കാൻപുർ: രണ്ടാം ഇന്നിങ്‌സിൽ അഞ്ചിന് 51 എന്ന നിലയിൽ തകർന്നശേഷം ഇന്ത്യ അദ്ഭുതകരമായി തിരിച്ചുവന്നു. വാലറ്റത്തെ മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുകളിലൂടെ ഏഴിന് 234 റൺസെടുത്ത് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 284 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലൻഡിന്റെ ഓപ്പണർ വിൽ യങ്ങിനെ (2) പുറത്താക്കി ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ പിടിമുറുക്കി. സ്‌കോർ: ഇന്ത്യ 345, ഏഴിന് 234. ന്യൂസീലൻഡ് 296, ഒരു വിക്കറ്റിന് 4. ഒമ്പതു വിക്കറ്റും ഒരുദിവസവും ശേഷിക്കേ 280 റൺസ് പിറകിലാണ് കിവീസ്.

ശ്രേയസ്, സാഹ രക്ഷിച്ചു

ആദ്യ സെഷനിൽ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ട് അഞ്ചിന് 51-ലെത്തിയ ഇന്ത്യയെ ശ്രേയസ് അയ്യർ (65), വൃദ്ധിമാൻ സാഹ (61*), ആർ. അശ്വിൻ (32), അക്‌സർ പട്ടേൽ (28*) എന്നിവർ കരകയറ്റുകയായിരുന്നു. തുടർന്ന് മൂന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടായി. ആറാം വിക്കറ്റിൽ ശ്രേയസ്-അശ്വിൻ സഖ്യം 52 റൺസും തുടർന്ന് ശ്രേയസ്-സാഹ സഖ്യം 64 റൺസും സാഹ-അക്‌സർ സഖ്യം 67 റൺസും അടിച്ചു.

ഒന്നിന് 14 എന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക്‌ ഞായറാഴ്ച ആദ്യം നഷ്ടമായത് ചേതേശ്വർ പുജാരയെ (22). കൈൽ ജാമിസണിന്റെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച്. പകരമെത്തിയ ക്യാപ്റ്റൻ രഹാനെ (4) പതിനഞ്ചാം പന്തിൽ അജാസ് പട്ടേലിനുമുന്നിൽ എൽബി ആയി. മായങ്ക് അഗർവാൾ (17), രവീന്ദ്ര ജഡേജ (0) എന്നിവരെ ഒരേ ഓവറിൽ ടിം സൗത്തി പുറത്താക്കി. ഇവിടെവെച്ച് ഒത്തുചേർന്ന ശ്രേയസ്-അശ്വിൻ സഖ്യം കളിയുടെ ഗതി മാറ്റുകയായിരുന്നു. ശ്രേയസ് എട്ടു ഫോറും ഒരു സിക്‌സും നേടിയപ്പോൾ ടെസ്റ്റിൽ ആറാം അർധസെഞ്ചുറി കുറിച്ച സാഹ നാലുഫോറും ഒരു സിക്‌സും നേടി. ഇതിനിടയിലും കണിശതയോടെ പന്തെറിഞ്ഞ ടിം സൗത്തിയും കൈൽ ജാമിസണും മൂന്നു വിക്കറ്റുവീതം നേടി. ഒരു വിക്കറ്റ് അജാസ് പട്ടേൽ നേടി.

വെളിച്ചക്കുറവുമൂലം കളി നേരത്തേ നിർത്താൻ സാധ്യതയുള്ളതിനാൽ ചായകഴിഞ്ഞ് 20 ഓവർ കഴിഞ്ഞപ്പോൾ ഇന്ത്യ 234-ന് ഡിക്ലയർ ചെയ്തു.

യങ്ങിന്റെ നിർഭാഗ്യം

രണ്ടാം ഇന്നിങ്‌ങ്ങിൽ ആർ. അശ്വിനും അക്‌സർ പട്ടേലും ചേർന്നാണ് ഇന്ത്യയുടെ ബൗളിങ് തുടങ്ങിയത്. പല പന്തുകളും അപകടം വിതച്ചു. അശ്വിന്റെ രണ്ടാം ഓവറിലെ അവസാന പന്തിലെ എൽ ബി അപ്പീലിൽ അമ്പയർ വീരേന്ദർ ശർമ സംശയിച്ചശേഷം ഔട്ട് വിധിച്ചു. ഓഫ് സ്റ്റമ്പിന് വെളിയിൽ കുത്തിയ പന്ത് നന്നായി താഴ്ന്ന് ടേൺ ചെയ്താണ് യങ്ങിന്റെ കാലിൽകൊണ്ടത്. നീണ്ട ആലോചനയ്ക്കുശേഷം റിവ്യൂ നൽകിയെങ്കിലും സമയം കഴിഞ്ഞിരുന്നു. ഇതോടെ യങ് (2) ക്രീസ് വിട്ടു. പക്ഷേ, റിവ്യൂവിൽ പന്ത് ലെഗ്‌സ്റ്റമ്പിന് പുറത്തേക്കാണെന്ന് ബോധ്യമായി. ദൗർഭാഗ്യകരമായി വിക്കറ്റ് നഷ്ടം. ടോം ലാഥം (2*), വില്യം സോമർവിൽ (0*) എന്നിവർ ബാറ്റിങ് തുടരുന്നു.