പാലക്കാട്: ഉയരക്കുറവുമൂലം കേരളം അവഗണിച്ച പാലക്കാട്ടുകാരന്‍ അഭിലാഷ് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ തമിഴ്‌നാടിനായി കളിക്കും. ഒത്താല്‍ രണ്ടാംറൗണ്ടില്‍ കേരളത്തെയും നേരിടും.

മൂലങ്കോട് മണ്ണൂര്‍വീട്ടില്‍ എന്‍.കെ. അപ്പുണ്ണിയുടെയും ചന്ദ്രികയുടെയും മകനാണ് എം.എ. അഭിലാഷ്. സ്‌കൂള്‍ പഠനകാലത്ത് കേരളത്തിനുവേണ്ടി അഞ്ചുവര്‍ഷം ദേശീയമത്സരങ്ങളില്‍ പങ്കെടുത്തു. മൂലങ്കോട് എ.യു.പി.എസ്., കിഴക്കഞ്ചേരി ജി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു പഠനം. കിഴക്കഞ്ചേരി സ്‌കൂളിലെ കായികാധ്യാപകന്‍ സുദേവനാണ് അഭിലാഷിലെ കായികതാരത്തെ കണ്ടെടുത്തത്.

തൃപ്രയാറിലെ വോളിബോള്‍ അക്കാദമിയില്‍ചേര്‍ന്ന് കഴിമ്പ്രം എസ്.എന്‍.ഡി.പി. എച്ച്.എസ്.എസിലായിരുന്നു പ്‌ളസ്ടു പഠനം. ദേശീയ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിലും 19 വയസ്സിനുതാഴെയുള്ളവരുടെ അഖിലേന്ത്യാമത്സരത്തിലും പങ്കെടുത്തു.

സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ബിരുദപഠനത്തിന് ശ്രമിച്ചപ്പോള്‍ ഉയരക്കുറവെന്ന കാരണത്താല്‍ അഭിലാഷിനെ തഴഞ്ഞു. 180 സെന്റീമീറ്ററാണ് അഭിലാഷിന്റെ ഉയരം. സെലക്ഷന്‍ ട്രയല്‍സില്‍ വേണ്ടത് 185 സെന്റീമീറ്ററും. ട്രയല്‍സില്‍ ഒന്നാമതെത്തിയിട്ടും ടീമിലെടുത്തില്ല.

പൊള്ളാച്ചി ശ്രീസരസ്വതി ത്യാഗരാജ കോളേജിലെ പരിശീലകന്‍ ചന്ദ്രശേഖരന്‍നായരാണ് അഭിലാഷിന്റെ കായികജീവിതത്തിന് വഴിത്തിരിവായത്. അദ്ദേഹത്തിന്റെ പ്രേരണയാല്‍ കോളേജില്‍ ബി.ബി.എയ്ക്ക് പ്രവേശനംകിട്ടി. ഉറച്ച പിന്തുണയും.

ആദ്യവര്‍ഷംമുതല്‍ ഭാരതിയാര്‍ സര്‍വകലാശാലാ ടീമില്‍. ഇത്തവണ സര്‍വകലാശാലാ ടീം ക്യാപ്റ്റനും. കഴിഞ്ഞവര്‍ഷം ഇവരുടെ ടീം അഖിലേന്ത്യാ സര്‍വകലാശാലാ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാംസ്ഥാനത്തായിരുന്നു. ഇത്തവണ മൂന്നാമതെത്തി. തമിഴ്‌നാട് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതും ദക്ഷിണേന്ത്യന്‍ ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനക്കാരായതിനുംപിന്നില്‍ ഈ മലയാളിയുടെ പരിശ്രമവുമുണ്ട്.

കേരളത്തേക്കാള്‍ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നത് തമിഴ്‌നാടാണെന്ന് അഭിലാഷ് പറയുന്നു. പുതിയ കളിക്കാര്‍ക്ക് അവസരം നല്‍കുന്നതാണ് രീതി. ജോലിസാധ്യത കൂടുതലും അവിടെത്തന്നെ.