കൊച്ചി: പന്ത്രണ്ട് മിനിറ്റിനിടെ മൂന്നു ഗോൾ. അതും ഒരു ഗോളിന് പിന്നിൽനിന്നശേഷം. പിന്നെ രണ്ട് ഗോൾ കൂടി. കളിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് തന്നെയാണോയെന്ന് കടുത്ത ആരാധകർപോലും സംശയിച്ചുപോയ പ്രകടനം... നിർണായകമത്സരത്തിൽ സ്വന്തം മണ്ണിൽ തകർപ്പൻ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിൽ പ്രതീക്ഷ നിലനിർത്തി. ഹൈദരാബാദ് എഫ്.സി.യെ 5-1-ന് കീഴടക്കി.

നായകൻ ബർത്തലോമ്യു ഒഗ്‌ബെച്ച ഇരട്ട ഗോൾ (33, 75) നേടി. വ്ളാറ്റ്‌കോ ഡ്രോബറോവ് (39) മെസി ബൗളി (45), സെത്യാസെൻ സിങ് (59) എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിന്റെ സ്കോറർമാർ. ബോബോ(14) ഹൈദരാബാദിനായി സ്കോർ ചെയ്തു.

സീസണിലെ രണ്ടാം ജയം

സീസണിലെ ആദ്യ മത്സരത്തിൽ ജയിച്ച ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ മാത്രം ജയമാണിത്. ഇതോടെ 11 കളിയിൽ 11 പോയിന്റായ ടീം ഏഴാം സ്ഥാനത്തേക്ക് കയറി. ജയത്തോടെ പ്ലേ ഓഫ് സാധ്യത നിലനിൽക്കുന്നു. 12-ന് എ.ടി.കെ.യ്ക്കെതിരേ കൊൽക്കത്തയിലാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി. കൊച്ചിയിലെ അടുത്ത കളി ഫെബ്രുവരി ഒന്നിന് ചെന്നൈയിൻ എഫ്.സി.ക്കെതിരേയാണ്.

ഗോളുകൾ

ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് ചറപറ ഗോളുകൾ എതിർവലയിലേക്ക് അടിച്ചുകയറ്റിയത്. 33-ാം മൂന്ന് ഡിഫൻഡർമാർക്കിടയിലൂടെ സുയ് വെർലോൺ നീട്ടി നൽകിയ പന്ത് ഗോൾകീപ്പർ കട്ടിമണിയെ വെട്ടിച്ചുകടന്ന് ഒഗ്‌ബെച്ച അനായാസം ഹെദരാബാദ് വലയിലെത്തിച്ചു. 39-ാം മിനിറ്റിൽ സെത്യാസെൻ സിങ് പോസ്റ്റിന് സമാന്തരമായി നൽകിയ പന്തിൽ കൃത്യമായി കാൽവെച്ച് ഡ്രോബറോവ് ലക്ഷ്യം കണ്ടു. ഹൈദരാബാദിന് കാര്യങ്ങൾ മനസ്സിലായി വരുംമുമ്പ് അടുത്ത ഗോളും വീണു. 45-ാം മിനിറ്റിൽ മെസി-നർസാരി കോമ്പിനേഷനിൽ നിന്നായിരുന്നു ഗോൾ. മെസി ആദ്യം നർസാരിക്ക് നൽകിയ പന്ത് ഒന്നാന്തരം ക്രോസായി തിരികെയെത്തിയപ്പോൾ മെസി വെറുതേ കാൽവെച്ചു. 3-1.

59-ാം മിനിറ്റിൽ പന്തുമായി ഒറ്റയ്ക്ക് കയറിയ സെത്യാസെൻ സിങ്ങിന്റെ ഷോട്ട് ഹൈദരാബാദ് ഗോളി കട്ടിമണിയുടെ കൈയിൽത്തട്ടി വലയിൽ കയറി. 75-ാം മിനിറ്റിൽ മെസ്സി വീണിടത്തുനിന്ന് തട്ടിക്കൊടുത്ത പന്തിൽ ലക്ഷ്യം കണ്ട് ഒഗ്‌ബെച്ച പട്ടിക തികച്ചു.

ഹൈദരാബാദിന്റെ ഗോൾ

14-ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്‌സിന്റെ ഹാഫിൽനിന്ന് കിട്ടിയ പന്ത് അഭിഷേക് ഹാൽദറിന് നീട്ടിനൽകുന്ന ബോബോ. ഇത് ബോക്സിന്റെ ഇടത്തേ മൂലയിലേക്ക് മാഴ്‌സലിന്യോയ്ക്ക് നൽകി. പോസ്റ്റിലേക്ക് ഓടിക്കയറിയ അദ്ദേഹം സമാന്തരമായി നൽകിയ പന്തിൽ കാൽവെക്കുന്ന ചുമതലയേ ബോബോക്കുണ്ടായിരുന്നുള്ളൂ.

നാലു മാറ്റങ്ങൾ

നാലു മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. പരിക്കിനുശേഷം ഡിഫൻഡർ ജിയാനി സുയ്‌വെർലോൺ മടങ്ങിയെത്തി. ജീക്സൺ സിങ്, ഹോളിച്ചരൺ നർസാറി, മെസ്സി എന്നിവരും ആദ്യഇലവനിൽ ഇടംപിടിച്ചു.