കോലി 52 പന്തിൽ 80*
രോഹിത് 34 പന്തിൽ 64
സൂര്യകുമാർ 17 പന്തിൽ 32
ഹാർദിക് 17 പന്തിൽ 39*

 

അഹമ്മദാബാദ്: ക്രീസിൽ ഇറങ്ങിയവരെല്ലാം ബാറ്റുകൊണ്ട് തീപ്പൊരിപറത്തിയപ്പോൾ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാൻ നിയോഗിക്കപ്പെട്ട ഇന്ത്യ 20 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 224 റൺസെടുത്തു. രോഹിത് ശർമ (34 പന്തിൽ 64), വിരാട് കോലി (52 പന്തിൽ 80*), സൂര്യകുമാർ യാദവ് (17 പന്തിൽ 32), ഹാർദിക് പാണ്ഡ്യ (17 പന്തിൽ 39*) എന്നിവരാണ് ട്വന്റി 20-യിൽ ഇന്ത്യയുടെ ഉയർന്ന നാലാമത്തെ സ്കോറിലെത്തിച്ചത്.

ആദിൽ റഷീദ് എറിഞ്ഞ ഒന്നാം ഓവറിൽ മൂന്നു റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. മൂന്നാം ഓവറിൽ റഷീദിനെതിരേ സിക്സടിച്ച രോഹിത് പെട്ടെന്ന് കളിയുടെ ടോൺ മാറ്റി. അടുത്ത ഓവറിൽ മാർക് വുഡിനെതിരേ രണ്ടു ഫോർ. നാല് ഓവർ പിന്നിടുമ്പോൾ ഇന്ത്യ 35. ആറാം ഓവറിൽ മാർക് വുഡിനെ കോലി സിക്സടിച്ചതോടെ ടീം അമ്പതുകടന്നു. അതേ ഓവറിൽ രോഹിതും ഒരു സിക്സ് നേടി. പിന്നീട് സിക്സുകളുടെ അയ്യരുകളിയായിരുന്നു. ഏഴാം ഒാവറിൽ ക്രിസ് ജോർദാനെതിരേയും എട്ടാം ഓവറിൽ സാം കറനെതിരേയും ഒമ്പതാം ഓവറിൽ ബെൻ സ്റ്റോക്‌സിനെതിരേയും രോഹിത് ഓരോ സിക്സ് നേടി. ഇതിനിടെ 30 പന്തിൽ അർധസെഞ്ചുറി കുറിച്ചു. ട്വന്റി 20-യിൽ രോഹിതിന്റെ 22-ാം അർധസെഞ്ചുറി. ഒമ്പതാം ഓവറിലെ അവസാന പന്തിൽ സ്റ്റോക്‌സ് രോഹിതിനെ ക്ലീൻ ബൗൾ ചെയ്യുമ്പോൾ 34 പന്തിൽ 64 റൺസിലെത്തിയിരുന്നു. അതിൽ നാല് ഫോറും അഞ്ച് സിക്സുമുണ്ട്.

രോഹിതിന് പകരം സൂര്യകുമാർ യാദവ് വന്നപ്പോൾ ‘പിടിച്ചതിനേക്കാൾ വലുത് മാളത്തിൽ’ എന്ന അവസ്ഥയിലായി ഇംഗ്ലണ്ട്. കഴിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ സിക്‌സ് അടിച്ചുകൊണ്ട് തുടങ്ങിയ സൂര്യകുമാർ ഇക്കുറി രണ്ടാം പന്തിലും മൂന്നാം പന്തിലും സിക്സ് നേടി. തുടർന്ന് ക്രിസ് ജോർദാനെതിരേ തുടർച്ചയായി മൂന്ന് ഫോർ നേടി. കോലിയുടെ ഒരു ഫോർ അടക്കം ഈ ഓവറിൽ 19 റൺസടിച്ചു.

അതിനൊടുവിൽ ഒരു റിലേ ക്യാച്ചിലൂടെയാണ് സൂര്യകുമാർ യാദവിനെ പുറത്താക്കിയത്. ബൗണ്ടറി ലൈനിൽവെച്ച് ക്രിസ് ജോർദാൻ കൈയിലെടുത്ത പന്ത് ജാസൺ റോയിക്ക് എറിഞ്ഞുകൊടുത്ത് ജോർദാൻ ബൗണ്ടറി കടന്നുപോയി. 17 പന്തുകൾ മാത്രം നേരിട്ട സൂര്യകുമാർ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 32 റൺസിലെത്തിയിരുന്നു.

അവിടെയും അവസാനിച്ചില്ല. നാലാമനായി ഇറക്കിയത്, ഹാർദിക് പാണ്ഡ്യയെ. അതോടെ വിരാട് കോലിയും ചാർജ് ആയി. സൂര്യകുമാർ മടങ്ങുമ്പോൾ 29 പന്തിൽ 37 റൺസായിരുന്നു കോലിക്ക്. 36-ാം പന്തിൽ അർധസെഞ്ചുറി കുറിച്ചു. ട്വന്റി 20-യിൽ കോലിയുടെ 28-ാമത് അർധസെഞ്ചുറിയാണിത്. പിന്നെ ഒരു ഓവറിൽ കുറഞ്ഞത് രണ്ട് ഫോർ എന്നതായിരുന്നു കണക്ക്. ചിലപ്പോൾ അത് രണ്ട് സിക്സുകളായി. അവസാന അഞ്ച് ഓവറിൽ ഇന്ത്യ 67 റൺസ് ചേർത്തു. 52 പന്തിൽ ഏഴ് ഫോറും രണ്ടു സിക്സും സഹിതമാണ് 80 റൺസിലെത്തിയത്. ഹാർദിക് നാലു ഫോറും രണ്ടു സിക്‌സും അടിച്ചു. ഇന്ത്യൻ ഇന്നിങ്‌സിൽ ആകെ 11 സിക്‌സും 18 ഫോറുമുണ്ട്.

നാല് ഓവറിൽ 57 റൺസ് വഴങ്ങിയ ക്രിസ് ജോർദാനാണ് കൂടുതൽ തല്ലുവാങ്ങിയത്. ജോഫ്ര ആർച്ചർ നാല് ഓവറിൽ 43 റൺസും മാർക് വുഡ് 53 റൺസും വഴങ്ങി.