ദുബായ് : കോവിഡ് കാരണം മേയിൽ നിർത്തിവെച്ച െഎ.പി.എൽ. ക്രിക്കറ്റിലെ ശേഷിച്ച മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കം. വൈകീട്ട് 7.30-ന് ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ്- ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തോടെ ടൂർണമെന്റ് പുനരാരംഭിക്കും. ഇന്ത്യൻ ഒാപ്പണർ രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസ് നിലവിലെ ജേതാക്കളാണ്. ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ എം.എസ്. ധോനി നയിക്കുന്ന ചെന്നൈ ടീം മൂന്നുവട്ടം കിരീടം നേടിയിട്ടുണ്ട്. ഇന്ത്യയിൽ മത്സരം നടന്നുകൊണ്ടിരിക്കേ, കോവിഡ് രൂക്ഷമായതിനെത്തുടർന്നാണ് മത്സരം നിർത്തിവെച്ചത്. ശേഷിച്ച മത്സരങ്ങൾ യു.എ.ഇ.യിലേക്ക് മാറ്റുകയായിരുന്നു. 31 മത്സരങ്ങളാണ് നടക്കാനുള്ളത്. ഫൈനൽ ഒക്ടോബർ എട്ടിന് ദുബായിൽ.