റാവൽപിണ്ടി: പാകിസ്താനെതിരായ ഏകദിന ക്രിക്കറ്റ് തുടങ്ങാൻ മണിക്കൂറുകൾമാത്രം ബാക്കിനിൽക്കേ, സുരക്ഷാ ഭീഷണിയെത്തുടർന്ന് ന്യൂസീലൻഡ് ടീം മത്സരത്തിൽനിന്ന് പിൻമാറി. വെള്ളിയാഴ്ച റാവൽപിണ്ടിയിലാണ് മത്സരം നടക്കേണ്ടിയിരുന്നത്. ഇരു ടീമുകളും ഹോട്ടലിൽ ഉണ്ടായിരുന്നു. എന്നാൽ താരങ്ങൾക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന ന്യൂസീലൻഡ് സർക്കാർ മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് മത്സരത്തിനില്ലെന്ന് ടീം അറിയിച്ചു.

18 വർഷത്തിനുശേഷമാണ് ന്യൂസീലൻഡ് ടീം പാകിസ്താനിൽ കളിക്കാനെത്തിയത്. പരമ്പരയിൽ മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി 20 മത്സരവും നിശ്ചയിച്ചിരുന്നു.

ഇതേത്തുടർന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീൻഡ ആർഡേനെ വിളിച്ച് സുരക്ഷ ഉറപ്പുനൽകിയെങ്കിലും തീരുമാനത്തിൽ മാറ്റമുണ്ടായില്ല. താരങ്ങളെ നാട്ടിൽ തിരിച്ചെത്തിക്കാൻ ശ്രമം തുടങ്ങിയെന്ന് ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

2009-ൽ പാകിസ്താനിൽ കളിക്കാനെത്തിയ ശ്രീലങ്കൻ ടീമിനെതിരേ തീവ്രവാദി ആക്രമണം നടന്നശേഷം ഏറെക്കാലം മറ്റു ടീമുകൾ ഇവിടെ കളിക്കാൻ വരാറില്ല. ഈയടുത്തകാലത്താണ് സ്ഥിതി മാറിയത്. അതിനിടെ ന്യൂസീലൻഡിന്റെ പിന്മാറ്റം പാക് ക്രിക്കറ്റ് ബോർഡിനെ പ്രതിസന്ധിയിലാക്കും.

2009-ൽ ആക്രമണത്തിനിരയായ ശ്രീലങ്കൻ ടീമംഗം തിലൻ സമരവീര ബാറ്റിങ് കോച്ചായി ഇപ്പോൾ ന്യൂസീലൻഡ് ടീമിനൊപ്പമുണ്ട്.

മൂന്ന് ഏകദിനങ്ങൾ റാവൽപിണ്ടിയിലും അഞ്ച് ട്വന്റി 20 മത്സരങ്ങൾ ലഹോറിലുമാണ് നിശ്ചയിച്ചിരുന്നത്‌. ഇതിനു മുന്നോടിയായി ന്യൂസീലൻഡ് ക്രിക്കറ്റ് ബോർഡ് അധികൃതർ പാകിസ്താനിലെത്തി സുരക്ഷ വിലയിരുത്തിയ ശേഷമാണ് പരമ്പര നിശ്ചയിച്ചത്. എന്നാൽ പെട്ടെന്നുള്ള പിന്മാറ്റം ക്രിക്കറ്റ് ആരാധകരെ നിരാശപ്പെടുത്തിയെന്ന് പാക് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.