ഇസ്‌ലാമാബാദ്: പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പരയിൽനിന്ന് ന്യൂസീലൻഡ് പിന്മാറാൻ ഇടയായ ‘മുന്നറിയിപ്പ്’ നൽകിയത് ഇന്ത്യയാണെന്ന് പാകിസ്താൻ വാർത്താവിനിമയ മന്ത്രി ഫവാദ് ചൗധരി ആരോപിച്ചു.

ക്രിക്കറ്റ് പരമ്പരയ്ക്കായി പാകിസ്താനിൽ എത്തിയ ന്യൂസീലൻഡ് ടീം, ഒരു മത്സരംപോലും കളിക്കാതെ കഴിഞ്ഞയാഴ്ച തിരിച്ചുപോയിരുന്നു. സുരക്ഷാഭീഷണിയുണ്ടെന്ന് ന്യൂസീലൻഡ് സർക്കാർ അറിയിച്ചതിനെത്തുടർന്നാണ് മത്സരം റദ്ദാക്കി ടീം തിരിച്ചുപോയത്. സുരക്ഷാഭീഷണിയുണ്ടെന്ന വിവരത്തിന്റെ ഉറവിടം ഇന്ത്യയാണെന്ന ഗുരുതരമായ ആരോപണമാണ് ബുധനാഴ്ച പാക് മന്ത്രി ഉയർത്തിയത്. ഇ-മെയിൽ വഴിയാണ് ന്യൂസീലൻഡിന് മുന്നറിയിപ്പ് കിട്ടിയതെന്നും അതിന്റെ ഉറവിടം ഇന്ത്യയാണെന്നും സിംഗപ്പൂരിൽനിന്നാണ് മെയിൽ അയച്ചതെന്നും പാക് മന്ത്രി പറഞ്ഞു.