ടെഹ്റാൻ: ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിലെത്തിയതിന് പിടികൂടപ്പെട്ട ഇറാൻ ആരാധിക, ജയിലിൽ അകപ്പെടുമെന്ന ഭീതിയെത്തുടർന്ന് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഫിഫ ഇടപെടുന്നു. വനിതാ ആരാധകരെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുന്നതിനുള്ള സാധ്യതകൾ ആരാഞ്ഞ് ഫിഫ പ്രതിനിധിസംഘം ഉടൻ ഇറാൻ സന്ദർശിക്കും.
ഫുട്ബോളോ മറ്റ് മത്സരങ്ങളോ കാണാൻ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് 1981 മുതൽ ഇറാനിൽ വനിതകൾക്ക് വിലക്കുണ്ട്. പുരുഷൻമാരുടെ ബലിഷ്ഠമായ, പാതിമാത്രം മറച്ച ശരീരം സ്ത്രീകൾ പരസ്യമായി കാണുന്നത് ശരിയല്ലെന്നാണ് ഇറാൻ അധികൃതരുടെ നിലപാട്. എസ്റ്റെഖ്ലാൽ ഓഫ് ടെഹ്റാൻ ടീമിന്റെ ആരാധികയായ സഹർ ഖൊദായാരിയെ കഴിഞ്ഞ മാർച്ചിലാണ് പോലീസ് പിടികൂടിയത്. ആൺവേഷം ധരിച്ച് സ്റ്റേഡിയത്തിൽ കയറിയെന്നായിരുന്നു കുറ്റം. മൂന്ന് ദിവസം ജയിലിൽ കിടന്നശേഷം ജാമ്യം ലഭിച്ചു. ആറു മാസമായി വിചാരണകാത്ത് കഴിയുകയായിരുന്നു. കഴിഞ്ഞയാഴ്ച കോടതിയിൽ ഹാജരായപ്പോൾ ജഡ്ജി അവധിയായിരുന്നു. മാസങ്ങളോ വർഷങ്ങളോ താൻ ജയിലിൽ കിടന്നേക്കാമെന്ന ഭീതിയിൽ അവർ കോടതിമുറ്റത്ത് വെച്ച് സ്വയം തീകൊളുത്തുകയായിരുന്നു. പിന്നാലെ, ബ്ലു ഗേൾ എന്ന ഹാഷ് ടാഗിൽ സാമൂഹികമാധ്യമങ്ങളിൽ വിഷയം ചർച്ചയായി. തുടർന്നാണ് ഫിഫയുടെ ഇടപെടൽ.
മൂന്നംഗ ഫിഫ സംഘമായിരിക്കും ഇറാൻ സന്ദർശിക്കുക. ഇറാൻ ഫുട്ബോൾ അസോസിയേഷൻ അധികൃതരുമായി അവർ കൂടിക്കാഴ്ച നടത്തും. എന്നാൽ, രാജ്യത്തെ ഭരണനേതൃത്വത്തെ കാണുമോ എന്നതിൽ സ്ഥിരീകരണമില്ല.
ലോകകപ്പ് യോഗ്യതാമത്സരങ്ങൾ കാണാൻ വനിതകളെ അനുവദിക്കണമെന്ന് ഫിഫ ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഓഗസ്റ്റ് 31-നുമുമ്പ് സമ്മതം അറിയിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒക്ടോബർ 10-ന് ലോകകപ്പ് യോഗ്യതാമത്സരത്തിൽ ഇറാൻ നാട്ടിൽ കംബോഡിയയെ നേരിടുന്നുണ്ട്. ഈ മത്സരത്തിലേക്ക് വനിതകളെ പ്രവേശിപ്പിക്കുമെന്ന് ഇറാൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, അത് നടപ്പാകുമെന്ന കാര്യത്തിൽ ഉറപ്പില്ല.
വനിതകൾക്ക് സ്റ്റേഡിയങ്ങളിലുള്ള നിരോധനം എഴുതപ്പെട്ട നിയമത്തിലുള്ളതല്ലെന്നും അടിച്ചേൽപ്പിക്കപ്പെട്ട ഈ ഏർപ്പാട് ഫിഫയുടെ ചട്ടങ്ങൾക്കെതിരാണെന്നും ഹ്യൂമൻ റൈറ്റ്സ് വാച്ച് അഭിപ്രായപ്പെടുന്നു.