ജക്കാർത്ത: ഇൻഡൊനീഷ്യൻ ഓപ്പൺ ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധു സെമിയിൽ. വെള്ളിയാഴ്ച വനിതാ സിംഗിൾസ് ക്വാർട്ടറിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയ്മുകൾക്ക് (21-14, 21-7) തോൽപ്പിച്ചാണ് ഇന്ത്യൻ താരത്തിന്റെ മുന്നേറ്റം.

ചൈനയുടെ ചെൻ യുഫേയിയാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി.

രണ്ടാം റാങ്കുകാരിയായ ഒകുഹാരയ്ക്കെതിരേ അനായാസമായാണ് സിന്ധുവിന്റെ ജയം. മത്സരം 44 മിനിറ്റുമാത്രമേ നീണ്ടുനിന്നുള്ളൂ. ആദ്യഗെയ്മിൽ തുടക്കംതൊട്ടേ സിന്ധു ലീഡ് സ്വന്തമാക്കി. 4-2ൽനിൽക്കെ തുടരെ രണ്ടു പോയന്റ് സ്വന്തമാക്കി ഒകുഹാര ഗെയ്മിൽ ഒപ്പമെത്തി. 6-6ൽനിൽക്കെ തുടരെ മൂന്ന് പോയന്റ് സ്വന്തമാക്കി സിന്ധു ലീഡുയർത്തി. പിന്നീട് ഗെയ്മിൽ ഒരിക്കൽപ്പോലും സിന്ധുവിനൊപ്പമെത്താൻ ജാപ്പനീസ് താരത്തിനായില്ല. രണ്ടാം ഗെയ്മിലും സിന്ധുവിന് വെല്ലുവിളിയുയർത്താൻ ഒകുഹാരയ്ക്ക്‌ സാധിച്ചില്ല. തുടക്കത്തിലെടുത്ത ലീഡ് ഇന്ത്യൻ താരം നഷ്ടപ്പെടുത്തിയില്ല.

2019-ൽ ഫോം കണ്ടെത്താൻ പരാജയപ്പെട്ട സിന്ധുവിന്റെ വൻതിരിച്ചുവരവുകൂടിയാണിത്. സുധിർമാൻ കപ്പിന്റെ രണ്ടാം റൗണ്ടിൽ പുറത്തായ സിന്ധു ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യറൗണ്ടിൽ തോറ്റിരുന്നു.

ഒകുഹാരയ്ക്കെതിരേ ആകെ 15 മത്സരം കളിച്ച സിന്ധുവിന്റെ എട്ടാം ജയമാണിത്.

Content Highlights: indonesian open badminton; pv sindhu enters semi final