കോഴിക്കോട്: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഇത്തവണത്തെ മികച്ച പ്രകടനത്തിനുപിന്നിൽ പരിശീലകന്റെ തന്ത്രങ്ങളും കളിക്കാരുടെ മികവുമെല്ലാമുണ്ടാകും. മികച്ച പകരക്കാരുടെ സാന്നിധ്യവും അതിനൊപ്പം ചേർത്തുവെക്കണം.

മുൻകാലങ്ങളിൽ ആദ്യ ഇലവനിലെ ഏതെങ്കിലും താരം കളിക്കാതിരുന്നാൽ പകരംവെക്കാൻ അതിനൊത്ത താരങ്ങളില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ടീം അനുഭവിച്ചിരുന്നു. എട്ടാം സീസണിൽ അവസരം മുതലാക്കുന്ന പകരക്കാരുടെ വിജയകഥകളാണ് ടീമിന് പറയാനുളളത്.

മികച്ച റിസർവ് ബെഞ്ച് കളിക്കാരാണ് പലപ്പോഴും ടീമുകളുടെ തലവര മാറ്റിയെഴുതാറുള്ളത്. ഇത്തവണ ബ്ലാസ്റ്റേഴ്‌സിന് മികച്ച ആദ്യ ഇലവനും അതിനൊത്ത പകരക്കാരുടെ നിരയുമുണ്ട്. കഴിഞ്ഞ കളിയിൽ നായകൻ ജെസെൽ കാർനെയ്‌റോക്ക് പകരം വിങ് ബാക്കായെത്തിയ നിഷുകുമാറിന്റെ തകർപ്പൻ പ്രകടനംതന്നെ ഒടുവിലത്തെ ഉദാഹരണം. ആദ്യഗോൾ നേടിയതും നിഷുകുമാറാണ്. ഒന്നാം നമ്പർ ഗോളി ആൽബിനോ ഗോമസ് പരിക്കേറ്റ് പുറത്തായപ്പോൾ പകരമെത്തിയ പ്രഭ്‌സുഖൻ ഗിൽ ഗോൾഡൻ ഗ്ലൗ പട്ടികയിൽ ഇപ്പോൾ ഒന്നാം സ്ഥാനത്താണ്. എട്ടു മത്സരം കളിച്ച 19-കാരൻ ഗോളി നാല് ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കി. 22 സേവുകളുമുണ്ട്.

വിങ്ങർ കെ.പി. രാഹുൽ പരിക്കേറ്റ് പുറത്തായപ്പോൾ എത്തിയ വിൻസി ബാരറ്റോയും സെൻട്രൽ ഡിഫൻസിൽ പകരക്കാരനായെത്തി സ്ഥിരം സാന്നിധ്യമായ ഹോർമിപാമും മറ്റ്‌ ഉദാഹരണങ്ങൾ. വിദേശതാരത്തെ പുറത്തിരുത്തിയാണ് ഹോർമിപാമിന് പരിശീലകൻ അവസരം നൽകുന്നത്. വലതുവിങ്ങിൽ മികച്ച താരങ്ങളുടെ സാന്നിധ്യം വിൻസിയുടെ അവസരം കുറയ്ക്കുന്നു.

നോർത്ത് ഈസ്റ്റിനെതിരേ പകരക്കാരനായെത്തിയശേഷമാണ് പുടിയ മിഡ്ഫീൽഡിൽ സ്ഥാനമുറപ്പിക്കുന്നത്. അതിനുശേഷം മിക്കവാറും എല്ലാമത്സരങ്ങളിലും പുടിയ ആദ്യ ഇലവനിൽ എത്തി. പ്രതിരോധത്തിലും മധ്യനിരയിലും നല്ല പകരക്കാരുള്ളത് പരിശീലകനും ടീമിനും വലിയ ആത്മവിശ്വാസം നൽകുന്നു. ഏതെങ്കിലും ഒരു താരം മാറിനിൽക്കുന്നത് കഴിഞ്ഞ 11 മത്സരങ്ങളിലും ടീമിന് അനുഭവപ്പെടാതെപോയത് അതിനൊത്ത ബാക്കപ്പ് ഉള്ളതിനാലാണ്.