ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ റിയോ ഒളിമ്പിക്‌സ് ഫൈനലിന്റെ തനിയാവര്‍ത്തനം. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഒളിമ്പിക് വെള്ളിമെഡല്‍ ജേത്രി പി.വി. സിന്ധു സ്വര്‍ണമെഡലിനുടമയായ സ്‌പെയിനിന്റെ കരോളിന മരിനുമായി മാറ്റുരയ്ക്കും. ശനിയാഴ്ച നടന്ന സെമിയില്‍ സിന്ധു രണ്ടാം സീഡ് ദക്ഷിണകൊറിയയുടെ സുങ് ജി ഹ്യൂണിനെ കടുത്തമത്സരത്തില്‍ മറികടന്നു. സ്‌കോര്‍: 21-18, 14-21, 21-14. ഇന്ത്യന്‍ ഓപ്പണില്‍ സിന്ധുവിന്റെ ആദ്യഫൈനലാണിത്. മത്സരം തീരാന്‍ ഒരു മണിക്കൂറും നാലു മിനിറ്റുമെടുത്തു.

ജപ്പാന്റെ അക്കാനെ യമാഗുച്ചിയെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്പിച്ചാണ് ടോപ് സീഡായ മരിന്‍ ഫൈനലിലെത്തിയത് (16-21, 14-21). പുരുഷവിഭാഗം സിംഗിള്‍സ് കിരീടത്തിനായി ഡെന്മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സല്‍സണും തായ്‌പേയിയുടെ ചൗ ടിയെന്‍ ചെന്നും ഏറ്റുമുട്ടും. ഹോങ്കോങ്ങിന്റെ ആംഗസ് എങ് കാ ലോങ്ങിനെ 21-12, 21-13ന് തോല്പിച്ചാണ് ആക്‌സല്‍സണ്‍ തുടരെ മൂന്നാം തവണയും ഫൈനലിലെത്തിയത്. ചെന്‍ സെമിയില്‍ ഡെന്മാര്‍ക്കിന്റെ ആന്‍!േഡഴ്‌സ് ആന്റണ്‍സണെ മറികടന്നു (21-17, 21-14).

റിയോ ഒളിമ്പിക്‌സില്‍ മരിനുമുന്നില്‍ സ്വര്‍ണം അടിയറവെയ്‌ക്കേണ്ടിവന്ന ലോക അഞ്ചാം നമ്പറായ സിന്ധുവിന് പകരംവീട്ടാനുള്ള സുവര്‍ണാവസരമാണ് കൈവന്നിട്ടുള്ളത്. ഒന്നാം ഗെയിമില്‍ പിന്നില്‍നിന്നും തിരിച്ചുകയറിയാണ് സിന്ധു ലീഡുനേടിയത്. ഒരു ഘട്ടത്തില്‍ 3-6ന് പിന്നിലായിരുന്ന ഹൈദരാബാദുകാരി തിരിച്ചടിച്ച് 9-7 ലീഡുപിടിച്ചു. പിന്നീട് 11-9, 17-13 ക്രമത്തില്‍ ലീഡുനേടിയെങ്കിലും തുടരെ മൂന്നു പോയന്റുകള്‍ നേടി (17-16) ഹ്യൂണ്‍ വിരട്ടി. എന്നാല്‍, 24 മിനിറ്റില്‍ 21-18 മാര്‍ജിനില്‍ ഇന്ത്യന്‍ താരം ആദ്യഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടക്കത്തില്‍ ലീഡുനേടിയ സിന്ധു തുടരെ ആറുപോയന്റുകള്‍ നഷ്ടപ്പെടുത്തി എതിരാളിക്ക് മേധാവിത്തം (6-11) സമ്മാനിച്ചു. ഇതില്‍നിന്നും തിരിച്ചുവരാന്‍ ഇന്ത്യക്കാരിക്ക് കഴിഞ്ഞില്ല (14-21).

നിര്‍ണായകമായ മൂന്നാം ഗെയിമില്‍ സിന്ധുവിന് നല്ല തുടക്കംകിട്ടി. തുടരെ നാലുപോയന്റുകള്‍ നേടി 11-4 ലീഡിലേക്ക് കുതിച്ചു. തിരിച്ചടിച്ച സ്‌പെയിന്‍കാരി അടുപ്പിച്ച് മൂന്നു പോയന്റുനേടി സ്‌കോര്‍ 7-11 ആക്കി. എന്നാല്‍, മുന്‍തൂക്കം വിട്ടുകൊടുക്കാതെ മുന്നേറിയ സിന്ധു 21-14ന് ഗെയിമും മാച്ചും കരസ്ഥമാക്കി. 16 മിനിറ്റില്‍ മൂന്നാം ഗെയിം തീര്‍ന്നു.