മുംബൈ: ഗോളടിച്ച് മുന്നിൽക്കയറിയശേഷം ഗോൾ വഴങ്ങി വിങ്ങുന്ന കാഴ്ച വീണ്ടും. െഎ.എസ്.എൽ. ഫുട്ബോളിൽ വ്യാഴാഴ്ച കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്.സി.യോട് സമനിലവഴങ്ങി (1-1). ബ്ലാസ്റ്റേഴ്സിനുവേണ്ടി മെസ്സി ബൗളി (75) ലക്ഷ്യം കണ്ടപ്പോൾ കൊച്ചിയിൽ കേരളത്തെ തോൽപ്പിച്ച ടുണീഷ്യൻ താരം അമീൻ ചെർമിതി (77) ഇക്കുറിയും മുംബൈയുടെ ഗോൾ നേടി. കേരളം ഏഴു കളിയിൽ ആറു പോയന്റുമായി എട്ടാം സ്ഥാനത്ത് തുടരുമ്പോൾ മുംബൈ ഏഴു പോയന്റുമായി ആറാം സ്ഥാനത്തേക്ക് കയറി.
തുടക്കം ബ്ലാസ്റ്റേഴ്സിന്
തുടക്കത്തിൽ മൈതാനം വാണ കേരളം പിന്നീട് തളരുകയും രണ്ടാം പകുതിയിൽ കളി കൈവിടുകയും ചെയ്തതോടെ മുംബൈ ചിത്രത്തിലേക്കുവന്നു. ആദ്യ 35 മിനിറ്റ് മൈതാനത്ത് ബ്ലാസ്റ്റേഴ്സ് മാത്രമായിരുന്നു. മുഹമ്മദ് റാക്കിപ്-പ്രശാന്ത് കൂട്ടുകെട്ട് വലതുവിങ്ങിലും സഹൽ അബ്ദുൾ സമദ്-ജസൽ കാർനീറോ ടീം ഇടതുവിങ്ങിലുമായി കുതിച്ചപ്പോൾ മുംബൈ പ്രതിരോധം വിയർത്തു. അവരുടെ ബോക്സിലേക്ക് നിരന്തരം പന്തെത്തി. എന്നാൽ, ഇവ ഗോളാക്കിമാറ്റുന്നതിൽ കാമറൂൺ താരം മെസ്സി ബൗളി തുടർച്ചയായി പരാജയപ്പെട്ടു. 25-ാം മിനിറ്റിൽ കേരളം ഗോളുറപ്പിച്ചതാണ്. ഇടതുവശത്തുനിന്നും കാർണീറോ ഉയർത്തിക്കൊടുത്ത പന്ത് ഒരു താലത്തിൽ വാങ്ങിയ മെസ്സി ബൗളിയുടെ അതിമനോഹരമായ ബാക്ക് വോളി. ഗാലറിയിലെ മഞ്ഞപ്പട ആർപ്പുവിളിയോടെ എഴുന്നേറ്റെങ്കിലും മുംബൈ ഗോളി അമരീന്ദർ സിങ് വഴങ്ങിയില്ല. ഇടതുവശത്തേക്ക് വലിഞ്ഞുചാടി അദ്ദേഹം പന്തിനെ പുറത്തേക്കുതള്ളി. ജീക്‌സൺ സിങ് ബോക്സിലേക്ക് കോരിയിട്ട പന്ത് ലക്ഷ്യത്തിലെത്തിക്കാൻ സെത്യാസെൻ സിങ്ങിന് കഴിഞ്ഞില്ല. ആദ്യ 30 മിനിറ്റിൽ കേരളത്തിന് നാലു കോർണറുകൾ കിട്ടി. സമ്മർദത്തിലായ മുംബൈ പതിയെ കളിയിലേക്ക് തിരിച്ചെത്തി. വലതുവശത്തുകൂടെ പോർച്ചുഗൽ താരം മോദു സൗഗു കയറാൻ തുടങ്ങിയതോടെ ഗോളി രഹനേഷിന് പണിയായി.
ഒന്നാം പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് കേരളം ഞെട്ടി. ഇടതുവിങ്ങിലൂടെ കയറിയ അമീൻ ചെർമിതി നൽകിയ ക്രോസ് കിട്ടുമ്പോൾ മോദു സൗഗുവിനെ തടയാൻ ആരുമില്ലായിരുന്നു. അപകടകാരിയായ ഷോട്ട് നേരെ രഹനേഷിന്റെ കൈയിലൊതുങ്ങി.
രണ്ടാം പകുതിയിൽ റെയിനീർ ഫെർണാണ്ടസിന് പകരം ബിപിൻ സിങ് ഇറങ്ങിയതോടെ മുംബൈ ആക്രമണങ്ങൾക്ക് വേഗവും മൂർച്ചയും കൂടി. ഇടതുവിങ്ങിൽ ബിപിൻ കേരളത്തെ ബുദ്ധിമുട്ടിച്ചു. അതോടെ റാക്കിപിന്റെ കുതിപ്പിന് വിരാമമായി. കേരളം പ്രതിരോധത്തിലേക്ക് വലിഞ്ഞു. ഇതിനിടെ രണ്ടുതവണ രഹനേഷ് കേരളത്തിന്റെ രക്ഷയ്ക്കെത്തി. പ്രതിരോധം കടന്നുകയറിയ പന്ത് ബോക്സിന് പുറത്തേക്കിറങ്ങി രഹനേഷ് അപകമൊഴിവാക്കി.
75-ാം മിനിറ്റിൽ കേരളത്തിന്റെ ഗോൾ വീണു. ജീക്‌സൺ സിങ്ങിന്റെ ഷോട്ട് മുംബൈ ഗോളി തട്ടിയകറ്റിയത് ലഭിച്ചത് ജസൽ കാർണീറോയ്ക്ക്. ഗോൾ ലൈനിൽനിന്നും അദ്ദേഹം നൽകിയ ബാക്ക് പാസിൽ മെസ്സി ബൗളിയുടെ ഇടതുകാൽ പന്തിനെ വലയിലേക്ക് വഴികാട്ടി. ആഹ്ലാദിക്കാൻ രണ്ടുമിനുറ്റേ കിട്ടിയുള്ളൂ. ബിപിൻ സിങ് ഇടതുവശത്തുനിന്നും തൂക്കിയിട്ട പന്ത് മുംബൈ ക്യാപ്റ്റൻ പൗളോ മച്ചാഡോ ബോക്സിലേക്ക് മറിച്ചു. പതുങ്ങിനിന്ന ചെർമിതിയുടെ ഷോട്ട് രഹനേഷ് തടഞ്ഞു. പക്ഷേ, പാഞ്ഞടുത്ത ചെർമിതിയെ തടയാൻ മാറ്റാരും ഉണ്ടായിരുന്നില്ല. രഹനേഷ് പന്ത് കൈക്കലാക്കുംമുമ്പ് ചെർമിതി കേരളത്തിന്റെ പ്രതീക്ഷകൾ തകർത്തു.
content highlights: Mumbai City FC vs Kerala Blasters isl