ദുബായ്: യുവകളിക്കാരിൽ പ്രതീക്ഷയർപ്പിച്ച പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ നീക്കം പിഴച്ചില്ല. സൗഹൃദമത്സരത്തിൽ കരുത്തരായ ഒമാനെ തളച്ച് ഇന്ത്യ (1-1). സ്‌ട്രൈക്കർ മൻവീർ സിങ് (55) ഇന്ത്യക്കായി സ്കോർ ചെയ്തപ്പോൾ സാഹിർ അൽ അഗ്ബാരി (42) ഒമാനായി ലക്ഷ്യം കണ്ടു.

സെൽഫ് ഗോളിൽ വില്ലനായെങ്കിലും പെനാൽട്ടികിക്ക് രക്ഷപ്പെടുത്തിയും മികച്ച സേവുകൾ നടത്തിയും അമരീന്ദർ സിങ് കൈയടി നേടുകയും ചെയ്തു. ഇന്ത്യക്കായി പത്ത് കളിക്കാർ മത്സരത്തിൽ അരങ്ങേറി. മലയാളിതാരം മഷൂർ ഷെരീഫും ആദ്യമത്സരത്തിനിറങ്ങി.

4-2-3-1 ശൈലിയിലാണ് ഇന്ത്യ ആദ്യപകുതിയിൽ കളിച്ചത്. മൻവീർ സിങ് ഏക സ്‌ട്രൈക്കറായപ്പോൾ അഷിഖ് കുരുണിയനും ബിപിൻസിങ്ങും വിങ്ങുകളിൽ കളിച്ചു. സുരേഷ് സിങ്- ജീക്സൻ സിങ്-റൗളിൽ ബോർഗെസ് എന്നിവർ മധ്യനിരയിൽ ഇറങ്ങി. നായകൻ സന്ദേശ് ജിംഗാനൊപ്പം ചിങ്‌ലെൻസന സിങ് സെൻട്രൽ ഡിഫൻസിൽ കളിച്ചപ്പോൾ അശുതോഷ് മേത്തയും ആശിഷ് റായിയും വിങ്ബാക്കുകളായി. അമരീന്ദർ സിങ്ങാണ് ഗോൾവല കാത്തത്.

ആദ്യപകുതിയിൽ പ്രതിരോധത്തിലൂന്നിയാണ് ഇന്ത്യ കളിച്ചത്. മധ്യനിര നിറം മങ്ങുകയും ചെയ്തു. 27-ാം മിനിറ്റിൽ ഒമാന് പെനാൽട്ടി കിക്ക് ലഭിച്ചു. റൗളിൻ ഒമാൻ താരം വീഴ്ത്തിയതിന് ലഭിച്ച കിക്ക് അമരീന്ദർ സിങ് രക്ഷപ്പെടുത്തി. 42-ാം മിനിറ്റിൽ ഒമാൻ ലീഡെടുത്തു. അൽ അഗ്ബാരിയുടെ കൈയിലൊതുക്കുന്നതിൽ അമരീന്ദർ പരാജയപ്പെട്ടു. പന്ത് ചിങ്‌ലെൻസനയുടെ കാലിൽ തട്ടി വലയിൽ കയറി.

രണ്ടാം പകുതിയിൽ പരിശീലകൻ ഇഗോർ സ്റ്റിമാച്ച് മധ്യനിര അഴിച്ചുപണിതു. റൗളിനെയും ജീക്‌സനെയും പിൻവലിച്ച് അപുയയും റെയ്‌നിയർ ഫെർണാണ്ടസും കളത്തിലിറങ്ങി. ഇതോടെ ഇന്ത്യയുടെ കളിമാറി. ഒമാൻ ഹാഫിലേക്ക് അതിവേഗത്തിൽ പ്രത്യാക്രമണങ്ങൾ വന്നു. അതുപോലെയൊരു അതിവേഗ നീക്കത്തിലാണ് ഇന്ത്യയുടെ ഗോളും വന്നത്. വേഗത്തിൽ മുന്നോട്ടുകയറി അശുതോഷ് മേത്ത പിടിച്ചെടുത്ത പന്ത് ബിപിൻ ഫെർണാണ്ടസിന് നൽകി. ബിപിന്റെ എണ്ണം പറഞ്ഞ ക്രോസിന് കൃത്യമായി തലവെച്ച് മൻവീർ ഇന്ത്യയുടെ സമനില ഗോളും നേടി. തുടർന്ന് ഒമാൻ ആക്രമണം ശക്തിപ്പെടുത്തിയെങ്കിലും ഇന്ത്യൻ ഗോൾകീപ്പർ അമരീന്ദർ മിന്നുന്ന സേവുകളുമായി രക്ഷകനായി.