ദുബായ്: ക്രിക്കറ്റ് ഗ്രൗണ്ടിലെ പോരാട്ടങ്ങളുടെ പോരാട്ടം, ആവേശത്തിന്റെ അലകടൽ. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുമ്പോൾ ഈ ടൂർണമെന്റിലെ ഏറ്റവും വാശിയേറിയ മത്സരത്തിനാണ് ഞായറാഴ്ച ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയം സാക്ഷ്യം വഹിക്കാൻ പോകുന്നത്. ഇന്ത്യ- പാകിസ്താൻ കളികൾക്ക് എന്നും കായിക മത്സരത്തിനപ്പുറത്തെ പ്രാധാന്യം കിട്ടാറുണ്ട്. ലോകകപ്പിലാകുമ്പോൾ ആ ആവേശം ഇരട്ടിക്കും. മത്സരം വൈകീട്ട് 7.30 മുതൽ ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ.

ഇന്ത്യ അജയ്യർ

ട്വന്റി 20, ഏകദിന ലോകകപ്പുകളിൽ പാകിസ്താനെതിരേ കളിച്ച 12 മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ഏകദിന ലോകകപ്പിൽ ഏഴും ട്വന്റി 20 യിൽ അഞ്ചും കളികൾ. ട്വന്റി 20 യിലെ ഒരു മത്സരം സമനിലയായെങ്കിലും ബൗൾ ഔട്ടിൽ വിജയം ഇന്ത്യയ്ക്കായി. ഈ ചരിത്രം ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരും.

ഇന്ത്യയും പാകിസ്താനും ഓരോ തവണ ട്വന്റി 20 ലോകകപ്പ് നേടിയിട്ടുണ്ട്. 2007-ലെ പ്രഥമ ലോകകപ്പിന്റെ ഫൈനലിൽ പാകിസ്താനെ തോൽപ്പിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

കഴിഞ്ഞയാഴ്ച ദുബായിൽ സമാപിച്ച ഐ.പി.എലിൽ കളിച്ചവരാണ് ഇന്ത്യൻ താരങ്ങളെല്ലാം. അതുകൊണ്ടുതന്നെ ഇവിടുത്തെ കാലാവസ്ഥയും പിച്ചും ഏറെ പരിചിതം. പാകിസ്താനും തങ്ങളുടെ സ്വന്തം നാടുപോലെ പരിചിത സ്ഥലമാണിത്.

ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, രോഹിത് ശർമ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിവരെല്ലാം ഐ.പി.എലിലും അതിനുശേഷം സന്നാഹ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയാണ് ലോകകപ്പ് വേദിയിലെത്തുന്നത്. സന്നാഹ മത്സരത്തിൽ കരുത്തരായ ഇംഗ്ലണ്ടിനെയും ഓസ്‌ട്രേലിയയെയും ഇന്ത്യ ആധികാരികമായി തോൽപ്പിച്ചു.

സന്നാഹ മത്സരത്തിൽ പാകിസ്താൻ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചപ്പോൾ ദക്ഷിണാഫ്രിക്കയോട് തോറ്റു. ട്വന്റി 20 ബാറ്റിങ്ങിൽ മുൻനിരക്കാരായ ക്യാപ്റ്റൻ ബാബർ അസം, മുഹമ്മദ് റിസ്വാൻ എന്നിവരാണ് പാകിസ്താന്റെ പ്രധാന ശക്തി. ഇടംകൈയൻ പേസർ ഷഹീൻ ഷാ അഫ്രിഡിയും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തും.

പിച്ച്: ബാറ്റിങ്ങിന് അനുകൂലമായ പിച്ച് എന്നാണ് റിപ്പോർട്ട്. ഈയടുത്ത് രണ്ടാമത് ബാറ്റുചെയ്യുന്ന ടീമിനൊപ്പമാണ് കൂടുതൽ വിജയം.

ആദ്യം ബാറ്റുചെയ്യുമ്പോൾ ശരാശരി സ്കോർ: 143