ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്‌ബോളിന്റെ അടുത്ത സീസണിൽ ഐ ലീഗ് ടീമുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും കളിച്ചേക്കുമെന്ന് സൂചന. ഫ്രാഞ്ചൈസി ഫീസായ 15 കോടി നൽകാനില്ലാത്തതിനാലാണ് ഇരുടീമുകളുടെയും ഐ.എസ്.എൽ. പ്രവേശനം നടക്കാത്തത്. ഈ വർഷത്തെ ഐ ലീഗ് സീസൺ ഒക്ടോബർ 26-ന് തുടങ്ങുന്നത് സംബന്ധിച്ച പത്രസമ്മേളനത്തിലാണ് ദേശീയ ഫുട്‌ബോൾ ഫെഡറേഷൻ (എ.ഐ.എഫ്.എഫ്.) ഭാരവാഹികൾ ഇരു ടീമുകളുടെയും ഐ.എസ്.എൽ. പ്രവേശം സംബന്ധിച്ച് സൂചനനൽകിയത്.
ഐ ലീഗ് ടീമുകളുടെ ഐ.എസ്.എൽ. പ്രവേശം സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നൽകാതെ ഫെഡറേഷൻ ഭാരവാഹികൾ ഒഴിഞ്ഞുമാറിയെങ്കിലും ഈസ്റ്റ് ബംഗാൾ താരം ലാൽറിന്ദിക റാൽതെ മനസ്സുതുറന്നു. ഈസ്റ്റ് ബംഗാൾ അടുത്ത ഐ.എസ്.എൽ. സീസണിൽ കളിക്കുമെന്ന് കേൾക്കുന്നതായും അങ്ങനെയെങ്കിൽ ഇത് തങ്ങളുടെ അവസാന ഐ ലീഗാകുമെന്നും താരം പറഞ്ഞു. കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തായിരുന്നു ഈസ്റ്റ് ബംഗാൾ. മിനർവ പഞ്ചാബ് ചാമ്പ്യൻമാരായപ്പോൾ നെറോക്ക, മോഹൻ ബഗാൻ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി.
മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും വലിയ ആരാധകവൃന്ദമുണ്ട്. എ.എസ്.എൽ. പ്രവേശത്തിനുള്ള പണം കണ്ടെത്താൻ ഇവർക്ക് പുതിയ സ്പോൺസർമാരെ ലഭിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇതുസംബന്ധിച്ച് അന്തിമതീരുമാനം ഇതുവരെ എടുത്തിട്ടില്ല.
ഇത്തവണ 10 സംസ്ഥാനങ്ങളിൽനിന്നായി 11 ടീമുകളാണ് ഐ ലീഗിൽ മാറ്റുരയ്ക്കുന്നത്. ശ്രീനഗറിൽനിന്നുള്ള റിയൽ കശ്മീരാണ് ഇത്തവണ പുതുമുഖം. കേരളത്തിൽനിന്ന് ഗോകുലം കേരള എഫ്.സി.യാണ് ഇത്തവണയും രംഗത്തുള്ളത്. ഗോകുലത്തിന്റെ ആദ്യമത്സരം ഈമാസം 27-ന് വൈകീട്ട് അഞ്ചിന് മോഹൻ ബഗാനെതിരേയാണ്.