കോഴിക്കോട് : ഐ ലീഗ് ഫുട്‌ബോളിൽ വിജയവഴിയിൽ തിരിച്ചെത്താനുള്ള ഗോകുലം കേരളയുടെ മോഹം വീണ്ടും പൊലിഞ്ഞു. ഇന്ത്യൻ യുവനിര ആരോസുമായി ആതിഥേയർ സമനിലയിൽ പിരിയുകയായിരുന്നു. ഒന്നാം പകുതിയിൽ മലയാളി താരം കെ.പി. രാഹുലിന്റെ ഗോളിൽ മുന്നിൽ കടന്ന ആരോസിനെ ഇടവേളയ്ക്കുശേഷം ട്രിനിഡാഡ് താരം മാർക്കസ് ജോസഫ് നേടിയ ഗോളിൽ തളച്ചാണ് ഗോകുലം തോൽവി ഒഴിവാക്കിയത്.

റിയൽ കശ്മീരിനോട് തോറ്റ ടീമിൽനിന്ന് ഒരുമാറ്റവുമായാണ് ഗോകുലം ഇറങ്ങിയത്. മധ്യനിരയിൽ ഗുൽറിം കാസ്‌ട്രോയ്ക്ക് പകരമായി വി.പി. സുഹൈർ ഇറങ്ങി. ആരോസ് നിരയിൽ രാഹുലിനും റഹീം അലിക്കും ആദ്യ പതിനൊന്നിൽ സ്ഥാനം ലഭിച്ചു. കൊച്ചുപാസുകളുമായി വേഗമേറിയ നീക്കങ്ങൾ നടത്തിയ ആരോസ് യുവനിരയ്ക്കെതിരേ ഒരു ഘട്ടത്തിലും ആധിപത്യം നേടാൻ ഗോകുലത്തിന് കഴിഞ്ഞില്ല. മികച്ച മുന്നേറ്റങ്ങളോ ഗോളവസരങ്ങളോ സൃഷ്ടിക്കുന്നതിൽ ഇരു ടീമുകളും പരാജയമായി.

ആദ്യപകുതിയുടെ 22-ാം മിനിറ്റിലാണ് ആരോസ് മുന്നിലെത്തിയത്. അഷിഷ് റായ് നൽകിയ ക്രോസ് ഹെഡ്ഡറിലൂടെ റഹീം അലി ഗോകുലിന് നൽകി. ഗോളിക്ക് അവസരം നൽകാതെ രാഹുൽ പന്ത് വലയിലേക്ക് കോരിയിട്ടു. ഗോൾ വീണശേഷവും ഉണർന്നുകളിക്കാൻ ആതിഥേയർക്ക് കഴിഞ്ഞില്ല. ഇടവേളയ്ക്കുശേഷം ലീഡുയർത്താൻ രാഹുലിന് തുറന്ന അവസരം ലഭിച്ചെങ്കിലും ഗോകുലം പ്രതിരോധനിരക്കാരൻ ഡാനിയൽ അഡു പന്ത് കഷ്ടിച്ച് രക്ഷപ്പെടുത്തി.

ഇടവേളയ്ക്കുശേഷം ഇറങ്ങിയ അർജുൻ ജയരാജ് മുന്നേറി നൽകിയ പാസിലാണ് മാർക്കസ് ജോസഫ് 64-ാം മിനിറ്റിൽ ഗോകുലത്തിന്റെ സമനില ഗോൾ കണ്ടെത്തിയത്. പന്ത് തട്ടിയകറ്റുന്നതിൽ ആരോസ് പ്രതിരോധത്തിന് പിഴച്ചപ്പോൾ മാർക്കസ് തകർപ്പൻ ഷോട്ടിലൂടെ പന്ത് ലക്ഷ്യത്തിലെത്തിച്ചു.

പതിനാറ്‌ കളികളിൽനിന്ന് 13 പോയന്റുള്ള ഗോകുലം പട്ടികയിൽ 10-ാം സ്ഥാനത്ത് തുടരുകയാണ്. ആരോസ് 17 പോയന്റോടെ ഏഴാമതാണ്. ലജോങ്ങുമായി ഷില്ലോങ്ങിൽ 22-നാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.