പാരീസ്: ഫുട്‌ബോൾ മിശിഹ ലയണൽ മെസ്സിയുടെ പുരസ്‌കാരശേഖരത്തിലേക്ക് ഒരു ബാലൺ ദ്യോർ കൂടി. ആറാം തവണയാണ് അർജന്റീനയുടെയും ബാഴ്‌സലോണയുടെയും നായകൻ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷമാണ് നേട്ടം താരത്തെ തേടിയെത്തുന്നത്. ഇതോടെ ഏറ്റവും കൂടുതൽ ബാലൺ ദ്യോർ എന്ന ചരിത്രനേട്ടവും സ്വന്തമായി.
ഏറെ മുന്നിൽ
ലിവർപൂളിന്റെ ഡച്ച് പ്രതിരോധനിരതാരം വിർജിൽ വാൻഡെയ്ക്ക്, പോർച്ചുഗൽ നായകനും യുവന്റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പിന്തള്ളിയാണ് മെസ്സിയുടെ നേട്ടം. മെസ്സിക്ക് 686 പോയന്റ് ലഭിച്ചപ്പോൾ വാൻഡെയ്ക്കിന് 679 പോയന്റും ക്രിസ്റ്റ്യാനോക്ക് 476 പോയന്റും ലഭിച്ചു. തിരഞ്ഞെടുക്കപ്പെട്ട മാധ്യമപ്രവർത്തകരാണ് വോട്ടെടുപ്പിൽ പങ്കെടുത്തത്.
പുരസ്‌കാര ചരിത്രം
2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ് മുമ്പ് ബാലൺ ദ്യോർ നേടിയത്. ഫ്രഞ്ച് മാസികയായ ഫ്രാൻസ് ഫുട്‌ബോളാണ് പുരസ്‌കാരം നൽകുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ 10 തവണയും മെസ്സിയോ ക്രിസ്റ്റ്യാനോയോയാണ് പുരസ്‌കാരം നേടിയത്. കഴിഞ്ഞതവണ മാത്രം ക്രൊയേഷ്യയുടെ ലൂക്ക മോഡ്രിച്ച് പുരസ്‌കാരം സ്വന്തമാക്കി. 2010 മുതൽ 2015 വരെ ഫിഫയുമായി ചേർന്നാണ് ബാലൺ ദ്യോർ നൽകിയത്. ഫിഫയുടെ മികച്ച താരത്തിനായിരുന്നു പുരസ്‌കാരം.
കഴിഞ്ഞ സീസണിലെ പ്രകടനം
ക്ലബ്ബിനും രാജ്യത്തിനുമായി മെസ്സി 54 ഗോൾ നേടി. സ്പാനിഷ് ലാലിഗയും സൂപ്പർ കപ്പും ബാഴ്‌സയ്ക്കായി നേടി.
മികച്ച വനിതാ താരം
മെഗാൻ റാപ്പിനോ (അമേരിക്ക)
നേട്ടം - വനിതാ ലോകകപ്പ് (2019), ലോകകപ്പിലെ ഗോൾഡൻ ബോൾ, ഗോൾഡൻ ബൂട്ട്
മികച്ച യുവതാരം (കോപ്പ ട്രോഫി)
മാത്തിയാസ് ഡി ലിറ്റ് (ഹോളണ്ട്, യുവന്റസ്)
മികച്ച ഗോൾ കീപ്പർ (ലൈവ് യാഷിൻ ട്രോഫി)
അലിസൺ ബെക്കർ (ബ്രസീൽ, ലിവർപൂൾ)
2009
മെസ്സി, ക്രിസ്റ്റ്യാനോ, സാവി
2010
മെസ്സി, ഇനിയേസ്റ്റ, സാവി
2011
മെസ്സി, ക്രിസ്റ്റ്യാനോ, സാവി
2012
മെസ്സി, ക്രിസ്റ്റ്യാനോ, ഇനിയേസ്റ്റ
2015
മെസ്സി, ക്രിസ്റ്റ്യാനോ, നെയ്മർ
മെസ്സിയുടെ
പുരസ്‌കാരങ്ങൾ
ഫിഫ-ബാലൺ ദ്യോർ-4 (2010, 2011, 2012, 2015)
ഫിഫ മികച്ച താരം-1 (2009)
യൂറോപ്യൻ ഗോൾഡൻ ഷൂ-6 (2009-10, 2011-12, 2012-13, 2016-17, 2017-18, 2018-19)
ഫിഫ ഗോൾഡൻ ബോൾ-1 (2015)
കോപ്പ അമേരിക്ക ഗോൾഡൻ ബോൾ-1 (2015)
യുവേഫയുടെ മികച്ച പുരുഷതാരം-2 (2011, 2015)
യുവേഫയുടെ മികച്ച ക്ലബ്ബ് താരം-1 (2009)
ഫിഫ ക്ലബ്ബ് ലോകകപ്പ് ഗോൾഡൻ ബോൾ-2 (2009, 2011)
ഗോൾഡൻ ബോയ്-1 (2005)
ഫിഫ ലോകകപ്പ് ഡ്രീം ടീം (2014)