ജക്കാർത്ത: പതിനെട്ട് ഗ്രാൻഡ്സ്ലാം ഡബ്ൾസ് കിരീടങ്ങൾക്ക് ഉടമയായ ലിയാൻഡർ പേസ് ഇൻഡൊനീഷ്യയിൽ നടക്കുന്ന 18-ാമത് ഏഷ്യൻ ഗെയിംസിൽനിന്ന് പിന്മാറി. പുരുഷവിഭാഗം ഡബ്ൾസിൽ തനിക്കുപറ്റിയ ഒരു പങ്കാളിയെ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷൻ നൽകാതിരുന്നതാണ് പിന്മാറ്റത്തിന് കാരണം. ഫോം കാണാതെ ഉഴറുന്ന സുമിത് നഗലിനെയാണ് പേസിന് പങ്കാളിയായി ഫെഡറേഷൻ നിശ്ചയിച്ചത്. രോഹൻ ബൊപ്പണ്ണയെയും ദിവിജ് ശരണിനെയും അവരുടെ അഭ്യർഥനപ്രകാരം ഒരു ടീമായി മത്സരിക്കാൻ അഖിലേന്ത്യാ ഫെഡറേഷൻ അനുമതി നൽകിയതും ഇന്ത്യൻ ടെന്നീസിന് വിലപ്പെട്ട സംഭാവന നൽകിയ പേസിനെ ചൊടിപ്പിച്ചു.
ഒളിമ്പിക് മെഡൽ സാധ്യതാപദ്ധതിയിൽ (ടോപ്) പെടുന്ന താരമായി അദ്ദേഹത്തിന് പരിഗണന നൽകിയിരുന്നില്ല. പറ്റിയ പങ്കാളിയെക്കൂടി കിട്ടാതിരുന്നതോടെ വ്യാഴാഴ്ചയാണ് പിന്മാറുന്ന കാര്യം അദ്ദേഹം പ്രഖ്യാപിച്ചത്.