കൊവ്‌ലൂണ്‍: തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയുടെ പി.വി. സിന്ധു ഹോങ് കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണിന്റെ ഫൈനലില്‍.

ശനിയാഴ്ച നടന്ന സെമിയില്‍ തായ്‌ലന്‍ഡിന്റെ റച്ചനോക്ക് ഇന്റനോണിനെ (21-17, 21-17) തോല്‍പ്പിച്ചാണ് സിന്ധു കിരീടപോരാട്ടത്തിന് യോഗ്യതനേടിയത്. ടൂര്‍ണമെന്റിലെ രണ്ടാം സീഡായ സിന്ധു ഞായാറാഴ്ച ഫൈനലില്‍ ടോപ് സീഡ് ചൈനീസ് തായ്‌പേയിയുടെ ടായി സു യിങ്ങിനെ നേരിടും.

കഴിഞ്ഞവര്‍ഷവും ടൂര്‍ണമെന്റില്‍ ഇതേ താരങ്ങള്‍ തമ്മിലായിരുന്നു ഫൈനല്‍. അന്ന് വിജയം തായ്‌പേയ് താരത്തിനൊപ്പമായിരുന്നു.

43 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിന്റെ തുടക്കം സിന്ധുവിന്റെ മൂന്നു പോയന്റോടെയായിരുന്നു. പിന്നീട് സിന്ധു 11-7, 14-7 എന്നിങ്ങനെ ലീഡുയര്‍ത്തി. സ്‌കോര്‍ 20-13ല്‍ നില്‍ക്കേ തുടരെ നാലു പോയന്റ് നേടി തായ് താരം തിരിച്ചുവരാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ സിന്ധുവിനെ (6-6) ഒപ്പംപിടിക്കാന്‍ ഇന്റനോണിനായി. എന്നാല്‍, തുടരെ ആറു പോയന്റ് നേടി സിന്ധു (12-6) മുന്നിലെത്തി. പിന്നീട് പൊരുതിയ ഇന്റനോണ്‍ ഗെയിം 16-14ലേക്കെത്തിച്ചു. എന്നാല്‍, ജയിക്കാനുള്ള കരുത്തുണ്ടായിരുന്നില്ല. 21-17ന് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി സിന്ധു ഫൈനലിലെത്തി.