അതുല്യം... അവിശ്വസനീയം! ഓസ്‌ട്രേലിയയ്ക്കെതിരേയുള്ള നാലാം ടെസ്റ്റിലെ വിജയത്തിനെ മറ്റെന്താണ്‌ വിശേഷിപ്പിക്കുക! ടെസ്റ്റ്‌ ക്രിക്കറ്റ്‌ വിരസമാണ്‌ എന്നു പറയുന്നവർക്കുള്ള മറുപടി. ‘ടെസ്റ്റ്‌’ എന്ന മത്സരഘടനയെയല്ല കളിക്കാർ ആ വസ്തുവിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ്‌ ടെസ്റ്റ്‌ മത്സരങ്ങൾ ആകർഷകങ്ങളാണോ അനാകർഷകങ്ങളാണോ എന്നതിനുള്ള നിദാനം. എന്തൊക്കെപ്പറഞ്ഞാലും എന്നും എപ്പോഴും ഒരു കളിക്കാരന്റെ മികവിനുള്ള അളവുകോൽ ടെസ്റ്റ്‌ ക്രിക്കറ്റ്‌ തന്നെയാണ്‌.

ഒന്നാം ടെസ്റ്റിലെ കനത്ത പരാജയത്തിനുശേഷമുണ്ടായ ഇന്ത്യൻ ടീമിന്റെ ഉയിർത്തെഴുന്നേൽപ്പിനെ എത്ര പ്രശംസിച്ചാലും അധികമാവില്ല. കേവലം മുപ്പത്തിയാറു റൺസിന്‌ ഓൾ ഔട്ട്‌ ആയി മനോനിലതകർന്ന ടീമിനെ ഇന്ത്യയിലെ ക്രിക്കറ്റ്‌ പണ്ഡിതന്മാരും വിശ്വക്രിക്കറ്റ്‌ പ്രമാണിമാരും ആക്ഷേപിച്ചതും അധിക്ഷേപിച്ചതും മറക്കാറായിട്ടില്ല. മുഖം നഷ്ടപ്പെടലിനുശേഷം ടീമിന്റെ നായകൻകൂടിയായ ഏറ്റവും പ്രമുഖ ബാറ്റ്‌സ്‌മാൻ ടീമിൽനിന്നു പിന്മാറിയതും അപശകുനം എന്നപോലെ പ്രധാന കളിക്കാർക്ക്‌ പിടിപെട്ട പരിക്കുകളുമൊന്നും ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കാത്തരീതിയിൽ സൗമ്യനായി ടീമിനെ നയിച്ച രഹാനെ എന്ന നായകന്‌ ആയിരം പ്രണാമം.

ലക്ഷ്യബോധവും നിശ്ചയദാർഢ്യവുമുള്ളവരും ഏൽപ്പിച്ച ചുമതല പ്രതീക്ഷയിൽക്കവിഞ്ഞ രീതിയിൽ നിർവഹിക്കുന്നവരുമായ കളിക്കാരുടെ കൂട്ടമാണ്‌ ഒരു നല്ല ടീം. ഈ സ്വഭാവഗുണങ്ങൾ നിർലോപം പ്രകടിപ്പിക്കപ്പെട്ട പലസന്ദർഭങ്ങളും ഈ പരമ്പരയിലുണ്ടായി.

സീനിയർ താരങ്ങളായ അജിൻക്യ രഹാനെയും ചേതേശ്വർ പൂജാരയുമായിരുന്നു കോലിയുടെ അഭാവത്തിൽ ബാറ്റിങ്ങിന്റെ അമരക്കാരാവും എന്നു പ്രതീക്ഷിച്ചിരുന്നത്‌. പൂജാര തന്റെ സ്വതസിദ്ധമായ ശൈലിയിലാണെങ്കിലും സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ചു. രഹാനെ കാര്യമായി ബാറ്റിങ്ങിൽ തിളങ്ങിയില്ലെങ്കിലും രണ്ടാം ടെസ്റ്റിലെ ഗംഭീര സെഞ്ചുറിയിലൂടെ ടീമിന്റെ തലവര മാറ്റിമറിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. ശുഭ്‌മാൻ ഗിൽ ഓപ്പണറായിവന്നത്‌ ടീമിന്റെ സമീപനത്തിൽത്തന്നെ കാര്യമായ മാറ്റം കൊണ്ടുവന്നു. പരിക്കിനുമുമ്പുള്ള ഘട്ടങ്ങളിൽ തന്റെ ഓൾ റൗണ്ട്‌ മികവിലൂടെ ജഡേജ ടീമിന്‌ ഊർജം പകർന്നു. പിന്നീട്‌ പകരക്കാരനായിവന്ന വാഷിങ്‌ടൺ സുന്ദർ ഒരു തുടക്കക്കാരന്റെ പതർച്ചയേതുമില്ലാതെ നാലാം ടെസ്റ്റിലെ വിജയഹേതുവായി മാറിയെന്നത്‌ നിസ്തർക്കം. ശാർദൂൽ ടാക്കൂറിന്റെ പ്രകടനത്തെയും വാഴ്ത്തിയേ പറ്റൂ, ഇവർക്കെല്ലാമുപരി ഋഷഭ്‌ പന്തിന്റെ ബാറ്റിങ്‌ വൈഭവവും. വിജയതുല്യമായ സമനില മൂന്നാം ടെസ്റ്റിൽ നേടിയെടുക്കുന്നതിന്‌ മുഖ്യകാർമികത്വം വഹിച്ച പന്ത്‌ ആ മത്സരം വിജയിപ്പിക്കാനാവാതിരുന്നതിന്റെ പ്രായശ്ചിത്തം എന്നപോലെ ബാറ്റുവീശിയപ്പോൾ കംഗാരുപ്പടയുടെ പേരുകേട്ട പോരാട്ടവീര്യം ഗ്രൗണ്ടിൽ കരിഞ്ഞുചാമ്പലാവുന്ന കാഴ്ചയാണു കണ്ടത്‌. ഇത്തരത്തിൽ ഓരോ ബാറ്റ്‌സ്‌മാനും ഒത്തൊരുമയോടെ പോസിറ്റീവ്‌ ക്രിക്കറ്റ്‌ കളിച്ചപ്പോൾ ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖച്ഛായമാറ്റാൻ കെല്പുള്ള ഒരു ചരിത്രവിജയം ബ്രിസ്‌േബനിൽ സാധ്യമായി.

