച ആദ്യം നഷ്ടമായത്. ബോൾട്ടിന്റെ പന്തിൽ വിക്കറ്റ് കീപ്പർ വാൾട്ടിങ് ക്യാച്ചെടുക്കുകയായിരുന്നു.

അതേ സ്കോറിൽ ഹനുമ വിഹാരിയും (15) മടങ്ങിയതോടെ നാലിന് 144 എന്നനിലയിൽനിന്ന് ആറിന് 148 ആയി. വിഹാരിയെ ടിം സൗത്തി ക്ലീൻ ബൗൾ ചെയ്തു. അപ്പോഴും ന്യൂസീലൻഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്കോറിനേക്കാൾ 35 റൺസ് പിറകിലായിരുന്നു ഇന്ത്യ. ഇന്നിങ്‌സ് തോൽവി ഒഴിവാക്കാൻ പിന്നെ 35 റൺസ് വേണം.

ഋഷഭ് പന്ത് (25), ആർ. അശ്വിൻ (4), ഇഷാന്ത് ശർമ (12), മുഹമ്മദ് ഷമി (2*), ബുംറ (0) എന്നിവർ ഇന്നിങ്‌സ് തോൽവിയിൽനിന്ന് രക്ഷിച്ചു. ലീഡ് എട്ട് റൺസ് മാത്രം. ടോം ലാതം (7*), ടോം ബ്ലൻഡൽ (2*) എന്നിവർ ചേർന്ന് കിവീസിന് 10 വിക്കറ്റ് ജയം സമ്മാനിച്ചു.

Content Highlight: New Zealand beat India by 10 wickets