manchester city
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം നേടിയ
മാഞ്ചസ്റ്റര്‍സിറ്റി ടീം ട്വിറ്ററില്‍ പങ്കുവെച്ച കൊളാഷ്

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം ഒരിക്കൽക്കൂടി മാഞ്ചെസ്റ്റർ സിറ്റിയിലേക്ക്. മൂന്നുറൗണ്ട് മത്സരം ബാക്കിനിൽക്കെ പെപ്പ് ഗാർഡിയോളയും സംഘവും കപ്പുറപ്പിച്ചു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചെസ്റ്റർ യുണൈറ്റഡ് ചൊവ്വാഴ്ച രാത്രി ലെസ്റ്റർ സിറ്റിയോട് തോറ്റതോടെയാണ് (1-2) സിറ്റി ചാമ്പ്യന്മാരായത്.

ഏഴാം തവണയാണ് സിറ്റി പ്രീമിയർ ലീഗ് കിരീടം നേടുന്നത്. കഴിഞ്ഞ നാല് സീസണുകളിൽ മൂന്നാം തവണയും. പരിശീലകൻ പെപ്പ് ഗാർഡിയോളയ്ക്ക് കീഴിൽ മൂന്നാം പ്രീമിയർ ലീഗ് കിരീടമാണ്. സീസണിൽ ലീഗ് കപ്പ് നേടിയ ടീമിന് ഇതോടെ രണ്ടു കപ്പുകളായി. ഇനി ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടം ബാക്കിയുണ്ട്.

35 കളിയിൽ മാഞ്ചെസ്റ്റർ സിറ്റിക്ക് 80 പോയന്റും യുണൈറ്റഡിന് 70 പോയന്റുമുണ്ട്. മൂന്ന് കളി ബാക്കിയുണ്ടെങ്കിലും ഇനി സിറ്റിയുടെ ലീഡ് മറികടക്കാൻ യുണൈറ്റഡിനാകില്ല. 2008-ൽ ഷെയ്ഖ് മൻസൂർ ഏറ്റെടുത്തശേഷം സിറ്റി നേടുന്ന 12-ാം കിരീടമാണിത്.

തലവരമാറ്റിയ റൂബൻ

കഴിഞ്ഞ സീസണിൽ ലിവർപൂൾ ചാമ്പ്യന്മാരായപ്പോൾ 18 പോയന്റ് വ്യത്യാസത്തിൽ സിറ്റി രണ്ടാമതായി. ഇത്തവണ സീസണിന്റെ തുടക്കത്തിലും സ്ഥിതി മെച്ചമായിരുന്നില്ല. കഴിഞ്ഞ നവംബറിൽ ടോട്ടനത്തോട് തോറ്റതോടെ ലീഗിൽ പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പരിശീലകൻ എന്നനിലയിൽ ഗാർഡിയോളയ്ക്കുനേരെ വിമർശനം ഉയരുകയും ചെയ്തു.

പ്രതിരോധത്തിലെ പിഴവുകളാണ് തിരിച്ചടികൾക്ക് കാരണമെന്ന് മനസ്സിലാക്കിയ ഗാർഡിയോള സെൻട്രൽ ഡിഫൻസിലേക്ക് ബെൻഫിക്കയിൽനിന്ന് റൂബൻ ഡയസിനെ കൊണ്ടുവന്നു. ഈ തീരുമാനം സിറ്റിയുടെ തലവരമാറ്റി. സെൻട്രൽ ഡിഫൻസിൽ ഒത്തുചേർന്ന ഡയസ്-ജോൺ സ്‌റ്റോൺസ് സഖ്യം അടുത്ത 15 കളിയിൽ കേവലം മൂന്ന് ഗോൾ മാത്രമാണ് വഴങ്ങിയത്. പ്രതിരോധം ഉറച്ചതോടെ വിജയം സിറ്റിക്കൊപ്പമായി. പിന്നീടുള്ള 27 മത്സരങ്ങളിൽ 22-ലും സിറ്റി ജയിച്ചു. തുടർച്ചയായ 15 മത്സരം ജയിച്ചു. 12 ഗോൾ നേടിയ മധ്യനിരതാരം ഇൽകേ ഗുണ്ടോഗന്റെ ഫോമും നിർണായകമായി.

content highlights: manchester city wins english premier legue