ബംബോലിം: ലീഡ് കളഞ്ഞുകളിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ സമനില. നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ് സമനിലയിൽ തളച്ചത് (2-2). രണ്ടുതവണ മുന്നിലെത്തിയ ശേഷമാണ് കേരള ടീം സമനില വഴങ്ങിയത്. ഞായറാഴ്ച ചെന്നൈയിൻ എഫ്.സി.ക്കെതിരേയാണ് ടീമിന്റെ അടുത്ത മത്സരം.
സെർജി സിഡോഞ്ച (5), ഗാരി ഹൂപ്പർ (പെനാൽട്ടി-45) എന്നിവർ ബ്ലാസ്റ്റേഴ്‌സിനായി സ്കോർ ചെയ്തു. ക്വാസി ആപ്പിയ (51), ഇദ്രിസ സില്ല (90) എന്നിവർ നോർത്ത് ഈസ്റ്റിനായി ലക്ഷ്യം കണ്ടു. നോർത്ത് ഈസ്റ്റിന് ലഭിച്ച പെനാൽട്ടി ആപ്പിയ നഷ്ടപ്പെടുത്തുകയും ചെയ്തു. ആദ്യകളിയിൽ എ.ടി.കെ. മോഹൻബഗാനോട് ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു.
അന്തരിച്ച ഫുട്ബോൾ ഇതിഹാസം മാറഡോണയ്ക്ക് ആദരമർപ്പിച്ചുകൊണ്ടാണ് മത്സരം തുടങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് ടീമിൽ നാല് മാറ്റങ്ങളുണ്ടായിരുന്നു. നിഷുകുമാർ, സെയ്ത്യസെൻ, പുടിയ, രോഹിത് കുമാർ എന്നിവർ ആദ്യ ഇലവനിലെത്തി. മലയാളി താരങ്ങളായ സഹൽ അബ്ദുസമദ്, പ്രശാന്ത്, ഋത്വിക് ദാസ്, നോങ്ഡാംബ എന്നിവർ പുറത്തായി.
ആദ്യപകുതിയിൽ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. പന്ത് കൈവശം വെക്കുന്നതിലും മികച്ച ആക്രമണങ്ങൾ നടത്തുന്നതിലും ടീം മികച്ചുനിന്നു. സെയ്ത്യസെൻ സിങ്ങിന്റെ ഫ്രീകിക്കിൽനിന്ന് സെർജിയോ സിഡോഞ്ചയുടെ ഹെഡർ നോർത്ത് ഈസ്റ്റ് വലയിലെത്തി. ആദ്യപകുതിയുടെ അവസാന മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സ് ലീഡുയർത്തി. പുടിയയെ രാകേഷ് പ്രധാൻ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഗാരി ഹൂപ്പർ പിഴവുകളില്ലാതെ വലയിലെത്തിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ കോർണർകിക്കിൽനിന്ന് വന്ന പന്ത് ക്ലിയർ ചെയ്യുന്നതിൽ ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പരാജയപ്പെട്ടപ്പോൾ ക്വാസി ആപ്പിയ പന്ത് വലയിലാക്കി. എന്നാൽ, 66-ാം മിനിറ്റിൽ ലഭിച്ച പെനാൽട്ടി ആപ്പിയ പാഴാക്കി. ആപ്പിയയെ ജെസെൽ കാർനെയ്‌റോ വീഴ്ത്തിയതിനാണ് റഫറി പെനാൽട്ടി വിധിച്ചത്. കളിയുടെ അവസാനമിനിറ്റിൽ പകരക്കാരൻ ഇദ്രിയ സില്ലയിലൂടെ നോർത്ത് ഈസ്റ്റ് സമനില കണ്ടെത്തി.
Content Highlights: Kerala Blasters FC vs NorthEast United FC Highlights: KER 2-2 NEUFC at full-time