ന്യൂയോർക്ക്: യു.എസ്. ഓപ്പൺ ടെന്നീസിൽ ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിച്ച് മൂന്നാം റൗണ്ടിൽ കടന്നപ്പോൾ വനിതാവിഭാഗം ടോപ്‌സീഡ് കരോളിന പ്ലിസ്‌കോവ അട്ടിമറിക്കപ്പെട്ടു.

ബ്രിട്ടന്റെ കെയ്ൽ എഡ്മുണ്ടിന് ആദ്യ സെറ്റ് അടിയറ വെച്ചശേഷമായിരുന്നു ജോക്കോവിച്ചിന്റെ തിരിച്ചുവരവ്. (6-7, 6-3, 6-4, 6-2). റോജർ ഫെഡററും റാഫേൽ നഡാലും ഇല്ലാത്ത ചാമ്പ്യൻഷിപ്പിൽ കിരീടപ്രതീക്ഷയിലാണ് ജോക്കോവിച്ച്.

ലോക മൂന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ പ്ലിസ്‌കോവയുടെ മോഹങ്ങൾ രണ്ടാം റൗണ്ടിൽ തല്ലിക്കൊഴിച്ചത് ഫ്രാൻസിന്റെ കരോളിൻ ഗാർസിയയാണ് (6-1, 7-6).

നാലാം സീഡ് ജപ്പാന്റെ നവോമി ഒസാക്ക, ആറാം സീഡ് ചെക്ക് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവ, ജർമനിയുടെ ആഞ്ജലിക് കെർബർ തുടങ്ങിയവരും വനിതാവിഭാഗം മൂന്നാം റൗണ്ടിൽ കടന്നു. ഒസാക്ക 6-1, 6-2ന് കാമില ഗിയോർഗിയെയും ക്വിറ്റോവ 7-6, 6-2ന് കറ്റേരിന കോസ്ലോവായെയും കെർബർ 6-3, 7-6ന് അന്ന ലെന ഫ്രീഡ്‌സാമിനെയും തോൽപ്പിച്ചു.

പുരുഷവിഭാഗത്തിൽ നാലാം സീഡ് ഗ്രീസിന്റെ സ്റ്റെഫാനോ സിറ്റ്‌സിപാസ് 7-6, 6-3, 6-4ന് അമേരിക്കയുടെ മാക്സിം ക്രെസിയെ തോൽപ്പിച്ച് മൂന്നാം റൗണ്ടിലെത്തി.