ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിനു മുന്നോടിയായുള്ള രണ്ടാം സന്നാഹമത്സരത്തിൽ ബുധനാഴ്ച ഓസ്‌ട്രേലിയയെ എട്ടു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ടൂർണമെന്റിനൊരുങ്ങി. സ്‌കോർ: ഓസ്‌ട്രേലിയ 20 ഓവറിൽ അഞ്ചിന് 152, ഇന്ത്യ 17.5 ഓവറിൽ രണ്ടിന് 153.

തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരേയും ഇന്ത്യ ആധികാരിക ജയം നേടിയിരുന്നു. ഞായറാഴ്ച പാകിസ്താനെതിരേയാണ് ലോകകപ്പിൽ ഇന്ത്യയുടെ ആദ്യമത്സരം.

ആദ്യം ബാറ്റുചെയ്ത ഓസ്‌ട്രേലിയയുടെ മുൻനിര തകർന്നപ്പോൾ സ്റ്റീവൻ സ്മിത്ത് (48 പന്തിൽ 57), ഗ്ലെൻ മാക്‌സ്‌വെൽ (28 പന്തിൽ 37) എന്നിവർ ചേർന്ന് കരകയറ്റി. അവസാനഘട്ടത്തിൽ മാർക്കസ് സ്റ്റോയ്‌നിസ് (25 പന്തിൽ 41*) ആഞ്ഞടിച്ചപ്പോഴാണ് മാന്യമായ സ്‌കോറിൽ എത്തിയത്.

മറുപടിബാറ്റിങ്ങിൽ ഇന്ത്യയ്ക്കുവേണ്ടി ക്യാപ്റ്റൻ രോഹിത് ശർമ 41 പന്തിൽ 60 റൺസെടുത്ത് റിട്ടയർചെയ്തു. മറ്റൊരു ഓപ്പണർ കെ.എൽ. രാഹുലും (31 പന്തിൽ 39) തിളങ്ങിയതോടെ ഓപ്പണിങ്ങിൽ 68 റൺസ് ചേർത്തു. വൺഡൗണായി എത്തിയ സൂര്യകുമാർ യാദവും (27 പന്തിൽ 38) തകർത്തു. ഹാർദിക് പാണ്ഡ്യ 14 റൺസുമായി പുറത്താകാതെനിന്നു. രോഹിത് അഞ്ചു ഫോറും മൂന്നു സിക്സും പറത്തിയപ്പോൾ രാഹുൽ രണ്ടു ഫോറും മൂന്നു സിക്‌സും നേടി. സൂര്യകുമാർ അഞ്ചു ഫോറും ഒരു സിക്‌സും അടിച്ചു.

മത്സരത്തിൽ ഇന്ത്യ അടിമുടി പരീക്ഷണമായിരുന്നു. വിരാട് കോലിക്ക് പകരം രോഹിത് ശർമ ടീമിനെ നയിച്ചപ്പോൾ ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായി. ഭുവനേശ്വർ കുമാർ, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദൂൽ ഠാക്കൂർ, വിരാട് കോലി, രാഹുൽ ചഹാർ, വരുൺ ചക്രവർത്തി എന്നീ ഏഴുപേർ ബൗൾ ചെയ്തു. വൺഡൗണായി സൂര്യകുമാറിനെ ഇറക്കി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയയെ തുടക്കത്തിൽ ഇന്ത്യൻ ബൗളർമാർ കെട്ടിയിട്ടു. പേസ് ബൗളർ ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവറിൽ രണ്ട് വൈഡ് സഹിതം മൂന്നു റൺ മാത്രം. രണ്ടാം ഓവറിൽത്തന്നെ ക്യാപ്റ്റൻ രോഹിത് ശർമ ആർ. അശ്വിനെ പരീക്ഷിച്ചു. ആ ഓവറിലെ അവസാന രണ്ടു പന്തുകളിൽ ഡേവിഡ് വാർണർ (1), മിച്ചൽ മാർഷ് (0) എന്നിവരെ അശ്വിൻ മടക്കിയയച്ചു. നാലാം ഓവർ എറിഞ്ഞ രവീന്ദ്ര ജഡേജ ആദ്യപന്തിൽ ആരോൺ ഫിഞ്ചിനെ എൽ.ബി.യിലൂടെ പുറത്താക്കിയപ്പോൾ ഓസ്‌ട്രേലിയ മൂന്നിന് 11 റൺസ്.

നാലാം വിക്കറ്റിൽ 61 റൺസെടുത്ത സ്റ്റീവൻ സ്മിത്ത്-ഗ്ലെൻ മാക്‌സ്‌വെൽ സഖ്യമാണ് ഓസ്‌ട്രേലിയയെ തിരിച്ചുകൊണ്ടുവന്നത്. സ്‌റ്റോയ്‌നിസ് നാലു ഫോറും ഒരു സിക്‌സും പറത്തി അവസാനഘട്ടത്തിൽ റൺറേറ്റ് ഉയർത്തി. സ്മിത്ത് ഏഴു ഫോർ നേടി.

ആർ. അശ്വിൻ രണ്ട് ഓവറിൽ എട്ടു റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റെടുത്തപ്പോൾ ഭുവനേശ്വർ നാല് ഓവറിൽ 27 റൺസിനും ജഡേജ 35 റൺസിനും ഓരോ വിക്കറ്റ് നേടി. രാഹുൽ ചഹാർ മൂന്ന് ഓവറിൽ 17 റൺസിന് ഒരു വിക്കറ്റെടുത്തു.