ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ താരങ്ങള്‍ ഇനി സുഹൃത്തുക്കളല്ല എന്ന പ്രസ്താവനയ്ക്ക് വിശദീകരണവുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. ഞാന്‍ പറഞ്ഞകാര്യം സാഹചര്യത്തില്‍നിന്നടര്‍ത്തിമാറ്റി വ്യാഖ്യാനിക്കുകയായിരുന്നുവെന്ന് കോലി ട്വീറ്റ് ചെയ്തു.

ഓസ്‌ട്രേലിയന്‍ ടീമംഗങ്ങളുമായി സുഹൃദ് ബന്ധമാണുള്ളതെന്ന് ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തടുങ്ങുംമുമ്പ് കോലി പറഞ്ഞിരുന്നു. ധര്‍മശാലയില്‍ നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് ജയിച്ചപ്പോള്‍ മുമ്പുപറഞ്ഞ നിലപാടില്‍ ഉറച്ചുനില്ക്കുന്നുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. നിലപാട് മാറിയിട്ടുണ്ട് എന്നുപറഞ്ഞതിനെ ഓസ്‌ട്രേലിയന്‍ കളിക്കാരുമായി ഇനി ചങ്ങാത്തമില്ല എന്നരീതിയില്‍ തെറ്റായി വ്യാഖ്യാനംചെയ്യുകയാണുണ്ടായതെന്ന് കോലി വിശദീകരിച്ചു. ഞാന്‍ പറഞ്ഞതിനെ പകുതി ശരിയായും പകുതി തെറ്റായിട്ടുമാണ് വ്യാഖ്യാനിച്ചത്. ഓസ്‌ട്രേലിയന്‍ ടീമിനെ ഒന്നടങ്കം എന്നു ഞാന്‍ പറഞ്ഞിട്ടില്ല. ഓസീസ് ടീമിലെ ചില കളിക്കാരുമായി എനിക്ക് ഉറ്റസൗഹൃദമുണ്ട്. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലെ അംഗമെന്ന നിലയിലുണ്ടായതാണ് ഈ അടുപ്പം. ആ അടുപ്പത്തില്‍ ഒരു മാറ്റവുമില്ല.

ഇന്ത്യ 2-1ന് ജയിച്ച പരമ്പരയില്‍ ഇരുടീമുകളിലെയും താരങ്ങള്‍ വാക്കുകൊണ്ടും ആംഗ്യംകൊണ്ടും പലവട്ടം ഏറ്റുമുട്ടിയിരുന്നു. സൗഹൃദാന്തരീക്ഷത്തില്‍ പരമ്പരയ്ക്ക് പരിസമാപ്തികുറിക്കുമെന്നായിരുന്നു എന്റെ പ്രതീക്ഷ. അതുണ്ടായില്ല. മുന്‍നിലപാട് മാറാന്‍ ഈ സന്ദര്‍ഭങ്ങള്‍ കാരണമായിട്ടുണ്ടെന്ന് ഇന്ത്യന്‍ നായകന്‍ സമ്മതിച്ചു. എന്നാല്‍, ഓസീസ് താരങ്ങള്‍ ഇനി സുഹൃത്തുക്കളല്ല എന്നരീതിയിലാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ കോലിയുടെ വാക്കുകളെ വ്യാഖ്യാനിച്ചത്.