കിഴക്കമ്പലം: വ്യാഴാഴ്ച രാവിലെ വീടിന്റെ സ്വീകരണമുറിയിലേക്ക് കടന്നുവന്ന അതിഥിയെ കണ്ട് പി.ആര്‍. ശ്രീജേഷ് ഞെട്ടി. അദ്ദേഹത്തെ ഒളിമ്പിക്സ് മെഡല്‍ കാണിക്കുമ്പോള്‍ ഇന്ത്യൻ ഹോക്കിയുടെ കാവല്‍ഭടന്‍ പറഞ്ഞു: ‘‘എന്റെ പൊന്നു മമ്മൂക്ക... ഈ മെഡല്‍ വാങ്ങിച്ചപ്പോള്‍ പോലും എന്റെ കൈ ഇങ്ങനെ വിറച്ചിട്ടില്ല”. മമ്മൂട്ടി അതുകേട്ട് പൊട്ടിച്ചിരിച്ചു.

രാവിലെ പതിനൊന്നരയോടെ ശ്രീജേഷിന്റെ കിഴക്കമ്പലം പള്ളിക്കരയിലെ വീട്ടിലേക്ക് അപ്രതീക്ഷിതമായാണ് മമ്മൂട്ടി എത്തിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ വരുന്നു എന്നാണ് ശ്രീജേഷിനെ അറിയിച്ചിരുന്നത്. പക്ഷേ, നിര്‍മാതാവ് ആന്റോ ജോസഫിനും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയ്ക്കുമൊപ്പം പറാട്ട് വീടിന്റെ മുറ്റത്ത് കാറില്‍ വന്നിറങ്ങിയത് മമ്മൂട്ടിയാണ്.

മമ്മൂട്ടിയെ കണ്ട ശ്രീജേഷിന്റെ മുഖത്ത് അമ്പരപ്പ് നിറഞ്ഞു. പൂക്കൂടയായിരുന്നു മമ്മൂട്ടിയുടെ ആദ്യസമ്മാനം. അച്ഛന്‍ പി.വി. രവീന്ദ്രനും ശ്രീജേഷും ചേര്‍ന്ന് മമ്മൂട്ടിയെ അകത്തേക്ക് സ്വീകരിച്ചു. ശ്രീജേഷിന്റെ അമ്മ ഉഷ, ഭാര്യ ഡോ. അനീഷ്യ, മക്കളായ അനുശ്രീ, ശ്രീആൻശ്, ഉഷയുടെ സഹോദരന്‍ സജി എന്നിവരെല്ലാം വീട്ടിനുള്ളിലായിരുന്നു. ശ്രീജേഷ് തന്നെ ഓടിപ്പോയി അവരെയൊക്കെ വിളിച്ചുകൊണ്ടുവന്നു. മൊബൈല്‍ ക്യാമറകള്‍ കൺതുറന്നു.

49 വര്‍ഷങ്ങള്‍ക്കുശേഷം കേരളത്തിലേക്ക് ഒളിമ്പിക്സ് മെഡല്‍ത്തിളക്കമെത്തിച്ചതിനുള്ള പ്രശംസയോടെയാണ് മമ്മൂട്ടി സംസാരിച്ചുതുടങ്ങിയത്. ശ്രീജേഷിന്റെ അദ്ഭുതം അപ്പോഴും വിട്ടുമാറിയിരുന്നില്ല. പഴയൊരു കഥ പറഞ്ഞ് മമ്മൂട്ടി ശ്രീജേഷിനെ ‘കൂള്‍’ ആക്കി. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴിയില്‍ മമ്മൂട്ടി ജൈവപച്ചക്കറി കൃഷി നടത്തിയിരുന്നു. അതിന്റെ ആദ്യ വിളവെടുപ്പില്‍കിട്ടിയ പച്ചക്കറികള്‍ സമൂഹത്തിലെ വിവിധമേഖലകളിലുള്ളവര്‍ക്ക് സമ്മാനിക്കാനാണ് മമ്മൂട്ടി തീരുമാനിച്ചത്. അതിലൊരാള്‍ ശ്രീജേഷായിരുന്നു. കാക്കനാട്ട്‌ നടന്ന ചടങ്ങില്‍ ശ്രീജേഷിനുള്ള പച്ചക്കറിക്കുട്ട കൈമാറുംമുമ്പ് മമ്മൂട്ടി അതില്‍നിന്ന് ഒരു പടവലങ്ങ എടുത്ത് നീട്ടി. അത് ഹോക്കിസ്റ്റിക്കിന്റെ ആകൃതിയിലുള്ളതായിരുന്നു. പിറ്റേന്ന് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചത് ഈ ഫോട്ടോയാണ്.

സംഭവം ശ്രീജേഷിനും നല്ല ഓര്‍മയുണ്ടായിരുന്നു. ഫോട്ടോ തന്റെ കൈയിലുണ്ടെന്ന് ശ്രീജേഷ്. കുടുംബാംഗങ്ങളെ ഓരോരുത്തരെയായി ശ്രീജേഷ് പരിചയപ്പെടുത്തി. പിന്നെ അഭിമാനത്തോടെ ഒളിമ്പിക്സ് മെഡല്‍ മമ്മൂട്ടിയെ കാണിച്ചു. അദ്ദേഹം കൗതുകത്തോടെ നോക്കി. ‘ഇത് എല്ലാവര്‍ക്കുമായി കൊണ്ടുവന്നതാണെ’ന്ന് ശ്രീജേഷ്.

‘എന്റെ ദൈവമേ... വിറച്ചുപോയി... ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. വിശ്വസിക്കാനാകുന്നില്ല ഇപ്പോഴും. മമ്മൂക്ക വീട്ടിലേക്ക് വരുമെന്ന് സ്വപ്നത്തില്‍പോലും കരുതിയതല്ല...’ -മമ്മൂട്ടി യാത്രപറഞ്ഞിറങ്ങിയിട്ടും ശ്രീജേഷിന്റെ വാക്കുകളില്‍ നിന്ന് അതിശയം ഒഴിയുന്നില്ല.