മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിലെ എൽ ക്ലാസിക്കോ എന്ന വിശേഷണമുണ്ട് കേരള ബ്ലാസ്റ്റേഴ്‌സ്-എ.ടി.കെ. മോഹൻ ബഗാൻ പോരാട്ടത്തിന്. ഇന്ത്യൻ ഫുട്‌ബോളിൽ ബംഗാൾ-കേരള ടീമുകളുടെ മത്സരങ്ങൾക്ക് എന്നും പ്രത്യേക വീറും വാശിയുമുണ്ടായിരുന്നു. ഇതിന്റെ തുടർച്ച സൂപ്പർ ലീഗിലും കാണാം. എട്ടാം സീസണിന്റെ ഉദ്ഘാടനമത്സരത്തിൽ ഇരുടീമുകളും നേർക്കുനേർവരുമ്പോൾ പ്രവചനങ്ങൾക്ക് പ്രസക്തിയില്ല. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്കാണ് ബ്ലാസ്റ്റേഴ്‌സ്-എ.ടി.കെ. മോഹൻബഗാൻ മത്സരം. ചരിത്രം എ.ടി.കെ. ബഗാന് അനുകൂലമാണ്. പുതിയ തുടക്കം ആഗ്രഹിക്കുന്ന സംഘത്തിന്റെ പോരാട്ടവീര്യത്തിൽ ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷയർപ്പിക്കുന്നു.

പുതിയ ബ്ലാസ്റ്റേഴ്‌സ്

പുതിയ പരിശീലകൻ, പുതിയ വിദേശതാരങ്ങൾ, ഒപ്പം മികച്ച യുവസംഘം. എട്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷവെക്കാനുള്ള ടീമുണ്ട്. പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ ഇഷ്ടശൈലി 4-2-3-1 ആണെങ്കിലും രണ്ടു വിദേശതാരങ്ങളെ മുന്നേറ്റത്തിലിറക്കി 4-4-2 ഫോർമേഷനിൽ കളിക്കാൻ സാധ്യത കൂടുതലാണ്. അർജന്റീനക്കാരൻ യോർഗെ ഡയസും സ്പാനിഷ് താരം അൽവാരോ വാസ്‌ക്വസും മുന്നേറ്റത്തിലും മധ്യനിരയിൽ യുറഗ്വായ് താരം അഡ്രിയൻ ലുണയും ഇറങ്ങും. അവശേഷിക്കുന്ന വിദേശക്വാട്ടയിൽ പ്രതിരോധനിരക്കാരൻ മാർക്കോ ലെസ്‌കോവിച്ചാകും. മലയാളികളായ സഹൽ അബ്ദുസമദിനും കെ.പി. രാഹുലിനും ആദ്യ ഇലവനിൽ ഇടംലഭിക്കും.

കരുത്തോടെ എ.ടി.കെ.

കഴിഞ്ഞ രണ്ടു സീസണുകളിലായി ഒരുമിച്ചു കളിക്കുന്ന കളിക്കാരാണ് കൊൽക്കത്ത ടീമിന്റെ ശക്തി. പരിചയസമ്പന്നനായ പരിശീലകൻ അന്റോണിയോ ഹെബാസിന് മികച്ച ടീമിനെ വാർത്തെടുക്കാൻ സാധിച്ചിട്ടുണ്ട്. നായകൻ റോയ് കൃഷ്ണ-ഡേവിഡ് വില്യംസ്-മൻവീർ സിങ് ത്രയം കളിക്കുന്ന മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞസീസണിൽ മൂവർസംഘം 26 ഗോൾ നേടി. മധ്യനിരയിലേക്ക് ഫ്രഞ്ച് താരം ഹ്യൂഗോ ബൗമാസിന്റെ വരവ് ടീമിന്റെ ശക്തികൂട്ടി. ടിറിയും കാൾ മക്‌ഹോയും അണിനിരക്കുന്ന പ്രതിരോധവും ശക്തം.

സാധ്യതാ ടീം: ബ്ലാസ്റ്റേഴ്‌സ് - ആൽബിനോ ഗോമസ്, ഹർമൻ ജ്യോത് ഖബ്ര, ലെസ്‌കോവിച്ച്, അബ്ദുൾ ഹക്കു, ജെസെൽ കാർനെയ്‌റോ, കെ.പി. രാഹുൽ, ജീക്‌സൻ സിങ്, സഹൽ, അഡ്രിയൻ ലൂണ, യോർഗെ ഡയസ്, അൽവാരോ വാസ്‌ക്വസ്

എ.ടി.കെ. - അമരീന്ദർ സീങ്, പ്രീതം കോട്ടാൽ, മക്‌ഹോ, സുഭാശിഷ് ബോസ്, മൻവീർ, ലെന്നി റോഡ്രിഗസ്, ദീപക് ടാഗ്രി, മൈക്കൽ സൂസെരാജ്, ബൗമാസ്, ഡേവിഡ് വില്യംസ്, റോയ് കൃഷ്ണ.

ഒരു ഗോള്‍ 14 മരങ്ങള്‍

കോഴിക്കോട്: ഇത്തവണ ബ്ലാസ്റ്റേഴ്സ് ഗോള്‍ നേടുമ്പോള്‍ ആരാധകര്‍ക്കു മാത്രമല്ല പരിസ്ഥിതിയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അതില്‍ ആഹ്ലാദിക്കാന്‍ കാരണമുണ്ട്. ഇക്കുറി കേരള ക്ലബ്ബ് നേടുന്ന ഓരോ ഗോളിനും കേരളത്തില്‍ 14 വൃക്ഷത്തൈകളാണ് നടാന്‍ പോകുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പടയാണ് വ്യത്യസ്തമായ ഗോള്‍ ആഘോഷം സംഘടിപ്പിക്കുന്നത്. ബ്ലാസ്റ്റേഴ്സിന്റെ പരിസ്ഥിതിപ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്ന് മഞ്ഞപ്പട സംസ്ഥാന കമ്മിറ്റി അംഗം പ്രണവ് ഇളയാട്ട് പറഞ്ഞു.

ഓരോ ഗോളിനും ഓരോ ജില്ലയിലും ഒരു വൃക്ഷത്തൈ നടും. മഞ്ഞപ്പടയുടെ ജില്ലാതല കൂട്ടായ്മകള്‍ക്കാണ് ഇതിന്റെ ചുമതല. പൊതുസ്ഥലങ്ങളില്‍ നടുന്നതിന് പ്രധാന്യം നല്‍കും. കളിയില്‍ ടീം കൂടുതല്‍ ഗോളുകള്‍ നേടുന്നതിനനുസരിച്ച് തൈകളുടെ എണ്ണവും കൂടും.

ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തില്‍ ഗോള്‍ ആഘോഷത്തെ പ്രകൃതിസ്‌നേഹവുമായി ചേര്‍ത്തുവെക്കുന്ന മാതൃക അധികമൊന്നുമില്ല. മഞ്ഞപ്പടയുടെ തീരുമാനത്തിന് ക്ലബ്ബും സൂപ്പര്‍ ലീഗും മികച്ച പിന്തുണനല്‍കുന്നു.