അഹമ്മദാബാദ്: ഒരു ബൗണ്ടറിയും പിന്നാലെ സിക്സുമടിച്ച് വിരാട് കോലി ഇന്ത്യയുടെ വിജയം പൂർത്തിയാക്കി. കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് ഇന്ത്യയും ക്യാപ്റ്റൻ വിരാട് കോലിയും പ്രായശ്ചിത്തം ചെയ്തു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റിൽ ഏഴു വിക്കറ്റിനാണ് ആതിഥേയരുടെ ജയം. സ്‌കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ആറിന് 164. ഇന്ത്യ: 17.5 ഓവറിൽ മൂന്നിന് 166.

വിരാട് കോലി ( 49 പന്തിൽ 73*),

ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇഷാൻ കിഷൻ (32 പന്തിൽ 56), ഋഷഭ് പന്ത് (13 പന്തിൽ 26) എന്നിവരാണ് ഇന്ത്യയുടെ ചേസിങ്ങിന് നേതൃത്വം നൽകിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് നന്നായി തുടങ്ങിയെങ്കിലും ഇന്ത്യ മികച്ച ബൗളിങ്ങിലൂടെ സ്കോറിങ് നിയന്ത്രിക്കുകയായിരുന്നു. ജേസൺ റോയ് 35 പന്തിൽ 46 റൺസടിച്ചു. ഡേവിഡ് മലാൻ (24), ഒയിൻ മോർഗൻ (28), ജോണി ബെയർസ്റ്റോ (20), ബെൻ സ്റ്റോക്സ് (24) എന്നിവർ പിടിച്ചുനിന്നു.

165 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് അക്കൗണ്ട് തുറക്കുംമുമ്പ് കെ.എൽ. രാഹുലിനെ (0) നഷ്ടമായി. സാം കറൻ എറിഞ്ഞ ആദ്യ ഓവർ മെയ്ഡൻ വിക്കറ്റ്. എന്നാൽ, ആദ്യ അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഇഷാൻ കിഷൻ അതിന്റെ ആശങ്കകളൊന്നുമില്ലാതെ ബാറ്റുവീശി. അന്താരാഷ്ട്ര മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ, ജോഫ്ര ആർച്ചറെ ഫോർ അടിച്ചുകൊണ്ടാണ് തുടങ്ങിയത്.

അഞ്ച് ഓവറിൽ ഇന്ത്യ ഒരു വിക്കറ്റിന് 34, ആറാം ഓവറിൽ ഇഷാന്റെ രണ്ട് ബൗണ്ടറിയും ഒരു സിക്സും അടക്കം 16 റൺസ്, ഏഴാം ഓവറിൽ കോലിയുടെയും ഇഷാന്റെയു ഓരോ സിക്സ് അടക്കം 17 റൺസ്. അപകടകരമായ ബൗളിങ് നിരയ്‌ക്കെതിരേ ഇന്ത്യൻ സഖ്യം ആധിപത്യം സ്ഥാപിച്ചു. പത്തു റൺസിൽ നിൽക്കേ കോലിയെ ജോസ് ബട്‌ലറും 40 റൺസിൽ ഇഷാനെ ബെൻ സ്റ്റോക്‌സും കൈവിട്ടിരുന്നു. പത്താം ഓവറിൽ ആദിൽ റഷീദിനെ തുടർച്ചയായി രണ്ടു സിക്സ് അടിച്ചുകൊണ്ടാണ് ഇഷാൻ അർധസെഞ്ചുറി തികച്ചത്. സിക്സിലൂടെയാണ് കോലിയും അർധസെഞ്ചുറിയിലെത്തിയത്.

കോലി അഞ്ച് ഫോറും മൂന്ന് സിക്സും അടിച്ചപ്പോൾ ഇഷാൻ അഞ്ച് ഫോറും നാല് സിക്സും കണ്ടെത്തി.

ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലറെ (0) ഇന്നിങ്‌സിലെ മൂന്നാം പന്തിൽ ഭുവനേശ്വർ കുമാർ എൽബിയിലൂടെ പുറത്താക്കി. എന്നാൽ, 10 ഓവറിൽ രണ്ടു വിക്കറ്റിന് 74 റൺസിലെത്തി. അവസാന ഓവറുകളിൽ മികച്ച ബൗളിങ്ങിലൂടെ ഇന്ത്യ സ്കോറിങ് പിടിച്ചുനിർത്തുകയായിരുന്നു. അവസാന ഏഴ് ഓവറിലും 10 റൺസിലെത്താൻ ഇംഗ്ലണ്ടിനായില്ല. അവസാന അഞ്ച് ഓവറിൽ നേടിയത് 35 റൺസ് മാത്രം. രണ്ടാം സ്പെല്ലിൽ ഭുവനേശ്വർ കുമാറും ശാർദൂൽ ഠാക്കൂറും തന്ത്രപരമായ ബൗളിങ്ങിലൂടെ റൺ ഒഴുക്ക് നിയന്ത്രിക്കുകയായിരുന്നു.

ഓപ്പണറായി എത്തി നല്ല സ്കോറിലേക്ക് നീങ്ങുകയായിരുന്ന ജാസൺ റോയി (35 പന്തിൽ 46) അർധസെഞ്ചുറിയിലെത്താനുള്ള ശ്രമത്തിൽ വാഷിങ്ടൺ സുന്ദറിന്റെ പന്തിൽ ഭുവിക്ക് ക്യാച്ച് നൽകിയത് പ്രധാനമായി. ഇന്ത്യയ്ക്കുവേണ്ടി വാഷിങ്ടൺ സുന്ദർ, ശാർദൂൽ ഠാക്കൂർ എന്നിവർ നാല് ഓവറിൽ 29 റൺസ് വീതം വഴങ്ങി രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി. ഭുവനേശ്വറും ചാഹലും ഓരോ വിക്കറ്റ് നേടി.

സൂര്യകുമാർ, ഇഷാൻ അരങ്ങേറി

അഹമ്മദാബാദ്: മുൻനിര ബാറ്റ്‌സ്മാൻമാരായ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ ഞായറാഴ്ച ഇന്ത്യയ്ക്കുവേണ്ടി ആദ്യ മത്സരം കളിച്ചു.

content highlights: india wins twenty 20 cricket match against england