കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എ.ടി.കെ. കൊല്‍ക്കത്തയ്‌ക്കെതിരെ ഗോള്‍രഹിത സമനില. ജയിക്കാനുള്ള കളിയൊന്നും കാഴ്ചവെക്കാതിരുന്ന ബ്ലാസ്റ്റേഴ്‌സിന് ആദ്യ മത്സരം തോറ്റില്ലെന്ന് ആശ്വസിക്കാം. കൊച്ചിയില്‍തന്നെ അടുത്ത വെള്ളിയാഴ്ച ജംഷേദ്പുര്‍ എഫ്.സി.ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.

ഒരേയൊരു പെകുസണ്‍

ബ്ലാസ്റ്റേഴ്‌സ് പതിഞ്ഞ താളത്തിലാണ് തുടങ്ങിയത്. മധ്യനിരയില്‍ ഘാന താരം കറേജ് പെകുസണ്‍ ചടുലമായ ചില നീക്കങ്ങള്‍ നടത്തിയെങ്കിലും ഹ്യൂമിനും ബെര്‍ബറ്റോവിനും പ്രതീക്ഷിച്ചപോലെ പന്ത് കിട്ടാതിരുന്നത് ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങളുടെ മുനയൊടിച്ചു. ആദ്യ ഇരുപത് മിനിറ്റിലെ 72-28 എന്ന ബോള്‍ പൊസഷനും 147-56 എന്ന കണക്കിലുള്ള പാസുകളും പന്ത് വരുതിയില്‍വെച്ച് കൊല്‍ക്കത്ത കളിച്ചതിന്റെ അടയാളങ്ങളായിരുന്നു.

കരുതിക്കളിച്ച് കൊല്‍ക്കത്ത

എതിരാളിയുടെ തട്ടകത്തില്‍ അവരുടെ ശക്തിയും ദൗര്‍ബല്യവും തിരിച്ചറിഞ്ഞുള്ള കളിയായിരുന്നു കൊല്‍ക്കത്ത കാഴ്ചവെച്ചത്. ഫിന്‍ലന്‍ഡ് താരം നാസി ക്യൂഫിയെ മുന്‍നിര്‍ത്തി പതിയെപ്പതിയെ ബ്ലാസ്റ്റേഴ്‌സ് കോട്ടയിലേക്ക് നുഴഞ്ഞുകയറാനായിരുന്നു അവരുടെ ശ്രമം. 13-ാം മിനിറ്റില്‍ ഹിതേഷ് ശര്‍മയും 20-ാം മിനിറ്റില്‍ സിക്കുഞ്ഞയും 23-ാം മിനിറ്റില്‍ റുപെര്‍ട്ട് നോഗ്രമും കൊല്‍ക്കത്തയ്ക്കായി മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ഗോളായില്ല.

റെനെയുടെ മാറ്റങ്ങള്‍

രണ്ടാം പകുതിയില്‍ ആക്രമണങ്ങള്‍ കനപ്പിക്കുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കണ്ടത്. പ്രതീക്ഷിച്ച ഫോമിലേക്കുയരാതെ പോയ ഹ്യൂമിന് പകരം 60-ാം മിനിറ്റില്‍ ഡച്ച് താരം മാര്‍കോസ് സിഫ്‌നോസിനെ ഇറക്കി. വിനീതിന്റെ ക്ലോസ് റേഞ്ചിലെ ഷോട്ട് കൊല്‍ക്കത്ത ഗോളിയെ പരീക്ഷിച്ചതുമാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് ഓര്‍ത്തിരിക്കാനുള്ളത്. 70-ാം മിനിറ്റില്‍ സിക്കുഞ്ഞയുടെ തകര്‍പ്പനൊരു ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളിയെ മറികടന്നുപോയെങ്കിലും പക്ഷേ, പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു. മലയാളി താരം പ്രശാന്തിനെയും ജാക്കിചന്ദ് സിങ്ങിനെയും അവസാനഘട്ടത്തില്‍ ഇറക്കിയെങ്കിലും മത്സരഫലത്തില്‍ മാറ്റമുണ്ടായില്ല.