നാഗ്പുര്‍: അന്തര്‍ദേശീയ താരങ്ങളുടെ നിറസാന്നിധ്യംകണ്ട 82-ാമത് ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ മലയാളിതാരം എച്ച്.എസ്. പ്രണോയിക്ക് പുരുഷവിഭാഗം കിരീടം. ഫൈനലില്‍ ലോക രണ്ടാംനമ്പര്‍ താരവും ഈ വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടങ്ങള്‍ക്ക് ഉടമയുമായ കിഡംബി ശ്രീകാന്തിനെയാണ് പരാജയപ്പെടുത്തിയത് (21-15, 16-21, 21-7). തിരുവനന്തപുരം ആനയറ സ്വദേശിയും 25-കാരനുമായ പ്രണോയിയുടെ കന്നി ദേശീയ കിരീടമാണിത്.

ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ തമ്മിലുള്ള വനിതാവിഭാഗം ഫൈനലില്‍ റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡലുകാരി പി.വി.സിന്ധുവിനെ തോല്‍പ്പിച്ച് സൈന േനവാള്‍ കിരീടം ചൂടി(21-17, 27-25). 2006, 2007 വര്‍ഷങ്ങളില്‍ ചാമ്പ്യനായ സൈനയുടെ മൂന്നാം കിരീടമാണിത്. ടോപ് സീഡും ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനക്കാരിയുമായ സിന്ധുവും രണ്ടുതവണ (2011, 2013) ചാമ്പ്യനായിട്ടുണ്ട്.

ലോകറാങ്കിങ്ങില്‍ 11-ാം സ്ഥാനക്കാരനും രണ്ടാംസീഡുമായ പ്രണോയ് ഫൈനലില്‍ സുഹൃത്തായ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത് 49 മിനിറ്റ് നീണ്ട മൂന്നുഗെയിമുകളിലാണ്. അന്താരാഷ്ട്രവേദിയില്‍ ഇരുവരും നാലുവട്ടം മാറ്റുരച്ചപ്പോള്‍ മൂന്നുതവണയും ശ്രീകാന്തിനായിരുന്നു വിജയം. 2011 ടാറ്റ ഓപ്പണിലാണ് പ്രണോയിയുടെ ഏക ജയം. കഴിഞ്ഞമാസംനടന്ന ഫ്രഞ്ച് ഓപ്പണ്‍ സീരീസിന്റെ സെമിഫൈനല്‍ അടക്കം പിന്നീടുള്ള മൂന്നുമത്സരങ്ങളിലും ശ്രീകാന്ത് വിജയം പിടിച്ചെടുത്തു.

പി.ബി.എല്ലിന്റെ തുടര്‍ച്ച

ഇരുവരും പോരാട്ടവീര്യത്തിന് പേരുേകട്ടവരായതിനാല്‍ ഇത്തവണത്തെ ഫൈനല്‍ ചൂടുള്ള ചര്‍ച്ചയായിരുന്നു. അത് ശരിവെക്കും വിധമായിരുന്നു മത്സരം. കഴിഞ്ഞ പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗ് സീസണിലെ(പി.ബി.എല്‍.) ഉശിരന്‍ പ്രകടനത്തിലൂടെ പ്രണോയിയിലെ പോരാളിയെ ഇന്ത്യയിലെ ആരാധകര്‍ കണ്ടതാണ്. അതിന് ചുവടുപിടിച്ചുള്ളതായിരുന്നു ശ്രീകാന്തുമായുള്ള ഫൈനല്‍.

കരിയറിന്റെ ഔന്നത്യത്തിലുള്ള ശ്രീകാന്തിന് ഫൈനലില്‍ ഈ വര്‍ഷത്തെ നേട്ടങ്ങള്‍ തുണച്ചില്ല. നിര്‍ണായകമായ മൂന്നാം ഗെയിമില്‍ പ്രണോയ് എതിരാളിയെ നിഷ്പ്രഭമാക്കുക തന്നെ ചെയ്തു. ഈ വര്‍ഷം മുന്‍ലോക ചാമ്പ്യന്‍ ലീ ചോങ് വെയി, ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങ് എന്നിവരെ പ്രണോയ് അട്ടിമറിച്ചിരുന്നു. ഇത് വീണുകിട്ടിയ വിജയങ്ങളല്ലെന്ന് തിരുവനന്തപുരത്തുകാരന്‍ ഫൈനലില്‍ തെളിയിച്ചു.

ഒന്നാം ഗെയിമില്‍ പ്രണോയിയുടെ തുടര്‍പ്പിഴവുകള്‍ തുടക്കത്തില്‍ ശ്രീകാന്തിന് 4-1 ലീഡ് സമ്മാനിച്ചു. എന്നാല്‍ 7-7, 10-10 എന്നീ നിലകളില്‍ ഒപ്പമെത്തിയ പ്രണോയ് 14-12, 20-14 എന്നിങ്ങനെ ലീഡുനേടി. ശ്രീകാന്തിന്റെ ഷോട്ട് ലക്ഷ്യംതെറ്റിയതോടെ 21-15ന് പ്രണോയിക്ക് ആദ്യഗെയിം കിട്ടി. രണ്ടാം ഗെയിമില്‍ 7-3ന് പ്രണോയ് ലീഡെടുത്തെങ്കിലും ശ്രീകാന്ത് ഉജ്ജ്വലമായി തിരിച്ചുവന്നു. ക്രോസ് കോര്‍ട്ട് ഷോട്ടുകളിലൂടെ 8-8ന് ഒപ്പമെത്തിയ ഗുണ്ടൂരുകാരന്‍ 17-15, 19-16 എന്നിങ്ങനെ ആധിപത്യം സ്ഥാപിച്ചു. പ്രണോയിയുടെ ഷോട്ട് നെറ്റില്‍ പതിച്ചതോടെ 21-16ല്‍ ശ്രീകാന്ത് രണ്ടാം ഗെയിം സ്വന്തമാക്കി.

നിര്‍ണായകമായ മൂന്നാം ഗെയിമില്‍ കൂടുതല്‍ ആക്രമണോത്സുകതയും വേഗവും പുറത്തെടുത്ത പ്രണോയിയെ തടയുന്നതില്‍ ശ്രീകാന്ത് തീര്‍ത്തും പരാജയപ്പെട്ടു. പ്രണോയിയുടെ ആംഗിള്‍ സ്‌ട്രോക്കുകളും നെറ്റ് ഡ്രിബ്ലിങ്ങിലെ മികവും എതിരാളിയെ നിസ്സഹായനാക്കി. 6-1, 11-3, 16-4 സ്‌കോറുകളില്‍ ലീഡുചെയ്ത പ്രണോയ് ഗെയിം-മാച്ച് പോയന്റില്‍ എതിരാളിക്ക് പിഴച്ചതോടെ ആദ്യമായി ദേശീയ കിരീടത്തില്‍ മുത്തമിട്ടു.

നാലാമത്തെ മലയാളി

ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സിംഗിള്‍സ് കിരീടം ചൂടുന്ന നാലാമത്തെ മലയാളിയാണ് പ്രണോയ്. യു.വിമല്‍കുമാര്‍(1988, 89), ജോര്‍ജ് തോമസ്(1990), പി.സി.തുളസി(2015) എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.