ലണ്ടൻ: കംഗാരുവേട്ട തുടങ്ങിവെച്ച ശിഖർ ധവാന്റെ വെടിയുണ്ടകളൊന്നും പിഴച്ചില്ല. ഒപ്പമിറങ്ങിയ രോഹിതും പിന്നാലെയെത്തിയ കോലിയും ഹാർദികും ധോനിയും എതിരാളികളുടെ നെഞ്ചിലേക്ക് കൃത്യമായിത്തന്നെ വെടിയുതിര്‍ത്തു.മറുപടി ബാറ്റിങ്ങില്‍ ഇടക്കിടെ കംഗാരുക്കള്‍ ഗര്‍ജിക്കാന്‍ നോക്കിയെങ്കിലും നെറുകയില്‍ തന്നെ അടികൊടുത്ത് ബൗളര്‍മാരും തകര്‍ത്താടിയപ്പോള്‍ ഓവലിലെ മൈതാനത്ത് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യന്‍ ശിക്കാര്‍. ലോകകപ്പിലെ തങ്ങളുടെ രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ 36 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അശ്വമേധം തുടര്‍ന്നു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചിന് 352. ഓസ്‌ട്രേലിയ 50 ഓവറില്‍ 316-ന് എല്ലാവരും പുറത്ത്. ശിഖർ ധവാന്റെ സെഞ്ചുറിയും രോഹിതിന്റെയും കോലിയുടെയും അർധസെഞ്ചുറികളുമാണ് ഇന്ത്യയെ ലോകകപ്പിൽ ഓസ്‌ട്രേലിയയ്ക്കെതിരേ ഏറ്റവുമുയർന്ന സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ തകർത്തടിച്ച ഹാർദികും ധോനിയുമാണ് ഇന്ത്യൻ സ്കോർ 350 കടത്തിയത്. ഓസീസിനായി സ്റ്റോയിനിസ് 62 റൺസിന് രണ്ടുവിക്കറ്റെടുത്തു.

അടി... സർവം അടി

എല്ലാവരും അടിച്ചു, എല്ലാവരെയും അടിച്ചു... നാടൻ ഭാഷയിൽ പറഞ്ഞാൽ അതായിരുന്നു ഇന്ത്യൻ ഇന്നിങ്‌സിന്റെ ആകെത്തുക. ഒരു സെഞ്ചുറി, രണ്ട് അർധസെഞ്ചുറി... ടോപ് ഓർഡറിലെ മൂന്ന് ബാറ്റ്‌സ്‌മാൻമാരും തങ്ങളുടെ വേഷം ഗംഭീരമാക്കിയപ്പോൾ ഇന്ത്യൻ ഇന്നിങ്‌സിന്റെ അടിത്തറ ഉറച്ചു. പിന്നാലെയെത്തിയ ഹാർദിക് പാണ്ഡ്യ 177.77 സ്‌ട്രൈക്ക് റേറ്റിലും ധോനി 192.85 സ്‌ട്രൈക്ക് റേറ്റിലുമായി 41 പന്തിൽ അടിച്ചുകൂട്ടിയ 75 റൺസ് റൺ കോട്ടയുടെ ഉയരം കൂട്ടി. ഒടുവിൽ നേരിടാൻ കിട്ടിയ വെറും മൂന്ന് പന്തിൽ 366.66 സ്‌ട്രൈക്ക് റേറ്റിൽ ലോകേഷ് രാഹുലും 11 റൺസ് അടിച്ചതോടെ 350 റൺസെന്ന സുരക്ഷിതതാവളം തീർക്കാൻ ഇന്ത്യയ്ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാരെല്ലാം താളംകണ്ടതോടെ ഓസീസ് ബൗളർമാരിൽ പലർക്കും താളംതെറ്റി. പത്ത് ഓവറിൽ 55 റൺസ് മാത്രം വിട്ടുകൊടുത്ത കുമ്മിൻസാണ് കാര്യമായി അടിവാങ്ങാതിരുന്നത്. ബാക്കിയെല്ലാവരും ആറുറൺസിലേറെ ശരാശരിയിൽ അടിവാങ്ങിയപ്പോൾ ഏഴ്‌ ഓവറിൽ 62 റൺസ് വിട്ടുകൊടുത്ത സ്‌റ്റോയിനിസ് അവരിൽ ധൂർത്തനായി.

പവർപ്ലേയിലെ പവർ

ആദ്യ പത്ത് ഓവറിൽ 41 റൺസ് മാത്രം നേടിയിരുന്ന ഇന്ത്യ രണ്ടാം പവർപ്ലേയിൽ കളിയുടെ ഗിയർ മാറ്റി. പന്ത്രണ്ടാം ഓവറിൽ സാംപയെ രണ്ടുതവണ ബൗണ്ടറിയടിച്ച് ഇന്ത്യ ടോപ് ഗിയറിലേക്ക് മാറിയതോടെ ഓസീസ് ബൗളർമാരുടെ താളം മുറിഞ്ഞു. അടുത്ത പത്ത് ഓവറിൽ 71 റൺസാണ് ഇന്ത്യ അടിച്ചുകൂട്ടിയത്. എന്നാൽ, രോഹിതിന് പകരമെത്തിയ കോലി സൂപ്പർ ഷോട്ടുകൾക്ക് കഴിയാതെ തപ്പിത്തടഞ്ഞതോടെ ഇന്ത്യയ്ക്ക് കുറച്ചുനേരം ഡൗൺഗിയറിൽ സഞ്ചരിക്കേണ്ടിവന്നു. 21 മുതൽ 30 വരെയുള്ള പത്ത് ഓവറിൽ ഇന്ത്യയ്ക്ക് 59 റൺസ് മാത്രമാണ് നേടാനായത്. എന്നാൽ, മൂന്നാം പവർപ്ലേയിലെ അവസാന പത്ത് ഓവറിൽ ഇന്ത്യൻ ബാറ്റിങ് തകർപ്പൻ ഫോമിലായി. അവസാന പത്ത് ഓവറിൽ 116 റൺസാണ് ഇന്ത്യ വാരിക്കൂട്ടിയത്.

നാലാം നമ്പറിലെ ‘നമ്പർ’

ലോകകപ്പ് തുടങ്ങുന്നതിനുമുമ്പേ ഇന്ത്യയുടെ ആശങ്കയായിരുന്ന നാലാം നമ്പർ പൊസിഷനിലേക്ക് അപ്രതീക്ഷിതമായി ഹാർദികിനെ ഇറക്കിയ ക്യാപ്റ്റന്റെ ‘നമ്പർ’ ക്ലിക്കായതും ഇന്ത്യൻ ഇന്നിങ്‌സിൽ നിർണായകമായി. 37-ാം ഓവറിൽ രണ്ടാം വിക്കറ്റ് നഷ്ടമായതോടെ ഹാർദികിന് സ്ഥാനക്കയറ്റം നൽകാൻ കോലി തീരുമാനിക്കുകയായിരുന്നു. 27 പന്തിൽ നാലു ബൗണ്ടറിയും മൂന്നു സിക്സറും സഹിതം 48 റൺസ് അടിച്ച ഹാർദിക് ക്യാപ്റ്റന്റെ തീരുമാനത്തെ നൂറുശതമാനം ന്യായീകരിച്ചാണ് കളിച്ചത്. 14 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സറും സഹിതമാണ് ധോനി 27 റൺസ് നേടിയത്.

Content Highlights: icc cricket world cup, india beats australia