മഡ്ഗാവ്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ ആദ്യജയത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിൽ. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളി. വ്യാഴാഴ്ച രാത്രി 7.30-നാണ് മത്സരം.

ആദ്യകളിയിൽ കരുത്തരായ എ.ടി.കെ. മോഹൻബഗാനോട് 4-2 ന് കീഴടങ്ങിയതിന്റെ ക്ഷീണത്തിലാണ് കേരള ടീം. ആദ്യപകുതിയിലെ പ്രതിരോധ പാളിച്ചകളാണ് ടീമിന് തിരിച്ചടിയായത്. രണ്ടാം മത്സരത്തിനിറങ്ങുമ്പോൾ പ്രതിരോധം ശക്തിപ്പെടുത്താനാകും പരിശീലകൻ ഇവാൻ വുകോമാനോവിച്ചിന്റെ ശ്രമം. സെൻട്രൽ ഡിഫൻസിൽ ക്രൊയേഷ്യക്കാരൻ മാർക്കോ ലെസ്‌കോവിച്ചിനൊപ്പം ബോസ്‌നിയൻ താരം എനെസ് സിപോവിച്ചിനേയും കളിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ, മുന്നേറ്റത്തിൽ ഒരു വിദേശ സ്‌ട്രൈക്കർ മാത്രമാകും. മധ്യനിരയിൽ യുറുഗ്വായ് താരം അഡ്രിയൻ ലൂണയുടെ മികച്ച പ്രകടനം ടീമിന് ആത്മവിശ്വാസം പകരുന്നുണ്ട്. യുവതാരം സഹൽ അബ്ദുസമദ് ഗോൾ കണ്ടെത്തിയതും പ്രതീക്ഷ നൽകുന്നു. അതേസമയം, കെ.പി. രാഹുൽ പരിക്കേറ്റ് പുറത്തുപോയത് ടീമിന് കനത്ത തിരിച്ചടിയാണ്.

മറുവശത്ത് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യകളിയിൽ ബെംഗളൂരു എഫ്.സിയോട് 4-2 ന് തോറ്റിരുന്നു. ദെഷാം ബ്രൗൺ- വി.പി.സുഹൈർ- മാത്യു കൗറെർ ത്രയം അപകടകരമാണ്.