തിരുവനന്തപുരം: ലോക ബാഡ്മിന്റൺ ചാമ്പ്യൻ പി.വി. സിന്ധുവിന് സംസ്ഥാനത്തിന്റെ ആദരം. തിരുവനന്തപുരത്തുനടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേരളത്തിന്റെ കായികവികസനത്തിന് സിന്ധുവിന്റെ സഹകരണം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും പ്രതീക്ഷയുള്ള കായികതാരമായി സിന്ധു മാറിക്കഴിഞ്ഞു. അടുത്ത ഒളിമ്പിക്സിൽ സിന്ധുവിന് സുവർണനേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകചാമ്പ്യൻഷിപ്പ് നേടി ഇന്ത്യൻ ജനതയ്ക്കുതന്നെ അഭിമാനമായിമാറിയ സിന്ധുവിനെ ആദരിക്കാനായത് കേരളത്തെ സംബന്ധിച്ചടത്തോളം അഭിമാനനിമിഷമാണെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. ബീച്ച് കായികമത്സരങ്ങളുടെ ലോഗോ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കേരള ഒളിമ്പിക് അസോസിയേഷന്റെ യൂട്യൂബ് സ്പോർട്‌സ് ചാനലിന്റെ ഉദ്ഘാടനം പി.വി. സിന്ധു നിർവഹിച്ചു.

സംസ്ഥാന കായികവകുപ്പും കേരള ഒളിമ്പിക് അസോസിയേഷനും ചേർന്നാണ് സ്വീകരണപരിപാടി സംഘടിപ്പിച്ചത്. ശശി തരൂർ എം.പി., വി.എസ്. ശിവകുമാർ എം.എൽ.എ., കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽകുമാർ, ജനറൽ സെക്രട്ടറി എസ്. രാജീവ്, ഖജാൻജി എം.ആർ. രഞ്ജിത്ത്, സ്പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സിക്കുട്ടൻ, കായിക യുവജന ക്ഷേമവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. എ. ജയതിലക്, കായികവകുപ്പ് ഡയറക്ടർ സഞ്ജയൻകുമാർ, കൗൺസിലർ ഐഷ ബക്കർ എന്നിവർ സംസാരിച്ചു.

സെൻട്രൽ സ്റ്റേഡിയത്തിൽനിന്നും ഘോഷയാത്രയായിട്ടാണ് സിന്ധുവിനെ ജിമ്മി ജോർജ്‌ ഇൻഡോർ സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. വിദ്യാർഥികളും യുവകായികതാരങ്ങളും അടക്കമുള്ളവർ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.

എല്ലാവർക്കും നമസ്കാരം

മലയാളത്തിൽ എല്ലാവർക്കും നമസ്കാരം പറഞ്ഞുകൊണ്ടാണ് പി.വി. സിന്ധു ആദരച്ചടങ്ങിൽ മറുപടിപ്രസംഗം തുടങ്ങിയത്. അവസാനിപ്പിച്ചതും ‘എല്ലാവർക്കും നന്ദി നമസ്‌കാരം’ എന്ന് പറഞ്ഞാണ്.

കേരളം എല്ലാ കായികയിനങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്ന സ്ഥലമാണെന്ന് സിന്ധു ചൂണ്ടിക്കാട്ടി. തനിക്കുതന്നെ ഈ ആദരത്തിന് ഏറെ നന്ദിയുണ്ട്. മുഖ്യമന്ത്രിക്കും ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽകുമാറിനും പ്രത്യേക നന്ദിപറയുന്നു.

ടോക്യോ ഒളിമ്പിക്സിൽ തന്റെ പരമാവധി നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒട്ടേറെ പേരുടെ അനുഗ്രഹങ്ങളും ആശംസകളും അതിന് ലഭിക്കുന്നുണ്ട്.

റോഡ് ഷോയിൽ നിങ്ങൾതന്ന പിന്തുണയ്ക്കും ഒരുപാട് നന്ദിയുണ്ട്. നിങ്ങളുടെ സ്നേഹത്തിന് നന്ദിപറയുന്നു. കേരളം മനോഹരമായ സ്ഥലമാണ്. കേരളത്തിലെ ജനങ്ങളും സ്നേഹമുള്ളവരാണ്. കേരളത്തിൽ ഇനിയും വരും എന്ന് പറഞ്ഞാണ് സിന്ധു പ്രസംഗം അവാസാനിപ്പിച്ചത്.