കൊച്ചി: സത്യം പറഞ്ഞാൽ വിശ്വസിക്കുമോ?... ബ്ലാസ്റ്റേഴ്‌സ് റെഡിയാണ്. കഴിഞ്ഞതെല്ലാം മറന്നേക്കൂ. ഇത് പുതിയ വരവാണ്. ഐ.എസ്.എൽ. ആറാം പൂരത്തിന്റെ ഉദ്ഘാടനമത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി കൊൽക്കത്തയാണ്. കലൂർ ജവാഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ ഞായറാഴ്ച രാത്രി 7.30-ന് കിക്കോഫ്. പ്രതിരോധത്തിൽ വിശ്വസ്തനായ സന്ദേശ് ജിംഗാൻ ഇല്ല എന്ന സങ്കടമൊഴിച്ചാൽ ബ്ലാസ്റ്റേഴ്‌സ് ആത്മവിശ്വാസത്തിലാണ്. പുതിയ കോച്ചിന്റെ കീഴിൽ ഡിഫൻഡർമുതൽ സ്‌ട്രൈക്കർവരെ എല്ലാ പൊസിഷനിലും പുതിയ താരങ്ങളുണ്ട്. രണ്ടുവട്ടം ചാമ്പ്യൻമാരായ കൊൽക്കത്തയും കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിന്റെ ഓർമകൾ കുടഞ്ഞെറിഞ്ഞാണ് ഉദ്ഘാടന മത്സരത്തിനെത്തുന്നത്.

പുതിയ ബ്ലാസ്റ്റേഴ്‌സ്... പഴയ കൊൽക്കത്ത

മഞ്ഞപ്പട പുതിയ ബ്ലാസ്റ്റേഴ്‌സാകാൻ കൊതിക്കുമ്പോൾ രണ്ടുവട്ടം കിരീടം ചൂടിയ ആ പഴയ കൊൽക്കത്തയാകാനാണ് എ.ടി.കെ.യുടെ വരവ്. ജിംഗാന്റെ അസാന്നിധ്യത്തിൽ ഡച്ച് താരം ജിയാനി സൂവർലൂണാകും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധക്കോട്ടയുടെ കാവൽക്കാരൻ. ലെഫ്റ്റ് ബാക്കായി ലാൽറുവാത്താരയും റൈറ്റ് ബാക്കായി മുഹമ്മദ് റാകിപും കളിക്കുമ്പോൾ മധ്യത്തിൽ സൂവർലൂണിനൊപ്പം ബ്രസീൽ താരം ജൈറോ റോഡ്രിഗ്‌സിനെയുമാണ് ബ്ലാസ്റ്റേഴ്‌സ് കോച്ച് എൽക്കോ ഷട്ടോരി കണ്ടുവെച്ചിരിക്കുന്നത്. ജൈറോക്ക് പരിക്കുള്ളതിനാൽ, പരിചയസമ്പന്നനായ രാജു ഗെയ്ക്‌വാദിനോ മലയാളി താരം അബ്ദുൽ ഹക്കുവിനോ നറുക്കുവീഴും. മറുവശത്ത് അനസ് എടത്തൊടികയുടെ അസാന്നിധ്യത്തിൽ ജോൺ ജോൺസണാകും കൊൽക്കത്തയുടെ പ്രതിരോധം കാക്കുക.

മിഡ്ഫീൽഡിലെ ഊർജം

സെനഗലുകാരൻ മുസ്തഫ നിങ് എന്ന ഡിഫൻസീവ് മിഡ്ഫീൽഡറിൽനിന്ന് തുടങ്ങുന്ന ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിൽ സ്പാനിഷ് താരം സെർജിയോ സിഡോഞ്ചയും മലയാളിയായ സഹൽ അബ്ദുൽ സമദും ഉറപ്പാണ്. നാലാം സ്ഥാനത്തേക്ക് ഹാലിചരൺ നർസാരിയും സാമുവൽ ലാൽമുവാൻപുയയും മത്സരിക്കും. നർസാരിക്ക് പരിചയസമ്പത്തിന്റെ അധികമൂല്യമുണ്ടെങ്കിൽ സാമുവൽ പ്രതിഭാമൂല്യത്തിൽ മുന്നിലാണ്. മറുവശത്ത് പ്രണോയ് ഹൽദാറിന്റെ നേതൃത്വത്തിൽ ഒഴുകുന്ന കൊൽക്കത്ത മിഡ്ഫീൽഡിൽ സ്പാനിഷ് താരങ്ങളായ ഹാവിയർ ഹെർണാണ്ടസും എഡു ഗാർഷ്യയും പ്രധാനമാകും. ഗാർഷ്യയെ സ്‌ട്രൈക്കറാക്കി കളിപ്പിക്കാനുമിടയുണ്ട്.

ഗോളടിക്കണം... പ്ലീസ്

നൈജീരിയൻ താരവും ക്യാപ്റ്റനുമായ ബർത്തലോമി ഒഗ്‌ബെച്ചേയും കാമറൂൺ താരം മെസ്സി ബൗളിയും ഒന്നിച്ചിറങ്ങുമ്പോൾ വജ്രായുധങ്ങൾ ഒരുമിച്ചെടുക്കുന്ന അനുഭവമാകും ഷട്ടോരിക്ക്. കഴിഞ്ഞ സീസണുകളിലെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ ഏറ്റവും വലിയ പോരായ്മയായിരുന്ന മുന്നേറ്റത്തിലെ മൂർച്ചക്കുറവ് ആഫ്രിക്കൻ ജോടികൾ പരിഹരിച്ചാൽ ബ്ലാസ്റ്റേഴ്‌സ് തകർക്കും. മറുവശത്ത് ഇന്ത്യൻ വംശജനായ ഫിജി താരം റോയ് കൃഷ്ണയും ഓസ്‌ട്രേലിയൻ താരം ഡേവിഡ് വില്യംസും ചേർന്ന ആക്രമണനിരയിലാണ് കൊൽക്കത്തയുടെ പ്രതീക്ഷ. ബൽവന്ത് സിങ്, ജയേഷ് റാണെ, അണ്ടർ-17 ലോകകപ്പ് താരം കോമൾ തട്ടാൽ എന്നിവരുടെ സാന്നിധ്യം ഹെബാസിന്റെ ശക്തികൂട്ടുന്നു.