ബംബോലിം: മികച്ച ആക്രമണ ഫുട്‌ബോൾ പുറത്തെടുത്ത ഹൈദരാബാദ് എഫ്.സി.ക്ക് ഇന്ത്യൻ സൂപ്പർലീഗ് ഫുട്‌ബോളിൽ ജയത്തുടക്കം. ഒഡീഷ എഫ്.സി.യെ (1-0) തോൽപ്പിച്ചു. 34-ാം മിനിറ്റിൽ പെനാൽട്ടിയിൽ നിന്ന് നായകൻ അരിഡാന സന്റാന വിജയഗോൾ നേടി. ടീമിന്റെ ജയത്തിൽ നിർണായക പങ്ക് വഹിച്ച സ്പാനിഷ് മുന്നേറ്റനിരക്കാരൻ സന്റാന കളിയിലെ താരവുമായി.
ഹൈദരാബാദും ഒഡീഷയും 4-2-3-1 ശൈലിയിലാണ് കളിച്ചത്. ആദ്യപകുതിയിൽ ഹൈദരാബാദ് മികച്ച ആക്രമണ ഫുട്‌ബോൾ കാഴ്ചവെച്ചു. അരിഡാനെ സന്റാന- മുഹമ്മദ് യാസിർ- നിഖിൽ പുജാരി-ഹോളിച്ചരൺ നർസാറി എന്നിവരടങ്ങുന്ന ആക്രമണസംഘം ഒഡീഷയുടെ ഗോൾമുഖത്ത് നിരന്തരം ഭീഷണിയുയർത്തി. മറുവശത്ത് മാഴ്‌സലീന്യോ- മാനുവൻ ഒൻവു- ഡീഗോ മൗറീഷ്യ ത്രയം പ്രത്യാക്രമണങ്ങളിലാണ് ശ്രദ്ധനൽകിയത്. ആദ്യപകുതി അവസാനിക്കുമ്പോൾ 11 ഷോട്ടുകളാണ് ഹൈദരാബാദിൽ നിന്നുണ്ടായത്. ഇതിൽ നാലെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഒഡീഷയിൽ നിന്ന് ലക്ഷ്യത്തിലേക്കുണ്ടായത് ഒരുഷോട്ട് മാത്രം.
34-ാം മിനിറ്റിൽ ഹൈദരാബാദിന്റെ ഗോൾ വന്നു. സന്റാനയുടെ പാസ് സ്വീകരിച്ച് നർസാറിയുടെ ഷോട്ട് വീണുതടുക്കാൻ ശ്രമിച്ച ഒഡീഷ നായകൻ സ്റ്റീവൻ ടെയ്‌ലറുടെ കൈയിൽ പന്ത് തട്ടി. ഇതോടെ റഫറി പെനാൽട്ടി വിധിച്ചു. കിക്കെടുത്ത സന്റാന അനായാസം ലക്ഷ്യം കണ്ടു. തുടർന്ന് സന്റാനയും നർസാറിയും രണ്ടുതവണ ഒഡീഷ പോസ്റ്റ് ലക്ഷ്യം വെച്ചെങ്കിലും ഗോളി അർഷ്ദീപ് സിങ് രക്ഷകനായി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഒഡീഷയുടെ നന്ദകുമാർശേഖർ മികച്ച അവസരം നഷ്ടപ്പെടുത്തി. ഹൈദരാബാദ് നിരയിൽ പകരക്കാരനായി ലിസ്റ്റൺ കോളാസോ എത്തിയതോടെ ആക്രമണം കനത്തു. എന്നാൽ നേരിയ വ്യത്യാസത്തിൽ ഗോൾ ഒഴിഞ്ഞു.
Content Highlights: ISL 2020-21 Santana seals it for Hyderabad