PR sreejesh
പി.ആര്‍ ശ്രീജേഷ്  

ന്യുൂഡൽഹി: ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും വലിയ മെഡൽനേട്ടമുണ്ടാക്കിയ ഇന്ത്യയുടെ കായികപ്രതിഭകൾക്ക് ആവേശകരമായ വരവേൽപ്പ്. ടോക്യോ ഒളിമ്പിക്‌സ് കഴിഞ്ഞ് തിങ്കളാഴ്ച വൈകീട്ട് ഡൽഹിയെത്തിയ താരങ്ങളെ കാണാൻ വലിയ ജനക്കൂട്ടം കാത്തുനിൽപ്പുണ്ടായിരുന്നു.

ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജ് ചോപ്ര, വെങ്കലം നേടിയ ഹോക്കി ടീം അംഗവും മലയാളിയുമായി പി.ആർ. ശ്രീജേഷ് തുടങ്ങിയവർ ടീമിനൊപ്പമുണ്ട്. ഇന്ത്യൻ സംഘത്തെ സ്വീകരിക്കാൻ സ്പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) ഡയറക്ടർ ജനറൽ സന്ദീപ് പ്രഥാൻ, ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫെഡേറേഷന്റെ തലവൻ അദീലെ സുമരിവാല എന്നിവർക്കൊപ്പം വലിയ സംഘം വിമാനത്താവളത്തിൽ എത്തിയിരുന്നു.

കളിക്കാരെ കാണാനും ഒപ്പംനിന്ന് ഫോട്ടോയെടുക്കാനും ആളുകൾ ഓടിയെത്തിയതോടെ വിമാനത്താവളത്തിൽ അല്പനേരം വലിയ തിരക്കുണ്ടായി. പോലീസ് പാടുപെട്ടാണ് രംഗം നിയന്ത്രിച്ചത്.

‘‘ഒളിമ്പിക്‌സ് കഴിഞ്ഞെത്തുമ്പോൾ ഇത്രയും വലിയ സ്വീകരണം കിട്ടുന്നത് ആദ്യം. ഇത് തീർത്തും വൈകാരികമായി’’ -2012 ലണ്ടൻ ഒളിമ്പിക്‌സിലും പങ്കെടുത്തിട്ടുള്ള മലയാളി നടത്തക്കാരൻ കെ.ടി. ഇർഫാൻ പറഞ്ഞു.

ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമടക്കം ഏഴു മെഡലുകളാണ് ഇന്ത്യ ടോക്യോ ഒളിമ്പിക്‌സിൽ നേടിയത്. 120-ലേറെ അത്‌ലറ്റുകൾ അടക്കം 228 പേർ ഉൾപ്പെട്ടതായിരുന്നു ഇന്ത്യൻ സംഘം. വെങ്കലജേതാക്കളായ ബാഡ്മിന്റൺ താരം പി.വി. സിന്ധു, ഭാരോദ്വഹനത്തിൽ വെങ്കലം നേടിയ മീരാബായ് ചാനു തുടങ്ങിയവർ നേരത്തേ ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു.

Content Highlight: Indian Olympic teams arrive in Delhi