ബൗളിങ്‌ വിഭാഗത്തിലാണെങ്കിലോ കുന്തമുനയായ ബുംറെയെ നഷ്ടപ്പെട്ടു. അനുഭവസമ്പന്നനായ ഉമേഷ്‌ യാദവും പരിക്കിന്റെ പിടിയിലായി. രവീന്ദ്ര ജഡേജയ്ക്കും പിന്മാറേണ്ടിവന്നു. അവസാന ഘട്ടമായപ്പോഴേക്കും ആദ്യ പരമ്പര കളിക്കുന്ന മുഹമ്മദ്‌ സിറാജ്‌ അരങ്ങേറ്റക്കാരായ വാഷിങ്‌ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, സെയ്‌നി, നടരാജൻ തുടങ്ങിയവരുടെ കൈകളിലായി ഇന്ത്യയുടെ ബൗളിങ്‌ ചുമതല. അനുഭവസമ്പത്തുള്ള ഒരേയൊരു സ്പിന്നർ അശ്വിനും പരിക്കുകാരണം കളത്തിനു പുറത്തായിരുന്നല്ലോ! ബൗളിങ്‌ നിരയും അവസരത്തിനൊത്തുയർന്നു.

ഇത്രത്തോളം തിരിച്ചടികളിൽ നിന്നുകൊണ്ട്‌ ധീരമായി ടീമിനെ നയിച്ച രഹാനെയെയും ചുക്കാൻപിടിച്ച കോച്ച്‌ രവിശാസ്ത്രിയെയും നമിച്ചേ പറ്റൂ. ഓസ്‌ട്രേലിയയിൽവെച്ച്‌ ശക്തരായ ഓസ്‌ട്രേലിയക്കെതിരേ ഇത്തരത്തിലൊരു ടീമിനെവെച്ച്‌ ടെസ്റ്റ്‌ പരമ്പര നേടുക എന്നത്‌ നിസ്സാരകാര്യമല്ല. സ്റ്റീവ്‌സ്മിത്തും ലബുറഷെയനും അടങ്ങുന്ന ബാറ്റിങ്‌ നിരയും മിച്ചൽ സ്റ്റാർക്കും പാറ്റ്‌ കമ്മിൻസും ഹേസൽ വുഡും ലയണുമടങ്ങുന്ന ബൗളിങ്‌ നിരയും ലോകോത്തരംതന്നെയാണ്‌.

നാലാം ദിവസം നാലു റൺസെടുത്ത്‌ ബാറ്റിങ്‌ അവസാനിപ്പിച്ച ഇന്ത്യ അവസാന ദിവസത്തെ തൊണ്ണൂറോവറിൽ ഒരു സമനിലയ്ക്കു ശ്രമിക്കാതെ ആക്രമിച്ചുകളിച്ച്‌ 325 റൺസുകൂടി നേടി. ഇന്ത്യൻ ടീമിന്റെ ഈ സമീപനത്തെ എത്ര പ്രശംസിച്ചാലും മതിയാകില്ല. 328 ആയിരുന്നല്ലോ ലക്ഷ്യം. ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഒന്നാം സ്ഥാനത്തേക്ക്‌ ഇന്ത്യൻ ടീം നടന്നടുക്കുകയാണെന്ന്‌ നിസ്സംശയം പറയാം.